റാസൽഖൈമ വാഹനാപകടത്തിൽ അട്ടേങ്ങാനം സ്വദേശിയും മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി, കോൺസുലേറ്റ് ഹെൽപ് ലൈൻ തുറന്നു
● അമ്പലത്തറ അട്ടേങ്ങാനം സ്വദേശി അശ്റഫാണ് മരിച്ചത്
● ദുബൈയിലുള്ള മകൻ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്
● വിനോദ് കുമാർ, ജിഗ്നേഷ്, ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
● അടിയന്തര സഹായത്തിനായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂർ ടോൾ ഫ്രീ ഹെൽപ് ലൈൻ (800 46342) തുറന്നു
കാഞ്ഞങ്ങാട്: (KasargodVartha) യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്പലത്തറ അട്ടേങ്ങാനം സ്വദേശിയും മരിച്ചു. കള്ളാറിൽ താമസിക്കുന്ന അട്ടേങ്ങാനത്തെ അശ്റഫ് (53) ആണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനിടെയാണ് അശ്റഫിൻ്റെ മരണം സ്ഥിരീകരിച്ചത്.
ദുബൈയിലുള്ള മകൻ ആശുപത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദീർഘകാലം മാണിക്കോത്ത് കച്ചവടം നടത്തിയിരുന്ന അശ്റഫ് പിന്നീട് വിദേശത്തേക്ക് പോയിരുന്നു. ഒമാനിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അവധി കഴിഞ്ഞ് അടുത്തിടെയാണ് അശ്റഫ് വിദേശത്തേക്ക് തിരിച്ചുപോയത്.
ഭാര്യ: ജമീല. മക്കൾ: ശറഫുദ്ദീൻ, അശ്രിഫ, പരേതരായ അജ്മൽ, അസ്കര്‍.
മരിച്ച മലയാളികളുടെ എണ്ണം 3 ആയി; ആകെ 13 മരണം
അപകടത്തിൽ മരിച്ച മട്ടന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് (26), തലശ്ശേരി പുതിയകാവ് സ്വദേശി ഹേമന്ത് (29) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അശ്റഫിൻ്റെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ റാസൽഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 3 ആയി.
അപകടത്തിൽ മരിച്ച ആന്ധ്രപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്.
അടിയന്തര നടപടികളുമായി ഇന്ത്യൻ കോൺസുലേറ്റ്; ഹെൽപ് ലൈൻ സജ്ജം
അപകടത്തെ തുടർന്ന് യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തര നടപടികൾ ആരംഭിച്ചു. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അറിയിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കോൺസുലേറ്റിനൊപ്പം പ്രവാസി സംഘടനകളും രംഗത്തുണ്ട്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും അടിയന്തര സഹായം നൽകുന്നതിനുമായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ് ലൈൻ സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kanhangad Attenganam native Ashraf (53) is confirmed dead in the Ras Al Khaimah bus-truck collision, taking the Malayali death toll to three and the total casualties to 13, as the Indian Consulate opens a 24-hour helpline.
#KasaragodNews #RasAlKhaimahAccident #UAENews #GulfNews #Kanhangad #IndianConsulateUAE #MalayalamNews #RenuNews






