കരൂർ ദുരന്തം: വിജയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
● നാഗപട്ടണം സ്വദേശിയും ഡി.എം.കെ. പ്രവർത്തകനുമായ ഭരത് രാജ് ആണ് മരിച്ചത്.
● ടി.വി.കെ. പ്രവർത്തകരുമായി തർക്കമുണ്ടാവുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിരുന്നു
● ഭീഷണിപ്പെടുത്തുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
● വിഡിയോ പകർത്തി പ്രചരിപ്പിച്ച നാല് ടി.വി.കെ. പ്രാദേശിക ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.
ചെന്നൈ: (KasargodVartha) കരൂർ സംഭവത്തിൽ നടൻ വിജയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗപട്ടണം സ്വദേശിയായ ഭരത് രാജിനെ 20)യാണ് പ്രദേശത്തെ ഷെഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് ടി.വി.കെ. (തമിഴക വെട്രി കഴകം) പ്രവർത്തകരുമായുണ്ടായ തർക്കവും ഭീഷണിയുമാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
ഭരത് രാജ് പ്രതാപരാമപുരം ഗ്രാമത്തിലെ പ്രധാന ചുമരുകളിലാണ് പോസ്റ്ററുകൾ പതിച്ചിരുന്നത്. ഈ സമയം ഇവിടെയെത്തിയ ടി.വി.കെ. പ്രവർത്തകരുമായി ഭരത് രാജിന് തർക്കമുണ്ടാവുകയും, അവർ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർ ഭീഷണിപ്പെടുത്തുന്നതിൻ്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ, ഭരത് രാജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെയാണ് യുവാവ് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്.
നാല് ടിവികെ പ്രവർത്തകർക്കെതിരെ കേസ്
യുവാവിൻ്റെ വിഡിയോ പകർത്തി പ്രചരിപ്പിച്ച ടി.വി.കെ. പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസ് പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. മരിച്ച ഭരത് രാജ് ഡി.എം.കെ. പ്രവർത്തകനാണ്. രാഷ്ട്രീയ ഭീഷണിക്ക് ഇരയായ ഡി.എം.കെ. പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത് നാഗപട്ടണത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ബിജെപിക്കെതിരെ സ്റ്റാലിൻ
കരൂർ ദുരന്തത്തെ ബി.ജെ.പി. രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള സമാനമായതോ അതിലും മോശമായതോ ആയ ദുരന്തങ്ങളിൽ മൗനം പാലിക്കുന്ന ബി.ജെ.പി. കരൂർ ദുരന്തത്തിനു പിന്നാലെ വേഗത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെയും സ്റ്റാലിൻ ചോദ്യം ചെയ്തു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Youth who posted posters against actor Vijay after the Karur tragedy was found dead after being threatened by TVK workers.
#KarurTragedy #Vijay #TVK #BharatRaj #Suicide #PoliceCase






