ജ്വലറിയിൽ നിന്ന് കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന സംഭവം; 'അസി. സെയിൽസ് മാനജർ നഗരത്തിലെ ബാങ്കിൽ 15 ലക്ഷത്തിന് ആഭരണങ്ങൾ പണയപ്പെടുത്തിയതായി കണ്ടെത്തി'; അന്വേഷണം ഡി വൈ എസ് പിക്ക്
കാസർകോട്: (www.kasargodvartha.com 03.12.2021) സുൽത്വാൻ ജ്വലറിയിൽ നിന്നും കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന സംഭവത്തിൽ ആരോപണ വിധേയനായ അസിസ്റ്റന്റ് സെയിൽസ് മാനജർ മംഗ്ളുറു ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫാറൂഖ്, കാസർകോട് വിദ്യാനഗറിലെ ഒരു ബാങ്കിൽ 15 ലക്ഷത്തിന് ആഭരണങ്ങൾ പണയപ്പെടുത്തിയതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അന്വേഷണം കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഏറ്റെടുത്തു. ഫാറൂഖിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലേക്കും ഫാറൂഖിനായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് ഇയാൾ മുങ്ങിയതെന്നാണ് വിവരം.
ജ്വലറിയുടെ പവർ ഓഫ് അറ്റോണി നൽകിയ പരാതിയിൽ കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. ജ്വലറിയുടെ കാസർകോട് ഷോറൂമിലെ വജ്രാഭരണങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റ അസിസ്റ്റന്റ് സെയിൽസ് മാനജറായ ഫാറൂഖ് 2,88,64,153 രൂപയുടെ വജ്രാഭരണങ്ങൾ കടത്തിയെന്നാണ് പരാതി. കോവിഡ് കാരണം ജ്വലറിയിൽ ഒന്നര വർഷത്തിലധികമായി സ്റ്റോകെടുപ്പ് നടത്തിയിരുന്നില്ലെന്നും ഇത് മുതലാക്കി അതിസമർഥമായാണ് ഇയാൾ തട്ടിപ്പ് നടത്തി മുങ്ങിയതെന്നുമാണ് ജ്വലറി അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ച സ്റ്റോക് എടുക്കാൻ നിശ്ചയിച്ചപ്പോൾ അതിന്റെ ഒരു മണിക്കൂർ മുമ്പ് ഒരു കാരണം പറഞ്ഞു ഫാറൂഖ് പുറത്ത് പോയതായും പിറ്റേദിവസം വരാമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരം ആയിട്ടും ഇയാൾ വന്നില്ലെന്നും ജ്വലറിയുമായി ബന്ധപ്പെട്ടവർ പറയുന്നു. തുടർന്ന് വജ്രാഭരണ വിഭാഗത്തിൽ ഫാറൂഖിനൊപ്പം ചുമതലയിൽ ഉണ്ടായിരുന്ന മറ്റൊരാളെ വെച്ച് സ്റ്റോക് എടുക്കുകയും ഇതിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അധികൃതർ അറിഞ്ഞതെന്നും ഉടമകൾ വ്യക്തമാക്കുന്നു. അതിനിടെ മകനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാളുടെ പിതാവ് മംഗ്ളുറു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുഹമ്മദ് ഫാറൂഖ് ജ്വലറി അധികൃതർക്ക് നൽകിയിരുന്ന സ്റ്റോക് കണക്കിൽ നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം ഉള്ളതായിട്ടാണ് കാണിച്ചിരുന്നതെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഊർജിതമായ അന്വേഷണത്തിലൂടെ ഫാറൂഖിനെ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Theft, Complaint, Investigation, Police, Jweller-robbery, DYSP, Case, Mangalore, Bank, State, Karnataka, Mobile Phone, Diamond, Diamond theft complaint; investigation taken over by the DYSP.
< !- START disable copy paste -->