city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്-കര്‍ണാടക സ്ഥിരം യാത്ര; ആര്‍ ടി-പി സി ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന

കാസര്‍കോട്: (www.kasargodvartha.com 13.08.2020) സര്‍ക്കാര്‍ അംഗീകരിച്ച റെഗുലര്‍ പാസ് എന്ന സംവിധാനത്തിലൂടെ മാത്രമേ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള സ്ഥിരം യാത്ര അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. ഇതിനായി ഏഴ് ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന മുന്‍ യോഗങ്ങളിലെ തീരുമാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം മാറ്റം വരുത്തുന്നതിനും, ഇനി മുതല്‍ ആര്‍ ടി-പി സി ആര്‍ പരിശോധന നടത്തി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 21 ദിവസം കാലാവധിയുള്ള പാസ് അനുവദിക്കുന്നതിനും തീരുമാനിച്ചു. 21 ദിവസത്തിനു ശേഷം വീണ്ടും ആര്‍ ടി -പി സിആര്‍ പരിശോധന നടത്തേണ്ടതും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ആര്‍-ടി പി സി ആര്‍ പരിശോധന

കര്‍ണാടകയിലേക്ക് ദിവസേന യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമുള്ള കാസര്‍കോട് ജില്ലക്കാരായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആര്‍-ടി പി സി ആര്‍ പരിശോധന സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മറ്റുള്ളവര്‍ സ്വന്തം ചെലവില്‍, ജില്ലയിലെയോ കര്‍ണാടകയിലെയോ ആശുപത്രികളില്‍ നിന്ന് ഈ പരിശോധന നടത്തണം. ഇപ്രകാരം സര്‍ക്കാര്‍ സംവിധാനത്തില്‍  ആര്‍ ടി -പി സിആര്‍  പരിശോധന നടത്തുന്നതിന് കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിില്‍ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണെന്ന് കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 

ഈ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്ന യാത്രക്കാര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണവും  തലപ്പാടിയില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരുക്കണം. സര്‍ട്ടിഫിക്കറ്റിലാതെ വരുന്ന യാത്രകാരെ പോസിറ്റീവായി കണ്ടെത്തിയാല്‍ സിഎഫ് എല്‍ ടി സി കളിലേക്ക് കൊണ്ടുപോകും. നെഗറ്റീവ് ആണെങ്കില്‍ മാത്രം തുടര്‍യാത്ര അനുവദിക്കും

ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല

ഇനി മുതല്‍ ജില്ലയിലെ ക്ലസ്റ്റര്‍, കണ്ടെയിമെന്റ് സോണുകളില്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെയുള്ള ഒരു തരത്തിലുള്ള കളക്ഷന്‍ ഏജന്റുമാരെയും അനുവദിക്കുന്നതല്ലയെന്ന് കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.എന്നാല്‍, മറ്റു പ്രദേശങ്ങളില്‍ കളക്ഷനു വേണ്ടി പോവുന്ന ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ബന്ധപ്പെട്ട സ്ഥാപനം നല്‍കേണ്ടതും, ഉപയോഗിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തേണ്ടതാണ്. ഈ മാനദണ്ഡം പാലിക്കാത്ത കളക്ഷന്‍ ഏജന്റുമാരുടെ സ്ഥാപന മേധാവിക്കെതിരെ കര്‍ശന  നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി 

ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നതിന് നിലവില്‍ നിരോധനമൊന്നുമില്ല. ക്ലസ്റ്റര്‍ / കണ്ടെയിമെന്റ് സോണുകളിലും ഓട്ടോ ഓടിച്ചു പോകാവുന്നതാണെങ്കിലും ഈ പ്രദേശങ്ങളില്‍ പാര്‍ക്കിങിനോ, യാത്രക്കാരെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ, അനുവദിക്കുന്നതല്ല.

ജില്ലയില്‍ നിന്ന് ദിവസേന കര്‍ണാടകയിലേക്ക് പോയി വരുന്നതിന് പാസ് ലഭിച്ചിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, പരാതിക്കിട വരുത്താത്ത രീതിയില്‍ പോലീസ് വകുപ്പിന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. 

ഇപ്രാവശ്യം എല്ലാവര്‍ക്കും ഓണം കിറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍, ഈ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ തീരദേശത്തെ ക്ലസ്റ്റര്‍, കണ്ടെയിന്റ് സോണിലുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശികമായി നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാണ് വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് മാഷ് പദ്ധതി പ്രകാരമുള്ള അധ്യാപകരെയും നിയോഗിച്ചിട്ടുള്ളതെന്ന് കളക്ടര്‍  പറഞ്ഞു.കണ്ടെയ്മെന്റ് സോണുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നുള്ള കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്. അത് ലഭിച്ച ഉടന്‍ ഈ പ്രദേശം കണ്ടെയ്മെന്റ് സോണായി പരിഗണിച്ചു കൊണ്ടുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,എഡിഎം എന്‍ ദേവീദാസ്,ഡി എംഒ ഡോ എ വി രാംദാസ്,എ എസ് പി സേവ്യര്‍ സെബാസ്റ്റ്യന്‍,കാസര്‍കോട് ആര്‍ ഡി ഒ ടി ആര്‍ അഹമ്മദ് കബീര്‍,ഡിഡിഇ കെ വി പുഷ്പ,ഡിഡിപി ജെയ്സണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍,വിവിധ വകുപ്പ്തല  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍കോട്-കര്‍ണാടക സ്ഥിരം യാത്ര; ആര്‍ ടി-പി സി ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന


Keywords: Kasaragod, Kerala, News, Corona, Karnataka, Pass, List, Report, regular pass valid for 21 days will be issued after RT-PCR test for Karnataka passangers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia