കൊടുങ്ങല്ലൂർ മുതൽ കാസർകോട് വരെ മാലിക് ദീനാറും സംഘവും സ്ഥാപിച്ച കേരളത്തിലെ ആദ്യ പള്ളികളെ പഠിക്കുമ്പോൾ; ചരിത്രം പറയുന്ന അപൂർവ ഗ്രന്ഥങ്ങൾ
● മാടായി പള്ളിയിലെ 'താരീഖ് ളുഹൂരിൽ ഇസ്ലാം ഫീ മലബാർ' എന്ന ഗ്രന്ഥത്തിൽ ചേരമാൻ പെരുമാളിന്റെ നബി സന്ദർശനം വിവരിക്കുന്നുണ്ട്
● ഡോ ഹർമൻ ഗുണ്ടർട്ടിന്റെ കേരളോൽപ്പത്തിയിലും ഈ ചരിത്രം വിശദമായി പരാമർശിക്കുന്നു
● ഹിജ്റ 21, 22 കാലഘട്ടങ്ങളിൽ മാലിക് ദീനാറും സംഘവും കൊടുങ്ങല്ലൂർ മുതൽ കാസർകോട് വരെ പള്ളികൾ സ്ഥാപിച്ചു
● കാസർകോട് മാലിക് ദീനാർ ജുമുഅ പള്ളി ഹിജ്റ 22 റജബ് മാസത്തിലാണ് നിർമിക്കപ്പെട്ടത്
സുലൈമാൻ കരിവെള്ളൂർ
(KasargodVartha) കേരളത്തിലെ ആദ്യ പള്ളികളെക്കുറിച്ച് പഠിക്കുമ്പോൾ വളരെ രസകരമായ ചരിത്ര സത്യങ്ങളാണ് നമുക്ക് മുൻപിൽ ചുരുളഴിയുന്നത്. അറേബ്യയിൽ നിന്ന് ഒരു പായ്ക്കപ്പലിന് കേരളതീരത്ത് എത്താൻ പഴയകാലത്ത് വെറും 40 ദിവസം മതിയായിരുന്നത്രേ. കാരണം പ്രകൃതി തന്നെ ഒരുക്കിയ നല്ലൊരു കപ്പൽ പാതയാണിത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കിഴക്കോട്ടാണ് കടൽക്കാറ്റ് അടിക്കുക. അപ്പോൾ വലിയ അധ്വാനം ഇല്ലാതെ പായ്ക്കപ്പലിന് ഇവിടെയെത്താം. ജനുവരി, ഫെബ്രുവരി മാസം ആകുമ്പോഴേക്കും കാറ്റിൻറെ ഗതി പടിഞ്ഞാറോട്ടേക്കാവും. അപ്പോൾ അറബികൾക്ക് സുഖമായി തിരിച്ചു നാട്ടിലെത്താം. പഴയ കാലം മുതൽ തന്നെ ദീർഘമായ കപ്പൽ യാത്രകൾ ചെയ്തിരുന്ന അറബികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തിനു മുൻപ് തന്നെ കേരളത്തിൽ എത്തിയിരുന്നതിന് തെളിവുകൾ ഉണ്ട്.
ഇവിടുത്തെ സുഗന്ധവ്യഞ്ജന വസ്തുക്കൾ അറബ് നാട്ടിലും യൂറോപ്പിലും ഏറെ പ്രിയങ്കരമായിരുന്നല്ലോ. ഇവിടെ നിന്നു കൊണ്ടു പോകുന്ന വസ്തുക്കൾ ഈജിപ്തിലെ ഏറ്റവും വലിയ വിപണന കേന്ദ്രമായ അലക്സാണ്ട്രിയയിലേക്കാണ് കൊണ്ടു പോയിരുന്നത്. അവിടുന്നാണ് അത് യൂറോപ്യൻ മാർക്കറ്റിൽ എത്തിയിരുന്നത്. ചുരുക്കത്തിൽ നബിയുടെ കാലത്തിനു മുൻപ് തന്നെ അറബികൾക്ക് കേരളവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അറേബ്യയിൽ ഉണ്ടാകുന്ന ഏതു വിശേഷങ്ങളും അതേകാലത്ത് തന്നെ കേരളത്തിൽ എത്താൻ സാധ്യതയുമുണ്ട്.
നബിക്ക് ഇഞ്ചി സമ്മാനിച്ച ഇന്ത്യൻ രാജാവ്
ഹാക്കിം (റ) വിൻ്റെ മുസ്തദ്‌റകിൽ അബൂസഈദുൽ ഖുദ്‌രിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസുണ്ട്. ഒരു ഇന്ത്യൻ രാജാവ് നബിയെ കാണാൻ വന്നതും ഇഞ്ചി നിറച്ച ഭരണി നബി തങ്ങൾക്ക് സമ്മാനിച്ചതും അത് നബി തങ്ങൾ സ്വഹാബാക്കൾക്ക് വിതരണം ചെയ്തതും ഇതിൽ പറയുന്നുണ്ട്. ഇത് റിപ്പോർട്ട് ചെയ്യുന്ന അബൂസഈദിന് ഒരു കഷണം ലഭിച്ചുവെന്നും ഈ ഹദീസിൽ പറയുന്നുണ്ട്. ഇഞ്ചി സമ്മാനിക്കുന്ന ഇന്ത്യൻ രാജാവ് തീർച്ചയായും ഒരു കേരളീയൻ തന്നെയായിരിക്കുമല്ലോ. ഇതും നബിയുടെ കാലത്ത് ഇസ്ലാം കേരളത്തിൽ എത്തി എന്നതിന് തെളിവായി ഉദ്ധരിക്കുന്നുണ്ട്. (സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ അധ്യാപകർക്കുള്ള ഹാൻഡ് ബുക്കിൽ ഈ ഹദീസിൻ്റെ അറബി മൂലം ചേർത്തിട്ടുണ്ട്)
ഈ കേരളീയനായ രാജാവ് ചേരമാൻ പെരുമാൾ ആണെന്നതിന് ധാരാളം രേഖകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എഴിമല മാടായി പള്ളിയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു അപൂർവ ഗ്രന്ഥമാണ് (കയ്യെഴുത്ത് പ്രതി) 'താരീഖ് ളുഹൂരിൽ ഇസ്ലാം ഫീ മലബാർ'. മാലിക് ദീനാറിൻ്റെ കൂടെ വന്ന മാലിക് ബിൻ ഹബീബിൻ്റെ പുത്രനും, തിരുവിതാംകോട് മാലിക് ദീനാർ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന വ്യക്തിയുമായ മുഹമ്മദ് ബിൻ മാലിക്കാണ് ഇതിൻ്റെ കർത്താവ്. അദ്ദേഹം പിതാവ് മാലിക്കിൽ നിന്നും പിതാമഹൻ ഹബീബിൽ നിന്നും കേട്ട വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എഴുതിയതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ഗ്രന്ഥം. ഇതിൽ ചേരമാൻ പെരുമാളിൻ്റെ നബി സന്ദർശനം നേരനുഭവമായി വിവരിക്കുന്നുണ്ട്.
ചേരമാൻ പെരുമാളും മറ്റ് ചരിത്ര രേഖകളും
വടകരക്കടത്ത് കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമർ സുഹ്റവർദി എന്ന സൂഫി രചിച്ച 'രിഹ്‌ലത്തുൽ മുലൂക്കി'ലും ഇതേ ചരിത്രം കുറച്ചുകൂടി വിശദമായി പറയുന്നുണ്ട് (വർഷം പറയുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും). ഡോ. ഹർമൻ ഗുണ്ടർട്ട് തൻറെ 'കേരളോൽപ്പത്തി'യിൽ ഇതേ ചരിത്രം വിശദമായി തന്നെ പറയുന്നുണ്ട്. ചേരമാൻ പെരുമാൾ ഇസ്ലാം സ്വീകരിച്ച് താജുദ്ദീൻ എന്ന പേര് സ്വീകരിച്ചത് നബിയുടെ 57 വയസ്സിലാണ് എന്നാണ് ഇതിലെ പരാമർശം. (പേജ് 47).
പത്രാധിപരും ചരിത്ര പണ്ഡിതനും ഒക്കെയായിരുന്ന കേസരി എ ബാലകൃഷ്ണപിള്ള തൻ്റെ 'ചേരമാൻ പെരുമാളും കേരളവും' എന്ന ഗ്രന്ഥത്തിൽ ഈ ചരിത്രം ഇഴകീറി പരിശോധിച്ച ശേഷം ഇങ്ങനെ എഴുതുന്നു: 'മുകളിൽ വിവരിച്ച സംഗതികളിൽ നിന്ന് മക്കത്തു പോയ പെരുമാളിൻ്റെ കഥ വെറും കെട്ടുകഥ അല്ലെന്നും അത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു.' (പുതിയ പതിപ്പ് പേജ് 45). ചുരുക്കത്തിൽ നബി തങ്ങളുടെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ പരിചിതമാണെന്ന് ഇത് വ്യക്തമാക്കുന്നു.
ആദ്യകാല പള്ളികളും നിർമാണ തീയതികളും
ആ അർഥത്തിൽ നബിയുടെ കാലത്ത് തന്നെ കേരളത്തിൽ പള്ളി ഉണ്ടാകുവാനും സാധ്യതയുണ്ട്. ഈ സാധ്യതക്ക് സാധൂകരണം നൽകുന്ന തെളിവുകളും ഇന്ന് ലഭ്യമാണ്. മാടായി പള്ളിയിലെ മര ലിഖിതത്തിൽ ഇതിൻ്റെ നിർമാണം ഹിജ്റ അഞ്ചാം വർഷം റബീഉൽ ആഖിറിലെ ഒരു വെള്ളിയാഴ്ചയാണ് എന്ന് കാണുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച 'താരീഖ് ളുഹൂരിൽ ഇസ്ലാം' എന്ന ഗ്രന്ഥത്തിൽ മാലിക് ദീനാറും സംഘവും നിർമിച്ച പത്ത് പള്ളികളുടെ സ്ഥലവും നിർമാണ തീയതികളും പറയുന്നുണ്ട്. അത് ഇപ്രകാരം പട്ടികയാക്കാം:
-
കൊടുങ്ങല്ലൂർ: ഹിജ്റ 21 റജബ് 11
-
കൊല്ലം: ഹിജ്റ 21 റമദാൻ 27 (29.8.642)
-
മാടായി: ഹിജ്റ 21 ദുൽഹജ്ജ് 10
-
ഫാക്കനൂർ: ഹിജ്റ 22 റബീഉൽ അവ്വൽ 10 (6.2.643)
-
മംഗളൂരു: ഹിജ്റ 22 ജമാദുൽ അവ്വൽ 21 (17.4.643)
-
കാസർകോട്: ഹിജ്റ 22 റജബ് 18 (12.6.643)
-
ശ്രീകണ്ഠപുരം: ഹിജ്റ 22 ശഅ്ബാൻ (ജൂലൈ 643)
-
ധർമടം: ഹിജ്റ 22 ശഅ്ബാൻ 29 (23.7.643)
-
കൊയിലാണ്ടി: ഹിജ്റ 22 ശവ്വാൽ 21 (12.9.643)
-
ചാലിയം: ഹിജ്റ 22 (തീയതി വ്യക്തമല്ല)
എന്നാൽ സുഹ്റവർദിയുടെ 'രിഹ്‌ലത്തുൽ മുലൂക്കി'ൽ ആദ്യകാലത്തെ 18 പള്ളികൾ പരിചയപ്പെടുത്തുന്നുണ്ട്. ഇവ സി എൻ അഹ്‌മദ് മൗലവിയും കെ കെ മുഹമ്മദ് അബ്ദുൽ കരീമും ചേർന്ന് എഴുതിയ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന ഗ്രന്ഥത്തിൽ എടുത്തുദ്ധരിക്കുന്നുണ്ട് (പേജ് 140, 141). ഡോക്ടർ ഹർമൻ ഗുണ്ടർട്ട് തൻ്റെ കേരളോൽപ്പത്തിയിൽ ആദ്യകാലത്തെ 11 പള്ളികൾ എണ്ണുന്നുണ്ട് (പുതിയ പതിപ്പ് പേജ് 47). ഈ പത്തിന് ശേഷം ആദ്യകാലത്ത് നിർമിക്കപ്പെട്ട മറ്റു പള്ളികൾ ആവാം ഇതിൽ പരാമർശിക്കപ്പെടുന്നത്.
കാലഗണനയിലെ വ്യത്യാസങ്ങളും നിഗമനങ്ങളും
ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉടലെടുക്കുന്നുണ്ട്. ഹിജ്റ അഞ്ചിൽ നിർമിക്കപ്പെട്ടതെന്ന് നേരത്തെ പറഞ്ഞ മാടായിപ്പള്ളി മാലിക് ദീനാറിൻ്റെ നിർമാണത്തിൽ ഹിജ്റ 21-ൽ നിർമിക്കപ്പെട്ടതാണെന്ന് പറയുന്നുണ്ടല്ലോ. ഇതിനെ ചരിത്രകാരന്മാർ ഏകോപിപ്പിക്കുന്നത് ഇങ്ങനെയാണ്; ഹിജ്റ അഞ്ചിൽ നിർമിക്കപ്പെട്ട പള്ളി മാലിക് ദീനാർ പുതുക്കി പണിതതാവാം.
കാസർകോട് മാലിക് ദീനാർ പള്ളിയിൽ മരത്തിൽ കൊത്തിവെച്ച നിർമാണ തീയതിയും മറ്റും നമുക്ക് ഇങ്ങനെ പരിഭാഷപ്പെടുത്താം: 'മാലിക് ബിൻ ദീനാറിനാൽ സ്ഥാപിതമായ പള്ളിയാണിത്. ഒരു സംഘം അറബികൾ പള്ളി നിർമാണവും മതപ്രചരണവും ലക്ഷ്യം വെച്ച് ഇന്ത്യയിൽ വന്നു. അവർ ഷറഫ് ബിൻ മാലിക്, അദ്ദേഹത്തിൻ്റെ ഉമ്മയൊത്ത സഹോദരൻ മാലിക് ദീനാർ, സഹോദര പുത്രൻ മാലിക് ബിൻ ഹബീബ് തുടങ്ങിയവരാണ്. അവർ കാസർകോട് എത്തുകയും അവിടെ ഒരു ജുമുഅ പള്ളി നിർമിക്കുകയും ചെയ്തു. അത് ഹിജ്റ 22 റജബ് 13 തിങ്കളാഴ്ചയാണ്. പുത്രൻ അഹ്‌മദ് ബിൻ മാലിക്കിനെ അവിടെ ഖാസിയായി നിയമിച്ചു. പിന്നീട് ഹിജ്റ 1223-ൽ നാട്ടുകാർ പള്ളി പുനർനിർമിച്ചു.'
നേരത്തെ പറഞ്ഞ 'താരീഖ് ളുഹൂരിൽ ഇസ്ലാം' എന്ന ഗ്രന്ഥത്തിൽ കാസർകോട്ടെ പള്ളി നിർമിച്ചത് റജബ് 18-ന് എന്ന് കാണുന്നു. റജബ് 13 എന്നാണ് പള്ളിയിലെ ലിഖിതത്തിലുള്ളത്. അഞ്ചുദിവസത്തെ ഈ വ്യത്യാസം, നിർമാണം അവസാനിച്ച ദിവസവും ഉദ്ഘാടനം നടന്ന ദിവസവും തമ്മിലുള്ള വ്യത്യാസമാകാം. ഏതായാലും കൊല്ലവും മാസവും എല്ലാം ചേർന്നുവരുന്നത് ഇവയെല്ലാം വിശ്വസനീയമായ രേഖകൾ തന്നെയാണ് എന്നതിൻ്റെ തെളിവുകൾ കൂടിയാണ്. ('താരീഖ് ളുഹൂരിൽ ഇസ്ലാം', 'രിഹ്‌ലത്തുൽ മുലൂക്ക്' എന്നീ ഗ്രന്ഥങ്ങളുടെ പ്രധാന ഭാഗങ്ങളുടെ പരിഭാഷ ചരിത്രകാരൻ കെ കെ എൻ കുറുപ്പും ഡോക്ടർ ഹുസൈൻ രണ്ടത്താണിയും സംയുക്തമായി രചിച്ച 'മലബാറിൻ്റെ സഞ്ചാര ചരിത്രം' എന്ന പുസ്തകത്തിൽ കാണാം. പേജ് 134-151).
കേരളത്തിലെ ആദ്യ പള്ളികൾ: സംശയങ്ങളും മറുപടിയും
-
ഇന്ത്യയിൽ നിന്നുള്ള ഏത് രാജാവാണ് നബിയെ സന്ദർശിച്ചത് എന്നാണ് കരുതപ്പെടുന്നത്? ഉത്തരം: കേരളീയനായ ചേരമാൻ പെരുമാളാണ് നബിയെ സന്ദർശിച്ചതും ഇസ്ലാം മതം സ്വീകരിച്ചതും എന്നാണ് ചരിത്ര രേഖകളിൽ പരാമർശിക്കുന്നത്.
-
കേരളത്തിലെ ആദ്യകാല പള്ളികളെക്കുറിച്ചുള്ള വിവരങ്ങൾ ഏതെല്ലാം ചരിത്ര ഗ്രന്ഥങ്ങളിലാണ് കാണാൻ സാധിക്കുക? ഉത്തരം: മാടായി പള്ളിയിലെ 'താരീഖ് ളുഹൂരിൽ ഇസ്ലാം ഫീ മലബാർ', കുഞ്ഞിപ്പള്ളിയിലെ 'രിഹ്‌ലത്തുൽ മുലൂക്ക്', ഡോക്ടർ ഹർമൻ ഗുണ്ടർട്ടിൻ്റെ 'കേരളോൽപ്പത്തി' തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്.
-
കാസർകോട് മാലിക് ദീനാർ പള്ളിയുടെ നിർമാണം എന്നാണ് നടന്നത്? ഉത്തരം: ചരിത്ര ഗ്രന്ഥങ്ങളും പള്ളിയിലെ മര ലിഖിതങ്ങളും പ്രകാരം ഹിജ്റ 22 റജബ് മാസത്തിലാണ് (എഡി 643 ജൂൺ) കാസർകോട് ജുമുഅ പള്ളി നിർമിച്ചത്.
കേരളത്തിൻ്റെ ഇസ്ലാമിക ചരിത്രത്തിലേക്കുള്ള ഈ അറിവുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: The article explores the history of early mosques in Kerala and the conversion of Cheraman Perumal to Islam, citing historical texts like 'Tareekh Zhuhooril Islam fi Malabar', 'Rihlathul Mulook', and Hermann Gundert's 'Keralolpathi'. It lists the 10 mosques established by Malik Deenar and his team, analysing discrepancies in dates to assess the reliability of these historical records.
#KeralaIslamicHistory #CheramanPerumal #MalikDeenar #KeralaMosques #HistoricalRecords #KasargodVartha #MalayalamArticles #AparnaNews






