city-gold-ad-for-blogger
Aster MIMS 10/10/2023

ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍

ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍

ബ്ലേഡ് ഒരു കുടംബത്തിന്റെ കൂടി കഴുത്തറുത്തിരിക്കുകയാണ്. ഒട്ടേറെ കഴുത്തുകള്‍ വെട്ടി മാറ്റിയ ബ്ലേഡ് ഇപ്പോ­ഴും അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. അ­തിനെ ആര് പിടിച്ചു കെട്ടും എന്ന ചോദ്യം ഒരിക്കല്‍കൂടി ഉയരുന്നു. ബ്ലേഡിനും ആത്മഹത്യയ്ക്കുമെതിരെ വര്‍ഷങ്ങളായി ശബ്ദം ഉയരുന്നുണ്ടെങ്കിലും അതൊന്നും എവിടെയും ഏശുന്നില്ല എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

കാസര്‍കോട് കെല്ലില്‍ ഇലക്ട്രീഷ്യനും കുഡ്‌­ലുവില്‍ താമസക്കാരനുമായ സോണിക്കുട്ടി ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊന്ന് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത് ബ്ലേഡിനെ ഭയന്നാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അരക്കോടി രൂപയുടെ കുരുക്കിലാണ് സോണിക്കുട്ടി ചെന്നു പെട്ടിരിക്കുന്നത്. ആ പണം നല്‍കി ബ്ലേഡുകാരുടെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള സാമ്പത്തിക ശേഷി സോണിക്കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കമെങ്കിലും അദ്ദേഹം ആ വഴിക്കല്ല ചിന്തിച്ചത്. മൂന്ന് കൊലപാതകങ്ങള്‍ നടത്താനും അതിനു ശേഷം ആത്മഹത്യ ചെയ്യാനുമാണ്.

ഇത് നമ്മുടെ നാട്ടില്‍ നടന്ന ആദ്യത്തെ സംഭ­വമൊന്നുമല്ല. നിരവധി കുടുംബനാഥന്മാര്‍ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും കൂട്ടക്കൊല ചെയ്ത ആത്മഹത്യയുടെ 'ശാന്തിതീരം' തേടിപ്പോയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ജില്ലയിലെ പെരുമ്പളയില്‍ ഗൃഹനാഥന്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം വീടിന് തീവെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ തന്നെയാണ് ആ കടുംകൈക്കും പ്രേരണയായത്. ഇത്തരം വാര്‍ത്തകള്‍ ദിനേനയെന്നോണം സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതൊക്കെ കണ്ടും വായിച്ചും മനസാക്ഷി മരവിച്ചവരായി കേരളീയര്‍ മാറിക്കൊണ്ടിരിക്കുന്നു. ഒരു സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് മോചനം തേടിക്കൊണ്ടിരിക്കുമ്പോള്‍ അതിനേക്കാളും വലിയ ദുരന്തമാണ് പിന്നീടുണ്ടാവുന്നത്.

പണം ആളെ കൊല്ലിയാണെന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍ പണ്ട് പറഞ്ഞിട്ടുണ്ട്. അലഞ്ഞു തിരിയുന്നതിനിടെ കുറ്റിക്കാട്ടില്‍ സ്വര്‍ണവും വിലകൂടിയ രത്‌­നങ്ങളും പണവും അടങ്ങിയ കിഴി കണ്ട് അദ്ദേഹം പാമ്പിനെ കണ്ടതുപോലെ ഭയന്ന് ഓടുകയായിരുന്നു. പണം കൈക്കൊണ്ട് തൊടാനുള്ളതല്ലെന്നും അത് ആളെ കൊല്ലുമെന്നും ആയിരുന്നു പാക്കനാരുടെ ന്യായം. ബ്ലേഡ് ഇടപാടും ഏതാണ്ട് പാക്കനാര്‍ പറഞ്ഞതു പോലെ തന്നെയാണ്. ഒരിക്കല്‍ അതിന്റെ കെണിയില്‍ പെട്ടു പോയാല്‍ പിന്നെ അത് ജീവനും കൊണ്ട് മാത്രമെ തിരിച്ചു പോവുകയുള്ളൂ. കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് മാഫിയകള്‍ പിന്നീട് പണം വാങ്ങിയവരുടെ പലിശ മാത്രമല്ല, അവരുടെ രക്തവും മാംസവും ഒടുവില്‍ ജീവനും തന്നെ നക്കിത്തിന്നു­ന്ന രക്തരക്ഷസുകളായി രൂപാന്തരപ്പെടുകയാണ്. ഇത് തിരിച്ചറിഞ്ഞ ചില സംഘടനകള്‍ പലിശയ്‌­ക്കെതിരെ കുരിശ് യുദ്ധം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബ്ലേഡ് മാഫിയയെ നിലംപരിശാക്കാന്‍ അതുകൊണ്ടൊന്നും കഴിഞ്ഞില്ല.

ബ്ലേഡ് നിര്‍മാര്‍ജന സമിതിയെന്ന പേരില്‍ ഒരു സന്നദ്ധ സംഘടന തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ബ്ലേഡിന് ഇരയായി ആത്മഹത്യയുടെ വക്കിലേക്ക് നടന്നടുക്കുന്ന ചിലരെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാന്‍ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനല്ല ഇതു പറഞ്ഞത്. ഏത് സമരങ്ങളെയും തോല്‍പിക്കാനുള്ളത്ര കരുത്തോടെയാണ് ബ്ലേഡ് മാഫിയ തഴച്ചു വളരുന്നതെന്ന് ബോധ്യപ്പെടുത്താനാണ്.

ഏത് സാഹചര്യത്തിലാണെങ്കിലും ആത്മഹത്യയെ ആരും ന്യായീകരിക്കുന്നില്ല. ദ­യാവധം പോലും അനുവദിക്കാന്‍ നമ്മുടെ നീതിന്യായ പീഠങ്ങള്‍ തയ്യാറായിട്ടില്ല. ഇസ്‌­ലാം മതവും ക്രിസ്തു മതവും ഹിന്ദു മതവുമെല്ലാം ആത്മഹത്യയെ പാപമായി കാണുന്നു. അതേസമയം ന്യായത്തിനും നീതിക്കും സത്യത്തിനും വേണ്ടി പൊരുതി മരിക്കുന്നതിനെ മേല്‍പറഞ്ഞ മതങ്ങളെല്ലാം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പലിശയെ മതങ്ങള്‍ വളരെയധികം വെറുക്കുന്നു. ഈ സാഹചര്യത്തിലും ഇവിടെ ആത്മഹത്യയ്ക്കും പലിശയ്ക്കും ബ്ലേഡിനും കുറവില്ലതാനും.

പിഞ്ചു കുട്ടികളടക്കം കുടുംബാംഗങ്ങളെ മൊത്തം നിഷ്ഠൂരമായി വകവരുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ അടുത്തകാലത്തായാണ് ഇത്രയും വര്‍ധിച്ചത്. സ്ത്രീകളും പലപ്പോഴും കൊലയാളികളായി മാറി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കുറവല്ല. സ്വന്തം ജീവനെടുക്കാന്‍ പോലും ദൈവം ആര്‍ക്കും അധികാരം നല്‍കുന്നില്ല. അപ്പോള്‍ മറ്റുള്ളവരുടെ ജീവനെടുക്കുന്നത് എന്തിന്റെ പിന്‍ബലത്തിലാണ് എന്നത് മനുഷ്യന്റെ ആലോചനകള്‍ക്കും അപ്പുറത്താണ്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ ഈയിടെ ഉറക്ക ഗുളിക കഴിച്ച് സ്­കൂള്‍ പറമ്പില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ഒട്ടേറെ രോഗികള്‍ക്ക് മാനസികമായ ആരോഗ്യം പകര്‍ന്നു നല്‍കിയ അദ്ദേഹം ആത്മഹത്യയില്‍ അഭയം പ്രാപിച്ചത് മാനസിക സമ്മര്‍ദം താങ്ങാനാവാതെയാണെന്ന് അറിയുമ്പോഴാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളുടെ ഉത്തരം കണ്ടെത്താനാവാതെ നാം നിസ്സഹായരാകുന്നത്. അപ്പോഴും ഒന്നോര്‍ക്കണം, ജീവിതം അങ്ങനെ തല്ലിയുടക്കാനുള്ളതല്ല, അത് മരണംവരെ ജീവിച്ച് തീര്‍ക്കാനുള്ളതും കുടംബത്തെയും സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ളതും ആണെന്ന്. അതിന് തടസമാവുന്ന ഏത് സംവിധാനങ്ങളെയും പൊരുതി തോല്‍പിക്കാനുള്ളതും, അല്ലാ­ത്ത­വ­യൊ­ക്കെ ഭീ­രു­ത്വമാണെന്നതും.

Related News:

ജെ­റി­ന്റെയും ജു­വ­ലി­ന്റെയും ദാ­രു­ണാ­ന്ത്യത്തില്‍ വി­തു­മ്പി ജ­യ്­മാ­താ സ്­കൂള്‍

സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം

ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍
-രവീന്ദ്രന്‍ പാടി

Keywords:  Article, suicide, Kasaragod, Blade mafia, Family, Suicide, Caste, Doctor, Students, Ravindran Pady, Suicide attempts and other issue

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL