Chutney | കിടിലന്‍ സ്വാദില്‍ മല്ലിയില തക്കാളി ചട്‌നി തയാറാക്കാം; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍വര്‍ക്കും ഒരുപോലെ ഇഷ്ടമാകും
*തേങ്ങാ ചട് നി മാറ്റിപ്പിടിക്കാം
*വീട്ടുകാരെ കയ്യിലെടുക്കാം
കൊച്ചി: (KasargodVartha) പാചകത്തില്‍ താല്‍പര്യമുള്ളവര്‍ ഓരോ ദിവസം അടുക്കളയില്‍ ഓരോ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. കുടുംബാംഗങ്ങളെ കയ്യിലെടുക്കുകയാണ് ലക്ഷ്യം. ഉണ്ടാക്കിയതെല്ലാം സൂപ്പറാണെന്ന് പറയുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. മിക്ക വീടുകളിലും രാവിലെ പ്രഭാത ഭക്ഷണത്തിന് തേങ്ങാ ചട് നി ഉണ്ടാക്കുന്നത് പതിവാണ്.
എന്നാല്‍ ഒന്ന് മാറ്റി പിടിച്ച് നോക്കൂ. അടുത്ത ദിവസം അത് മല്ലിയില തക്കാളി ചട്നിയാക്കൂ. നല്ല പൂവ് പോലുള്ള ഇഡ്ഡലിക്കും സോഫ്റ്റ് ദോശക്കും ഒപ്പം കിടിലന്‍ മല്ലിയില തക്കാളി ചട്നി തയാറാക്കിയാല്‍ ഭക്ഷണം തീരുന്നത് അറിയില്ല. അത്രയ്ക്കും രുചിയാണ് ഇതിന്. മല്ലിയിലയാണ് ഇതിലെ ഹൈലൈറ്റ്. സാധാരണ രീതിയില്‍ തക്കാളിയും മല്ലിയിലയും ചേര്‍ത്ത് ചട്നി തയാറാക്കുന്നതിനേക്കാള്‍ ഗുണകരമായ ഒന്നാണ് തക്കാളി മല്ലിയില ചട്നി എന്നതില്‍ യാതൊരു സംശയം വേണ്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ചട്നി. എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍:
തക്കാളി - 2 , പച്ചമുളക് - 2, പുളി - ഒരു ചെറിയ കഷണം, എണ്ണ - 2 ടേബിള്‍ സ്പൂണ്‍, ചെറുപയര്‍ - 1 ടേബിള്‍ സ്പൂണ്‍, ഉഴുന്ന് പരിപ്പ്- 1 ടീസ് പൂണ്‍, വെളുത്തുള്ളി - 10 അല്ലി, ഇഞ്ചി - ഒരു ചെറിയ കഷണം, കറിവേപ്പില - 2 തണ്ട്, മല്ലിയില - 1 പിടി, തേങ്ങ - 2 ടേബിള്‍ സ്പൂണ്‍ (ചതച്ചത്), ഉപ്പ് - ആവശ്യത്തിന്.
കടുക് വറുക്കാന്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍, കടുക് - 1 ടീസ്പൂണ്‍, ചെറുപയര്‍ - 1/2 ടീസ്പൂണ്‍, ഉഴുന്ന് പരിപ്പ് - 1/2 ടീസ്പൂണ്‍, കറിവേപ്പില - 1 കുല
തയാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ നിറത്തില്‍ വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒരു മിനുറ്റ് വഴറ്റുക. അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് അല്‍പ സമയം വഴറ്റിയെടുക്കണം. പിന്നീട് കായം, കറിവേപ്പില എന്നിവ ചേര്‍ത്ത് 1 മിനിറ്റ് വഴറ്റുക.
മല്ലിയില വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് തേങ്ങ ചേര്‍ത്ത് അല്‍പസമയം വഴറ്റിയെടുക്കണം, അതിനുശേഷം ഒരു പ്ലേറ്റില്‍ വെച്ച് തണുപ്പിക്കാം. അതേ പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി തക്കാളി, പച്ചമുളക്, പുളി എന്നിവ ചേര്‍ത്ത് തക്കാളി മൃദുവാകുന്നത് വരെ വഴറ്റിയെടുത്ത് നല്ലതുപോലെ തണുക്കാന്‍ വെക്കുക.
വഴറ്റിയ ചേരുവകള്‍ ഒരു മിക്‌സര്‍ ജാറില്‍ ഇട്ട് പാകത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് താളിച്ച് ഉഴുന്ന് പരിപ്പ്, ഉലുവ, കറിവേപ്പില എന്നിവ താളിച്ച് ചട്നിക്കൊപ്പം ചേര്‍ത്ത് നോക്കൂ, നല്ല കിടിലന്‍ തക്കാളി മല്ലിയില ചട്നി റെഡി.