നീലേശ്വരം: വി എസിന്റെ സ്വന്തം തട്ടകവും പേരിൽ ഒരു ഓട്ടോ സ്റ്റാൻഡും
● വി.എസ്. അഴിമതിക്കെതിരെയും കയ്യേറ്റങ്ങൾക്കെതിരെയും പോരാടി.
● മൂന്നാർ ദൗത്യ സംഘത്തെ നിയമിച്ച് കയ്യേറ്റങ്ങൾ തടഞ്ഞു.
● വി.എസ്. ഓട്ടോറിക്ഷ സ്റ്റാൻഡ് നീലേശ്വരത്തെ ശക്തികേന്ദ്രം.
● പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ശേഷം സ്റ്റാൻഡ് പുനഃസ്ഥാപിക്കുമോ?
നീലേശ്വരം: (KasargodVartha) അന്തരിച്ച മുൻ മുഖ്യമന്ത്രിയും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്വന്തം തട്ടകമാണ് നീലേശ്വരം. അദ്ദേഹത്തെ ഇത്രയേറെ തീവ്രമായി സ്നേഹിക്കുന്ന പാർട്ടി പ്രവർത്തകർ മറ്റെവിടെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. വി.എസിന് 2006ലും 2011ലും സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ആദ്യമായി പ്രതിഷേധ പ്രകടനം നടത്തിയത് നീലേശ്വരത്തായിരുന്നു.
അഴിമതിക്കെതിരെയും കാട്ടുകൊള്ളക്കാർക്കെതിരെയും നീതി നിഷേധത്തിനെതിരെയുമുള്ള വി.എസിന്റെ നിരന്തര പോരാട്ടമാണ് അദ്ദേഹത്തെ ജനകീയ നേതാവായി വളർത്തിയത്. മതികെട്ടാൻ മല കയറി കാട്ടുകൊള്ളക്കാർക്കെതിരെയും മരംമുറിക്കാർക്കെതിരെയും അദ്ദേഹം നടത്തിയ ശ്രമങ്ങൾ കേരളം ഒന്നാകെ പിന്തുണയ്ക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസിനെ ഒഴിവാക്കിക്കൊണ്ട് സി.പി.എം. നേതൃത്വം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ അതിനെതിരെ കേരളത്തിലുടനീളം വലിയ പ്രതിഷേധമാണ് അലയടിച്ചുയർന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് നീലേശ്വരം നഗരത്തിൽ പാർട്ടി പ്രവർത്തകരും അണികളും പ്രകടനം നടത്തി. ഓട്ടോറിക്ഷ തൊഴിലാളികളായിരുന്നു ഇതിന്റെ മുൻപന്തിയിലുണ്ടായിരുന്നത്. പിന്നീട് ഇത് മാതൃകയാക്കി സംസ്ഥാനത്തുടനീളം പ്രകടനങ്ങൾ നടന്നു.
തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലുണ്ടായ ഈ പ്രതിഷേധം പാർട്ടിയുടെ സാധ്യതകളെത്തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെട്ട നേതൃത്വം ചരിത്രത്തിൽ ആദ്യമായി സ്ഥാനാർത്ഥി പട്ടിക തിരുത്തുകയും മലമ്പുഴയിൽ വി.എസിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്യുകയായിരുന്നു.
ആ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് അദ്ദേഹം നേടിയെടുത്തത്. അതോടെ വി.എസിനെ മുഖ്യമന്ത്രിയാക്കാതെ പാർട്ടി നേതൃത്വത്തിന് നിർവാഹമില്ലാത്ത അവസ്ഥയായിരുന്നു.
മുഖ്യമന്ത്രിയായ ശേഷവും വി.എസ്. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടർന്നു. മൂന്നാർ ദൗത്യ സംഘത്തെ നിയമിച്ച് കയ്യേറ്റക്കാർക്കെതിരെയുള്ള നടപടികളും തുടങ്ങി. പാർട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു വി.എസിന്റെ ഓരോ തീരുമാനവും. പാർട്ടി ഓഫീസ് വരെ കയ്യേറി കിട്ടിയതാണെന്ന് കണ്ടെത്തിയതോടെ ദൗത്യം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
2011ലും വി.എസിന് സീറ്റ് നിഷേധിക്കാൻ സാധ്യതയുണ്ടെന്ന് വന്നതോടെ അന്നും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. നീലേശ്വരത്തെ വി.എസ്. പക്ഷക്കാർക്കെതിരെ അന്ന് പാർട്ടി ഔദ്യോഗിക നേതൃത്വം പലവിധത്തിലുള്ള പ്രതികാര നടപടികളും സ്വീകരിച്ചപ്പോഴും അതിലൊന്നും അവർ കുലുങ്ങിയിരുന്നില്ല.
വി.എസിന് വേണ്ടി ഏത് അറ്റം വരെ പോകാനും അവർ തയ്യാറായിരുന്നു. വി.എസിനെ അനുകൂലിച്ചതിന്റെ പേരിൽ പലപ്പോഴും അവർക്ക് കൈപ്പേറിയ അനുഭവങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. വി.എസ്. പക്ഷക്കാരെ സ്ഥാനമാനങ്ങളിൽ നിന്ന് വെട്ടിനിരത്തുക എന്ന സമീപനം പോലും ഉണ്ടായിരുന്നു. എന്നിട്ടും അവർ വി.എസിനുവേണ്ടി പിടിച്ചുനിൽക്കുകയായിരുന്നു.
നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വി.എസ്. ഓട്ടോറിക്ഷ സ്റ്റാൻഡ് ആയിരുന്നു അവരുടെ ശക്തികേന്ദ്രം. ഈ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും വി.എസിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യാൻ പലരീതിയിലും ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല.
ഏറ്റവും ഒടുവിൽ നീലേശ്വരം ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി പുതിയ ബസ് സ്റ്റാൻഡ് കെട്ടുന്നതിന്റെ ഭാഗമായാണ് ഇവിടെ നിന്ന് ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റിയത്. അതോടെയാണ് ഫ്ലെക്സ് ബോർഡ് ഇവിടെ നിന്ന് മാറ്റേണ്ടി വന്നത്. നിർമാണം അവസാന ഘട്ടത്തിലെത്തിയ ബസ് സ്റ്റാൻഡ് കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി വി.എസ്. ഓട്ടോറിക്ഷ സ്റ്റാൻഡ് ഇവിടെ പുനർനിർമിക്കപ്പെടുമോ എന്നതാണ് കണ്ടറിയേണ്ടത്.
Also Read: വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ ആവേശപൂര്‍വം നേതാവിന്റെ പിറന്നാള്‍ ആഘോഷം
നീലേശ്വരത്തെ വി.എസ്. അച്യുതാനന്ദന്റെ സ്വാധീനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Nileshwaram is V.S. Achuthanandan's stronghold, featuring an auto stand named after him.
#VSAchuthanandan #Nileshwaram #KeralaPolitics #CPIM #AutoStand #PoliticalLegacy






