Curry Tips | പൊട്ടെറ്റോ ഒനിയന്‍ ഫ്രൈ തയാറാക്കി നോക്കൂ; സ്വാദ് കിടിലന്‍
*കുറഞ്ഞ ചേരുവകള്‍ മാത്രമേ വേണ്ടൂ
*വീട്ടില്‍ എല്ലാവര്‍ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടും
കൊച്ചി: (KasargodVartha) വീട്ടില്‍ ഉള്ളിയും ഉരുളക്കിഴങ്ങും ഉണ്ടെങ്കില്‍ കറി വെക്കാന്‍ മറ്റ് സാധനങ്ങളെ തേടി എന്തിന് സമയം കളയണം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഇത് ഉണ്ടാക്കാം. കുറഞ്ഞ ചേരുവകള്‍ മാത്രമേ വേണ്ടൂ എന്നതും ആശ്വാസമാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും.
ചേരുവകള്‍
ഉരുളക്കിഴങ്ങ്-അരക്കിലോ, സവാള-4 , പച്ചമുളക്-2, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍, കടുക്-അര ടീസ്പൂണ്‍, ഉഴുന്ന്-അര ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍, സാമ്പാര്‍ പൗഡര്‍-1 ടീസ്പൂണ്‍, മുളകുപൊടി-1 ടീസ്പൂണ്‍, കായപ്പൊടി-കാല്‍ ടീസ്പൂണ്‍, ഉപ്പ് - പാകത്തിന്, കറിവേപ്പില, ഓയില്‍.
പാകം ചെയ്യുന്നവിധം
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക. സവാള നീളത്തിലരിയുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ കടുക്, ഉഴുന്ന്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം.
അതിനുശേഷം സവാള ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചേര്‍ത്തതും മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കി വേവിച്ചെടുക്കുക. പൊട്ടെറ്റോ ഒനിയന്‍ ഫ്രൈ റെഡി.