city-gold-ad-for-blogger

നഗ്നനേത്രങ്ങൾ കൊണ്ട് കാണാം! ചൈനീസ് ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് കേരളത്തിന് മുകളിൽ ദൃശ്യമാകും; കൃത്യമായ സമയവും യാത്രാപഥവും അറിയാം

Chinese space station Tiangong to be visible over Kerala skies this evening; know the exact time and trajectory
Photo Credit: X/ ISS Detector

● കേരളത്തിൻ്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിൽ നിന്നായിരിക്കും നിലയം പ്രത്യക്ഷപ്പെടുക
● വടക്കൻ മലബാർ തൊട്ട് കേരളത്തിനു മുകളിലായി നിലയം തെക്കോട്ടു നീങ്ങും
● 7.30-ന് തെക്കൻ തമിഴ്‌നാടും കടന്ന് 7.31-ഓടെ ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങും
● ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് ഇതിൻ്റെ യാത്രാപഥം
● ഇംഗ്ലീഷ് അക്ഷരമായ 'T' ആകൃതിയിൽ തുമ്പിയെപ്പോലെയാണ് ഈ നിലയം തോന്നിക്കുക
● സൂര്യനും ചന്ദ്രനും ഐഎസ്എസും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ളത് ടിയാങ്ഗോങ്ങിനാണ്

തിരുവനന്തപുരം: (KasargodVartha) രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറമെ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ഗോങ്ങും (Tiangong) കേരളത്തിൽ ദൃശ്യമാകും. 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7.26-ന് കേരളത്തിൻ്റെ ആകാശത്തെത്തുന്ന ഈ ചൈനീസ് നിലയം 7.30 വരെ കാണാം.

കഴിഞ്ഞ മൂന്ന് വർഷമായി ഭൂമിയെ ചുറ്റിക്കറങ്ങുന്ന ടിയാങ്ഗോങ് മുൻപും കേരളത്തിൽ ദൃശ്യമായിട്ടുണ്ടെങ്കിലും കേരളത്തിലുടനീളം ഇത്ര വ്യക്തമായി ദൃശ്യമാകുന്നത് വിരളമാണ്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലാണ് യാത്രാപഥം. മൂന്ന് ചൈനക്കാരാണ് വിവിധ പരീക്ഷണ നിരീക്ഷണങ്ങളുമായി നിലവിൽ ടിയാങ്ഗോങ് നിലയത്തിലുള്ളത്. ശാസ്ത്രവിദ്യാർഥികൾക്കും വാനനിരീക്ഷകർക്കും നിലയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

യാത്രാപഥവും ദൃശ്യമാകുന്ന സമയവും

കേരളത്തിലുടനീളമുള്ളവർക്ക് വെള്ളിയാഴ്ച വൈകിട്ട് 7.26 മുതൽ നാല് മിനിറ്റോളമാണ് നഗ്നനേത്രങ്ങൾ കൊണ്ട് ടിയാങ്ഗോങ് കാണാനാവുക. രാത്രി 7.26-ന് കേരളത്തിൻ്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലുള്ള ഭാഗത്താണ് ടിയാങ്ഗോങ് ആദ്യം പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി കൊങ്കൺ തീരത്തും ഇത് ദൃശ്യമാകും.

നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം 7.26-ന് വടക്കൻ മലബാർ തൊട്ട് കേരളത്തിനു മുകളിലായി തെക്കോട്ടു നീങ്ങിക്കൊണ്ടിരിക്കും. ഈ സമയത്തായിരിക്കും കേരളത്തിലുടനീളമുള്ളവർക്ക് ടിയാങ്ഗോങ് വ്യക്തമായി ദൃശ്യമാവുക. 7.30-ന് തെക്കൻ തമിഴ്‌നാടും കടന്ന് 7.31-ന് ടിയാങ്ഗോങ് ശ്രീലങ്കയ്ക്ക് മുകളിലേക്ക് നീങ്ങും. ഇതോടെ കേരളീയരുടെ നഗ്നനേത്രങ്ങളിൽ നിന്ന് ഇത് പൂർണമായും അപ്രത്യക്ഷമാകും. ആകാശത്ത് കാർമേഘങ്ങൾ ഇല്ലെങ്കിൽ ഈ ദൃശ്യം വ്യക്തമായി കാണാൻ സാധിക്കും.

ഐഎസ്എസിന് ഒപ്പത്തിനൊപ്പം

ഇംഗ്ലീഷ് അക്ഷരമായ 'T' ആകൃതിയിൽ നിർമിച്ച ഈ ചൈനീസ് നിലയം കാഴ്ചയിൽ ഒരു തുമ്പിയെപ്പോലെയാണ് തോന്നിക്കുക. ആകാശത്തെ തിളക്കം നോക്കി ബഹിരാകാശ നിലയത്തെ വേഗത്തിൽ തിരിച്ചറിയാം. ആകാശത്ത് ഇപ്പോൾ സൂര്യനും ചന്ദ്രനും ഐഎസ്എസും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിനാണ്.

ശുക്രനോളം വലുപ്പവും അതിനേക്കാൾ കുറഞ്ഞ തിളക്കവുമായാണ് ഇതിൻ്റെ സഞ്ചാരം. പ്രയാണവേഗത്തിൽ ഐഎസ്എസും ടിയാങ്ഗോങ്ങും ഒപ്പത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. ടെലിസ്കോപ്പുകളുടെയോ മറ്റ് ഉപകരണങ്ങളുടെയോ സഹായമില്ലാതെ തന്നെ സാധാരണക്കാർക്ക് ഈ ബഹിരാകാശ വാഹനം കാണാൻ കഴിയും.

ബഹിരാകാശ കൊട്ടാരം

നിലവിൽ രണ്ട് നിലയങ്ങളാണ് ബഹിരാകാശത്തുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയവും ചൈനയുടെ ടിയാങ്ഗോങ്ങും. നാസ നേതൃത്വം കൊടുക്കുന്ന ഐഎസ്എസിൽ ചൈനക്കാരെ സഹകരിപ്പിക്കാത്തതിലെ പ്രതിഷേധമായാണ് ചൈന സ്വന്തമായി ഒരു നിലയം നിർമിച്ചത്. ബഹിരാകാശ കൊട്ടാരമെന്നാണ് 'ടിയൻഗോങ്' എന്ന വാക്കിൻ്റെ അർഥം.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Chinese space station Tiangong to be visible over Kerala skies today.

#Tiangong #SpaceStation #ChinaSpace #AstronomyKerala #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia