ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച: ക്രോസ് വോട്ട് തടയാൻ ഭരണ, പ്രതിപക്ഷ മുന്നണികൾ നിർണായക നീക്കങ്ങൾ തുടങ്ങി, അത്താഴ വിരുന്നും മോക്ക് പോളും സജീവം
● ഭരണപക്ഷം എംപിമാർക്ക് അത്താഴവിരുന്നൊരുക്കി.
● പ്രതിപക്ഷം എംപിമാർക്കായി മോക്ക് പോൾ നടത്തി.
● സി പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി.
● പ്രതിപക്ഷ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിയാണ്.
● 782 എംപിമാരാണ് ഇലക്ട്രൽ കോളേജിലുള്ളത്.
ന്യൂഡൽഹി: (KasargodVartha) രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. ഇതിന് മുന്നോടിയായി ക്രോസ് വോട്ട് തടയാൻ ഭരണപക്ഷത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെയും നിർണായക യോഗങ്ങൾക്ക് ഞായറാഴ്ച രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു. ഇത് ക്രോസ് വോട്ട് നടന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയിട്ടുണ്ട്.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് പുറമെ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെയുള്ള എംപിമാരടങ്ങിയ ഇലക്ട്രൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. പാർട്ടി വിപ്പ് ബാധകമല്ലാത്തതിനാൽ വോട്ട് ചോർച്ചയോ ക്രോസ് വോട്ടിങ്ങോ ഉണ്ടാകാതിരിക്കാൻ പഴുതടച്ച നീക്കങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്.
ഇതിനായി തിങ്കളാഴ്ച ഭരണകക്ഷി എംപിമാർക്ക് പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നൊരുക്കിയിരുന്നു. പ്രതിപക്ഷമാകട്ടെ അംഗങ്ങൾക്ക് മോക്ക് പോളും ഒരുക്കിയത് ശ്രദ്ധേയമാണ്.
ആർഎസ്എസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ സി പി രാധാകൃഷ്ണൻ എൻഡിഎയുടെയും, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢി പ്രതിപക്ഷത്തിൻ്റെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥികളായാണ് മത്സര രംഗത്തുള്ളത്. മൊത്തം 782 എംപിമാരടങ്ങിയതാണ് ഇലക്ട്രൽ കോളേജ്.
ഇതിൽ 438 അംഗങ്ങളുടെ വ്യക്തമായ മേൽക്കൈ എൻഡിഎക്കുള്ളതിനാൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഭരണപക്ഷം പറയുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലടക്കം എൻഡിഎയിൽ ഉണ്ടായിട്ടുള്ള പടലപിണക്കങ്ങളും ടിഡിപി നിലപാടും അട്ടിമറി തള്ളിക്കളയാനാവില്ലെന്ന് പ്രതിപക്ഷവും കരുതുന്നുണ്ട്.
പാതിവഴിയിൽ രാജിവെച്ചൊഴിഞ്ഞ ജഗദീപ് ധൻകർ, കേന്ദ്ര മന്ത്രിസഭയിൽ ഇടഞ്ഞുനിൽക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ നീക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. അസാധു വോട്ടുകളും തിരഞ്ഞെടുപ്പിൽ നിർണായകമാണ്.
1984-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 30 വോട്ടുകൾ അസാധുവായിരുന്നു. 1997-ലെ തിരഞ്ഞെടുപ്പിലെ അസാധു വോട്ടുകളുടെ എണ്ണം 46 ആയി ഉയർന്നിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ അസാധു വോട്ടുകളുടെ എണ്ണം പത്തിന് താഴെയായിരുന്നു.
ഇന്ത്യയിൽ വോട്ടെടുപ്പിലൂടെ ആദ്യം ഉപരാഷ്ട്രപതിയായത് ഡോ സക്കീർ ഹുസൈനാണ്. രാജ്യത്ത് ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ഉപരാഷ്ട്രപതി മലയാളിയായ കെ ആർ നാരായണനാണ്. അന്ന് പോൾ ചെയ്യപ്പെട്ട 711-ൽ 700 വോട്ടും കെ ആർ നാരായണൻ നേടിയിരുന്നു.
അതേസമയം, 2017-ൽ എൻഡിഎ നടത്തിയ മോക്ക് പോളിൽ നല്ലൊരു ശതമാനം വോട്ടുകൾ അസാധുവായത് ഏറെ ചർച്ചയായിരുന്നു. അന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ അതൃപ്തി പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് തിങ്കളാഴ്ച അംഗങ്ങൾക്ക് മോക്ക് പോൾ ഒരുക്കിയിരിക്കുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കൂ. ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: India to elect its 15th Vice President amid concerns of cross-voting.
#VicePresidentialElection #IndianPolitics #Parliament #Election2025 #CPRadhakrishnan #BSudarsanaReddy






