'മല എലിയെ പ്രസവിച്ചത് പോലെ'; കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ; കേരളത്തെ പൂർണമായി അവഗണിച്ചെന്നും പദ്ധതികളിൽ വ്യക്തതയില്ലെന്നും ആരോപണം
● ധാതുമണൽ ഖനനത്തിനായി പ്രത്യേക കോറിഡോർ പ്രഖ്യാപിച്ചതിൽ കോർപ്പറേറ്റുകളെ സഹായിക്കാനാണോ എന്ന് ആശങ്ക.
● നാളികേര, കശുവണ്ടി, കയർ മേഖലകളിലെ പദ്ധതികളിൽ വ്യക്തതയില്ല.
● കർഷകരുടെ മിനിമം സപ്പോർട്ട് പ്രൈസ് നിയമപരമാക്കണമെന്ന ആവശ്യം അവഗണിച്ചു.
● ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയെന്ന് വിമർശനം.
● കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ശക്തമായി ഉയർത്തുമെന്ന് വേണുഗോപാൽ.
ന്യൂഡൽഹി: (KasargodVartha) മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേന്ദ്ര സർക്കാർ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിനുള്ള വ്യക്തമായ സൂചനയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായി പ്രചരണം നടത്തിയിട്ട്, 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്.
പദ്ധതികളിൽ അവ്യക്തതയും ആശങ്കയും
നാളികേര പദ്ധതി യുപിഎ സർക്കാരിൻ്റെ കാലത്തു തുടങ്ങിയതാണ്. എന്നാൽ എന്തു പദ്ധതിയാണു കേന്ദ്രം പുതുതായി ആവിഷ്‌കരിക്കാൻ പോകുന്നത് എന്നതിൽ വ്യക്തതയില്ല. കശുവണ്ടിയുടെയും കയറിൻ്റെയും കാര്യത്തിൽ എന്തു പദ്ധതിയാണു കൊണ്ടുവരാൻ പോകുന്നത് എന്നതിലും വ്യക്തതയില്ല. ധാതുമണലിന് വേണ്ടി പ്രത്യേക കോറിഡോർ പറഞ്ഞിട്ടുണ്ട്. അതിനകത്തും കേരളത്തിന് ആശങ്കകൾ മാത്രമാണുള്ളത്. മിനറൽ സെക്‌ടറിലേക്ക് സർക്കാരിന്റെ ഇഷ്‌ടപ്പെട്ട കോർപ്പറേറ്റുകൾ കടന്നുവന്നിട്ടുണ്ട്. അവർ കമ്പനികൾ റജിസ്‌റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിൻ്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്കു മാത്രമാണ്.
ധാതുമണൽ ഖനനം സ്വകാര്യ മേഖലയിലേക്കു കൂടെ വ്യാപിക്കുമോ എന്ന ആശങ്കയ്ക്കു വ്യക്തത വരുത്തേണ്ടതുണ്ട്. സ്വകാര്യ മേഖലയ്ക്കു തീറെഴുതി കൊടുക്കാനാണു കേരളത്തിന്റെ ധാതുമണൽ കേന്ദ്രമെങ്കിൽ അത് കേരളത്തിന് ഗുണമാകുമോ എന്നും അദ്ദേഹം ചോദിച്ചു. ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങള്‍ വന്നാല്‍ മാത്രമേ ഇതിന്റെ പിന്നില്‍ ചതിക്കുഴികള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന രീതിയില്‍, ആവാസ വ്യവസ്ഥയെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് മണല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കുന്നതാണോ എന്ന് അറിയേണ്ടതുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
എയിംസും ഹൈ സ്പീഡ് റെയിലും നിഷേധിച്ചു
ഏറ്റവും സങ്കടകരമായ കാര്യം കേരളത്തെ ഈ ബജറ്റ് പൂര്‍ണമായി അവഗണിച്ചു എന്നതാണ്. 2013-14ല്‍ യുപിഎ സര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് 13 വര്‍ഷം കഴിഞ്ഞിട്ടും, രാജ്യവ്യാപകമായി നിരവധി എയിംസുകള്‍ പ്രഖ്യാപിച്ചിട്ടും, ഈ ബജറ്റിലും കേരളത്തിന് നല്‍കിയില്ല. ഏറ്റവും സാധ്യതകളുള്ള ആരോഗ്യം, ടൂറിസം, ആയുര്‍വേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകള്‍ക്ക് കേരളത്തിന് മാത്രമായി ഒരു പദ്ധതിയും ഇല്ല. ഹൈ സ്പീഡ് റെയില്‍ കോറിഡോറിന്റെ കാര്യത്തില്‍ ഇ. ശ്രീധരന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. അദ്ദേഹം കേന്ദ്രമന്ത്രിയുമായി സംസാരിച്ചിരുന്നു. പക്ഷേ ഇന്ത്യയിലെ ഏഴിടങ്ങളില്‍ ഹൈ സ്പീഡ് കോറിഡോര്‍ അനുവദിച്ചിട്ടും കേരളത്തിലില്ല.
ഏറ്റവും നിരാശാജനകമായ ബജറ്റ്
ഇത് ഏറ്റവും നിരാശാജനകമായ ബജറ്റാണ്. യുവാക്കള്‍ക്കു വേണ്ടി ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളോ ബജറ്റ് വിഹിതമോ ഒന്നുമില്ല. കര്‍ഷകര്‍ക്കും തീര്‍ത്തും നിരാശാജനകമായ ബജറ്റാണിത്. മിനിമം സപ്പോര്‍ട്ട് പ്രൈസ് നിയമപരമാക്കുക എന്ന ദീര്‍ഘകാല ആവശ്യം അവഗണിച്ചു. കഴിഞ്ഞ ബജറ്റുകളില്‍ പറഞ്ഞ കുറെ വാചകങ്ങള്‍ പുതിയ ഡിസൈനില്‍, 'കര്‍ത്തവ്യപഥത്തില്‍ നിന്നും ഉണ്ടാക്കിയ ബജറ്റ്' എന്നൊക്കെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു എന്നല്ലാതെ കാതലായ ഒന്നുമില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം
ഇതുവരെ കൊടുത്ത പദ്ധതികള്‍ പോലും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നില്ല, പിന്നെ എങ്ങനെ കൂടുതല്‍ പദ്ധതികള്‍ കൊടുക്കും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചത്. ബിജെപി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ എല്ലാം നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ വീണ്ടും പദ്ധതികള്‍ കൊടുത്തതെന്ന് വേണുഗോപാൽ ചോദിച്ചു. അവിടെയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു ഗവണ്‍മെന്റിനെയും കുറ്റപ്പെടുത്താന്‍ അവര്‍ക്ക് അധികാരമില്ല. ബജറ്റിലെ അവഗണന തിരുത്താന്‍ ബിജെപി പ്രസിഡന്റ് അടിയന്തരമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം. കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ കേരളത്തിന്റെ ശബ്ദം അതിശക്തമായി പാര്‍ലമെന്റില്‍ ഉയരും. നന്ദി പ്രമേയ ചര്‍ച്ചയിലും ബജറ്റ് ചര്‍ച്ചയിലും ശക്തമായിട്ടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.
കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായി അവഗണിച്ചു എന്ന കെ.സി വേണുഗോപാലിന്റെ വിമർശനം ശരിയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: KC Venugopal criticized the Union Budget 2024 for ignoring Kerala, denying AIIMS & high-speed rail, and raising concerns over private mining in the mineral sector.
#UnionBudget2024 #KCVenugopal #KeralaIgnored #AIIMS #HighSpeedRail #MineralMining #Congress #Politics






