Development | പെരിയ എയർസ്ട്രിപ്പ് യാഥാർഥ്യത്തിലേക്ക്; കേന്ദ്രാനുമതിക്കായി കാത്തിരിപ്പ്; ബേക്കൽ ടൂറിസത്തിന് കൂടുതൽ കുതിപ്പേകും

● ടൂറിസം വികസനത്തിന് എയർസ്ട്രിപ്പ് അനിവാര്യമാണെന്ന് പി എ മുഹമ്മദ് റിയാസ്.
● 2011-ൽ സംസ്ഥാന സർക്കാർ എയർസ്ട്രിപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു.
● കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ നൽകി
● തുടർനടപടികൾ വേഗത്തിലാക്കുമെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ
കാസർകോട്: (KasargodVartha) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ പെരിയ എയർസ്ട്രിപ്പ് യാഥാർത്ഥ്യമാകുമെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കലിന്റെ വികസനത്തിന് എയർസ്ട്രിപ്പ് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
ബേക്കലിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ ടൂറിസം വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ബി.ആർ.ഡി.സി നടപ്പാക്കുന്ന പദ്ധതികൾ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നു. സമീപകാലത്ത് കൂടുതൽ സ്റ്റാർ ഹോട്ടലുകൾ ആരംഭിച്ചത് ഈ മേഖലയുടെ വളർച്ചയ്ക്ക് സഹായകമായി. ഈ സാഹചര്യത്തിൽ ബേക്കൽ എയർസ്ട്രിപ്പ് പദ്ധതിയുടെ പ്രാധാന്യം വർധിക്കുകയാണ്.
2011 ഫെബ്രുവരി 14-ലെ സർക്കാർ ഉത്തരവ് പ്രകാരം ബേക്കലിനടുത്തുള്ള പെരിയയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ടൂറിസം വകുപ്പിനും ബി.ആർ.ഡി.സി-ക്കും പുറമെ ഏവിയേഷൻ ചുമതലയുള്ള ഗതാഗത വകുപ്പും ജില്ലാ ഭരണകൂടവും കിഫ്ബിയും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ എയർസ്ട്രിപ്പ് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു.
സ്വപ്നം ചിറകുവിരിക്കുന്നു; കാസർകോടിൻ്റെ ആകാശയാത്ര മോഹങ്ങൾക്ക് പച്ചക്കൊടി; പെരിയ ചെറുവിമാനത്താവളം പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകി
ഈ വാർത്ത പങ്കുവെക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The efforts to realize the airstrip at Periya in Kasaragod are progressing. The project will start as soon as the approval of the Central Aviation Ministry is received. This project will give a new boost to Bekal tourism.
#PeriyaAirstrip #BekalTourism #KeralaTourism #Development #Infrastructure #Travel