മിത്തിൽ നിന്ന് ചരിത്രസ്മാരകങ്ങളിലേക്ക്! കൊടുങ്ങല്ലൂരിൽ തുടങ്ങി ചാലിയം വരെ; മാലിക് ദീനാറും സംഘവും മലബാറിൽ നിർമിച്ച ആദ്യകാല 10 പള്ളികളുടെ കഥയും പാരമ്പര്യവും
● ഏഴാം നൂറ്റാണ്ടിലെ കച്ചവട ബന്ധങ്ങൾ സാംസ്കാരിക വിനിമയങ്ങളിലേക്ക് വഴിമാറിയതിൻ്റെ അടയാളങ്ങളാണ് ഈ പള്ളികൾ
● കാസർകോട് തളങ്കരയിലെ മാലിക് ദീനാർ പള്ളിയിൽ അദ്ദേഹത്തിൻ്റെ ഭൗതികശരീരം ഖബറക്കം നടത്തിയെന്നാണ് വിശ്വാസം
● കേരളത്തിന് പുറത്ത് കർണാടകയിലെ ബാർക്കൂർ, മംഗ്ളൂരു എന്നിവിടങ്ങളിലും ആദ്യകാല പള്ളികളുണ്ട്
● നദീതീര വ്യാപാരകേന്ദ്രവുമായി ബന്ധപ്പെട്ടതാണ് കണ്ണൂരിലെ ശ്രീകണ്ഠപുരം പള്ളി
നിസാർ പെറുവാഡ്
(KasargodVartha) അറബിക്കടലിന് അഭിമുഖമായി കിടക്കുന്ന മലബാറിൻ്റെ തീരത്തിന് തിരമാലകൾക്കും കാറ്റിനും പറയാനുള്ള കഥകൾ ഏറെയുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് അറേബ്യയിൽനിന്ന് കാറ്റിൻ്റെ ഗതിക്കനുസരിച്ച് പായൽ വിരിച്ച് മലബാർ തീരത്തെത്തിയ കപ്പലുകൾ കുരുമുളകും ഏലക്കയും ഇഞ്ചിയും മാത്രമല്ല കൊണ്ടുവന്നത്. പുതിയ മനുഷ്യബന്ധങ്ങളും വ്യാപാരശീലങ്ങളും സംസ്കാരങ്ങളും വിശ്വാസങ്ങളും കൂടിയാണ് അവ തീരദേശ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പുരാതനകാലത്ത് തന്നെ കേരളത്തിലെ കുരുമുളകിനും സുഗന്ധവ്യഞ്ജനങ്ങൾക്കും അറേബ്യൻ വിപണികളിൽ വലിയ പ്രിയമുണ്ടായിരുന്നു. ഈ കച്ചവട ബന്ധമാണ് പിന്നീട് സാംസ്കാരിക വിനിമയങ്ങളിലേക്കും വഴിമാറിയത്.
അങ്ങനെയൊരു ചരിത്രസന്ധിയിലാണ് മലബാറിലെ ആദ്യകാല മുസ്ലിം പള്ളികളുടെ കഥ ആരംഭിക്കുന്നത്.
മാലിക് ദീനാറിൻ്റെയും അദ്ദേഹത്തിൻ്റെ അനുയായികളുടെയും മലബാർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഈ പള്ളികളുടെ പാരമ്പര്യം നിലനിൽക്കുന്നത്. തുഹ്ഫത്തുൽ മുജാഹിദീൻ, ഖിസ്സത്ത് ശകർവതി ഫർമാദ് തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളിലും പഴയ കൈയെഴുത്തുപ്രതികളിലും പ്രാദേശിക പാരമ്പര്യങ്ങളിലും ഈ കഥകൾക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്.
എന്നാൽ ചരിത്രത്തെ സമീപിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. ഇന്ന് നാം കാണുന്ന പള്ളിക്കെട്ടിടങ്ങൾ അതേ രൂപത്തിൽ ഏഴാം നൂറ്റാണ്ടിൽ പണിതവയാണെന്ന് ഉറപ്പിച്ചുപറയാനാവില്ല. പല പള്ളികളും കാലാകാലങ്ങളിൽ പുതുക്കിപ്പണിയുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇവയുടെ ചരിത്രം കേവലം കെട്ടിടത്തിൻ്റെ മാത്രം ചരിത്രമല്ല; നൂറ്റാണ്ടുകളായി നിലനിന്ന ഒരു സമൂഹത്തിൻ്റെ ചരിത്രമാണ്.
കൊടുങ്ങല്ലൂരിൽ നിന്ന് കൊല്ലം വരെയും മാടായി മുതൽ മംഗ്ളൂരു വരെയും, കാസർകോട് മുതൽ ചാലിയം വരെയും നീളുന്ന ഈ പത്ത് പള്ളികൾ ആ പഴയ ചരിത്രത്തിൻ്റെ പത്ത് അടയാളക്കല്ലുകളാണ്.
1. കൊടുങ്ങല്ലൂർ — ചേരമാൻ ജുമാ മസ്ജിദ്
മലബാറിലെ ഇസ്ലാമിക പാരമ്പര്യത്തിൻ്റെ കഥ പറയുമ്പോൾ ആദ്യം ഓർമയിലെത്തുന്ന പേര് കൊടുങ്ങല്ലൂർ.
ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ചേരമാൻ ജുമാ മസ്ജിദിനെ ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന ഇതിൻ്റെ ചേരമാൻ പാരമ്പര്യമാണ് ഏറെ കൗതുകകരമായി നിലനിൽക്കുന്നത്. എഡി 629-ൽ നിർമിച്ചതായി കരുതപ്പെടുന്ന ഈ പള്ളി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യത്തെ ഇസ്ലാമിക ആരാധനാലയമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ചേരമാൻ പെരുമാൾ മക്കയിലേക്ക് പോയി ഇസ്ലാം സ്വീകരിച്ചുവെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറേബ്യയിൽനിന്ന് മാലിക് ദീനാറും സംഘവും മലബാറിലെത്തിയെന്നുമാണ് പ്രസിദ്ധമായ കഥ. മാലിക് ദീനാർ ആദ്യം എത്തിയത് കൊടുങ്ങല്ലൂരിലാണെന്നും അവിടെ പള്ളി സ്ഥാപിച്ചെന്നും തുടർന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ മലബാറിൻ്റെ പല ഭാഗങ്ങളിലേക്കും യാത്രതിരിഞ്ഞെന്നും പാരമ്പര്യം പറയുന്നു.
ഈ കഥയിൽ ചരിത്രവും വിശ്വാസവും നാട്ടുവഴക്കങ്ങളും ഇഴചേർന്നുകിടക്കുന്നു. ഏഴാം നൂറ്റാണ്ടിലെ അതേ കെട്ടിടമാണ് ഇന്നുള്ളത് എന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ലെങ്കിലും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളിയുടെ പാരമ്പര്യം മലബാറിലെ ഇസ്ലാമിക സാന്നിധ്യത്തിൻ്റെ ആഴം വ്യക്തമാക്കുന്നു.
ചേരമാൻ പള്ളിയുടെ കഥ അതുകൊണ്ടുതന്നെ ഒരു പള്ളിയുടെ കഥ മാത്രമല്ല. അറേബ്യയും മലബാറും തമ്മിൽ കടൽ കടന്ന് രൂപപ്പെട്ട ആദ്യകാല ബന്ധങ്ങളുടെ ഓർമ കൂടിയാണ്.
2. കൊല്ലം — ജുമാ മസ്ജിദ്
കൊടുങ്ങല്ലൂരിൽനിന്ന് തെക്കോട്ട് സഞ്ചരിച്ചാൽ കൊല്ലം.
പുരാതനകാലം മുതൽ തന്നെ വിദേശ കച്ചവടക്കാരുടെ വരവുപോക്കുണ്ടായിരുന്ന പ്രധാന തുറമുഖമായിരുന്നു കൊല്ലം. അറബിക്കടൽ വഴിയെത്തിയ വ്യാപാരികൾക്ക് മലബാറിൻ്റെ തെക്കൻ കവാടം പോലെയായിരുന്നു ഈ നഗരം. കൊല്ലം അക്കാലത്ത് ചൈനീസ്, അറബ് കച്ചവടക്കാരുടെ ഒരു പ്രധാന താവളമായിരുന്നു. വേണാട് രാജാക്കന്മാർ വിദേശ വ്യാപാരികൾക്ക് നൽകിയ പിന്തുണയും മതസൗഹാർദവും ഈ പള്ളിയുടെ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ചു.
മാലിക് ദീനാറിൻ്റെ സംഘത്തിലെ മാലിക് ഇബ്ൻ ഹബീബാണ് ഇവിടെ പള്ളി സ്ഥാപിച്ചതെന്നാണ് പാരമ്പര്യം.
ആദ്യകാല പള്ളികൾ ആരാധനയ്ക്കുള്ള ഇടങ്ങൾ മാത്രമായിരുന്നില്ല. അവയെ ചുറ്റിപ്പറ്റിയാണ് സമൂഹജീവിതവും പഠനവും വഖ്ഫ് സംവിധാനവും ഖാദി സംവിധാനവുമൊക്കെ വളർന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി ആളുകൾ ഒത്തുചേരുന്ന ഇടം എന്നതിലുപരി, ഒരു സമൂഹത്തിൻ്റെ ജീവിതത്തെ നയിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു അവ.
കൊല്ലത്തെ പള്ളി അതുകൊണ്ടുതന്നെ മലബാറിലെ ആദ്യകാല മുസ്ലിം സമൂഹത്തിൻ്റെ സാമൂഹിക ജീവിതത്തിലേക്കുള്ള ഒരു ജനൽക്കാഴ്ചയാണ്.
3. മാടായി — ഏഴിമലയുടെ മണ്ണിലെ പള്ളി
കണ്ണൂരിൻ്റെ വടക്കേ അറ്റത്തേക്ക് എത്തിയാൽ മാടായി.
പഴയങ്ങാടിക്ക് സമീപമുള്ള മാടായി ജുമാ മസ്ജിദിന് മലബാറിലെ ആദ്യകാല പള്ളികളുടെ ചരിത്രത്തിൽ വേറിട്ടൊരു സ്ഥാനമുണ്ട്. മക്കയിൽ നിന്ന് കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന വെളുത്ത മാർബിൾ കല്ലുകൾ ഈ പള്ളിയുടെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നത് ഇതിൻ്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു.
പ്രാദേശിക പാരമ്പര്യമനുസരിച്ച് കോലത്തിരി രാജാവ് മുസ്ലിം സമൂഹത്തിന് സ്ഥലം അനുവദിക്കുകയും അവിടെ പള്ളി പണിയുകയും ചെയ്തു. കടലോര വ്യാപാരപാതയുമായി ചേർന്നുനിന്ന ഈ പ്രദേശം അക്കാലത്ത് പ്രധാനപ്പെട്ടൊരു വാണിജ്യകേന്ദ്രവുമായിരുന്നു.
മാടായി പള്ളിയുടെ പഴക്കം പറയുമ്പോൾ രണ്ടു വഴികളാണ് നമുക്കു മുന്നിലുള്ളത്. മാലിക് ദീനാറിൻ്റെ കാലത്തുതന്നെ ഇവിടെ പള്ളി ഉണ്ടായിരുന്നുവെന്നു നാട്ടുപാരമ്പര്യം പറയുന്നു. എന്നാൽ പള്ളിയിൽനിന്നു ലഭിച്ച പഴയ ശിലാലിഖിതം അതിൻ്റെ രേഖാമൂലമുള്ള ചരിത്രത്തെ പന്ത്രണ്ടാം നൂറ്റാണ്ടിലേക്കാണ് എത്തിക്കുന്നത്.
പാരമ്പര്യകഥയ്ക്ക് അതിൻ്റേതായ സ്ഥാനമുണ്ട്; ശിലാലിഖിതം നൽകുന്ന തെളിവിനും അതിൻ്റേതായ വിലയുണ്ട്. രണ്ടിനെയും ചേർത്തുവെച്ചുകൊണ്ടാണ് ഈ പള്ളിയുടെ പഴമയും ചരിത്രവും മനസ്സിലാക്കേണ്ടത്.
ഹിജ്റ 518, അതായത് ക്രി.വ. 1124-നോടടുത്ത കാലത്തേതായി കണക്കാക്കപ്പെടുന്ന ശിലാലിഖിതം ഈ പള്ളിയുടെ ചരിത്രത്തിൽ ഏറെ വിലപ്പെട്ട രേഖയാണ്. നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് ഇന്നിലേക്കെത്തിയ ആ എഴുത്ത്, മാടായി പള്ളി ഒരു സാധാരണ ആരാധനാലയമല്ലെന്നും മലബാറിൻ്റെ പഴയ മുസ്ലിം ജീവിതത്തിൻ്റെ ഒരു പ്രധാന സാക്ഷിയാണെന്നും ഓർമിപ്പിക്കുന്നു.
മാടായിയുടെ ചരിത്രം അതുകൊണ്ടുതന്നെ ഒരു പഴയ പള്ളിയുടെ ചരിത്രത്തിൽ ഒതുങ്ങുന്നില്ല. ഏഴിമലയും പഴയങ്ങാടിയും ചുറ്റിപ്പറ്റിയിരുന്ന കടൽവ്യാപാരവും നാട്ടുരാജാക്കന്മാരും അറബ് കച്ചവടക്കാരും ഇവിടെ വളർന്നുവന്ന മുസ്ലിം സമൂഹവും—ഇവയെല്ലാം ചേർന്നാണ് മാടായിയുടെ ചരിത്രം പൂർണമാകുന്നത്.
4. ബാർക്കൂർ — ഫാക്കനൂരിൻ്റെ തുറമുഖ പള്ളി
ഇനി കേരളത്തിൻ്റെ അതിർത്തി കടന്ന് കർണാടകയുടെ തീരത്തേക്ക്.
ഉഡുപ്പി ജില്ലയിലെ ബാർക്കൂർ പുരാതനകാലത്തെ പ്രധാനപ്പെട്ടൊരു തുറമുഖ നഗരമായിരുന്നു. അറബിക്കടലിലൂടെ വന്ന കപ്പലുകൾക്ക് മലബാറിനും കർണാടകയ്ക്കുമിടയിലെ വ്യാപാരപാതയിൽ ബാർക്കൂരിനും വലിയ സ്ഥാനമുണ്ടായിരുന്നു. ആലുപ രാജവംശത്തിൻ്റെ തലസ്ഥാനമായിരുന്ന ബാർക്കൂർ അക്കാലത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നു കൂടിയായിരുന്നു.
മാലിക് ദീനാറിൻ്റെ അനുയായികൾ പള്ളി സ്ഥാപിച്ച സ്ഥലങ്ങളിൽ ഒന്നായി ഫാക്കനൂരിനെ ഖിസ്സത്ത് ശകർവതി ഫർമാദ് പരാമർശിക്കുന്നു.
ഇത് ഒരു പ്രധാന ചരിത്രസൂചനയാണ്.
മലബാറിലെ ആദ്യകാല ഇസ്ലാമിക സാന്നിധ്യം ഇന്നത്തെ കേരളത്തിൻ്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. വടക്കോട്ട് കർണാടക തീരത്തേക്കും അത് നീണ്ടിരുന്നു. കടൽവ്യാപാരപാതകളിലൂടെ കച്ചവടക്കാർ മാത്രമല്ല സഞ്ചരിച്ചത്; മനുഷ്യരും ആശയങ്ങളും വിശ്വാസങ്ങളും കൂടിയാണ് സഞ്ചരിച്ചത്.
അതുകൊണ്ടാണ് ബാർക്കൂരിലെ പള്ളി ഈ പത്ത് പള്ളികളുടെ പട്ടികയിൽ ഇടം നേടുന്നത്.
5. മംഗ്ളൂരു — സീനത്ത് ബക്ഷ് മസ്ജിദ്
അടുത്ത താവളം മംഗ്ളൂരു.
അറബിക്കടലിൻ്റെ തീരത്തുള്ള മംഗ്ളൂരു പുരാതനകാലം മുതൽ വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രമായിരുന്നു. അറബ് വ്യാപാരികളും പ്രാദേശിക ജനവിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ഈ തുറമുഖം സാക്ഷ്യം വഹിച്ചു. മരത്തിൽ തീർത്ത മനോഹരമായ കൊത്തുപണികളും സവിശേഷമായ കേരളീയ വാസ്തുവിദ്യാ ശൈലിയും ഈ പള്ളിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.
മാലിക് ദീനാറിൻ്റെ കാലത്തെ പള്ളി പാരമ്പര്യവുമായി ഇന്നത്തെ സീനത്ത് ബക്ഷ് മസ്ജിദിനെ ബന്ധിപ്പിക്കുന്നു.
പിന്നീടുള്ള കാലത്ത് ടിപ്പു സുൽത്താൻ്റെ കാലത്ത് പള്ളി പുനരുദ്ധരിക്കപ്പെട്ടുവെന്ന പാരമ്പര്യവും നിലനിൽക്കുന്നു.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പുരാതന പള്ളികളുടെ ചരിത്രം ഒരൊറ്റ കാലഘട്ടത്തിൽ അവസാനിക്കുന്ന കഥയല്ല. ഓരോ തലമുറയും അവയെ സംരക്ഷിക്കുകയും പുതുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇന്നത്തെ കെട്ടിടങ്ങളിൽ പല കാലഘട്ടങ്ങളുടെ അടയാളങ്ങൾ കാണാം.
ഒരു പള്ളിയുടെ പേര് മാറിയേക്കാം. കെട്ടിടത്തിൻ്റെ രൂപം മാറിയേക്കാം. ചുറ്റുപാടുകൾ മാറിയേക്കാം. പക്ഷേ നൂറ്റാണ്ടുകളായി അവിടെ നിലനിന്ന ആരാധനയും സമൂഹജീവിതവും ആ ചരിത്രത്തിൻ്റെ തുടർച്ചയായി തുടരുന്നു.
6. കാസർകോട് — തളങ്കരയിലെ മാലിക് ദീനാർ പള്ളി
ഇനി എത്തുന്നത് കാസർകോടിൻ്റെ മണ്ണിലേക്ക്.
തളങ്കരയിലെ മാലിക് ദീനാർ ജുമാ മസ്ജിദ് കാസർകോടിൻ്റെ മുസ്ലിം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ്.
പ്രദേശവാസികൾ ഒരു കാലത്ത് വലിയ ജമാഅത്ത് പള്ളി എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. പിന്നീട് മാലിക് ദീനാറുമായി ബന്ധപ്പെട്ട പാരമ്പര്യം കൂടുതൽ ശക്തമായതോടെ മാലിക് ദീനാർ ജുമാ മസ്ജിദ് എന്ന പേര് വ്യാപകമായി.

മാലിക് ദീനാറിൻ്റെ ഭൗതികശരീരം ഇവിടെ ഖബറക്കം നടത്തിയെന്നാണ് ശക്തമായ പ്രാദേശിക വിശ്വാസം. പള്ളിയുടെ വളപ്പിലെ ഖബറും ദർഗയും ഈ വിശ്വാസത്തിൻ്റെ കേന്ദ്രമാണ്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന മാലിക് ദീനാർ ഉറൂസ് മതസൗഹാർദത്തിൻ്റെയും വിശ്വാസത്തിൻ്റെയും വലിയൊരു സംഗമം കൂടിയാണ്.
ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ വ്യത്യസ്ത പാരമ്പര്യങ്ങൾ കാണുന്നുണ്ടെങ്കിലും, തളങ്കരയിലെ മാലിക് ദീനാർ പള്ളി കാസർകോടിൻ്റെ മത-സാംസ്കാരിക ചരിത്രത്തിൽ വഹിക്കുന്ന സ്ഥാനം തർക്കമില്ലാത്തതാണ്.
കാസർകോട്ടുകാരുടെ ഓർമയിൽ ഇത് ഒരു പള്ളി മാത്രമല്ല. തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു ഓർമക്കല്ലാണ്. കടൽ മാർഗം കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന ഒരു വലിയ കല്ല് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇപ്പോഴും കാണാം.
മാലിക് ദീനാറിൻ്റെ പേരുമായി കാസർകോടിൻ്റെ മണ്ണ് ഇത്രയും അടുപ്പത്തിൽ ചേർന്നുനിൽക്കുന്നതും അതുകൊണ്ടുതന്നെ.
7. ശ്രീകണ്ഠപുരം — കടലിൽനിന്ന് നദിയിലേക്ക്
മാലിക് ദീനാറിൻ്റെ പള്ളികളുടെ പട്ടികയിലെ ഏറ്റവും കൗതുകകരമായ കേന്ദ്രങ്ങളിലൊന്നാണ് ശ്രീകണ്ഠപുരം.
മറ്റു പല പള്ളികളും തുറമുഖങ്ങളോടും കടൽത്തീരങ്ങളോടും ചേർന്നാണ് നിലകൊള്ളുന്നത്. എന്നാൽ ശ്രീകണ്ഠപുരം ഉൾനാടൻ നദീതീര വ്യാപാരകേന്ദ്രവുമായി ബന്ധപ്പെട്ടതാണ്. കണ്ണൂരിലെ വളപട്ടണം പുഴയിലൂടെയുള്ള ഉൾനാടൻ ജലഗതാഗതം അക്കാലത്ത് മലഞ്ചരക്ക് വ്യാപാരത്തിൻ്റെ നട്ടെല്ലായിരുന്നു.
വളപട്ടണം പുഴയുമായി ബന്ധപ്പെട്ട പഴയ വ്യാപാരപാതകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രദേശത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.
ഇത് ഒരു വലിയ ചരിത്രസത്യം ഓർമിപ്പിക്കുന്നു.
ഇസ്ലാമിൻ്റെ ആദ്യകാല സാന്നിധ്യം കടൽത്തീരത്ത് കപ്പലിറങ്ങിയ വ്യാപാരികളിൽ മാത്രം ഒതുങ്ങിയില്ല. നദികളിലൂടെ അത് ഉൾനാടുകളിലേക്കും സഞ്ചരിച്ചു.
കച്ചവടത്തിൻ്റെ വഴിയായിരുന്നു നദി. യാത്രയുടെ വഴിയായിരുന്നു നദി. ആ വഴിയിലൂടെയാണ് പുതിയ ബന്ധങ്ങളും പുതിയ ആശയങ്ങളും നാട്ടിൻ്റെ ഉൾപ്രദേശങ്ങളിലേക്കെത്തിയത്.
അതിനാൽ പത്ത് പള്ളികളിൽ കടൽത്തീരത്തല്ലാതെ ഉൾനാടൻ നദീതീരത്ത് നിലകൊള്ളുന്ന പ്രത്യേക കണ്ണിയാണ് ശ്രീകണ്ഠപുരം. ഒരു ദർഗ ഈ പള്ളി മുറ്റത്ത് പുഴയോരത്തുണ്ട്.
8. ധർമ്മടം — പുഴയും കടലും ചേരുന്നിടത്ത്
കണ്ണൂർ ജില്ലയിലെ ധർമ്മടം.
പുഴയും കടലും ചേർന്ന് തീർക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ധർമ്മടത്തിൻ്റെ മുഖമുദ്ര. പുരാതനകാലത്ത് ജലമാർഗ ഗതാഗതത്തിനും വ്യാപാരത്തിനും ഏറെ അനുയോജ്യമായിരുന്നു ഈ പ്രദേശം. ബുദ്ധ-ജൈന മതങ്ങൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഈ ഭൂപ്രദേശം പിന്നീട് അറബ് വ്യാപാരത്തിൻ്റെയും സാംസ്കാരിക വിനിമയത്തിൻ്റെയും പ്രധാന ഇടത്താവളമായി മാറുകയായിരുന്നു.
മാലിക് ദീനാറിൻ്റെ സംഘത്തിൻ്റെ പള്ളികളിലൊന്നായി ധർമ്മടം പാരമ്പര്യത്തിൽ ഇടംപിടിക്കുന്നു.
പള്ളിയുടെ ചരിത്രത്തെ അതിൻ്റെ ഭൂമിശാസ്ത്രത്തിൽനിന്ന് വേർതിരിച്ച് കാണാനാവില്ല. വെള്ളമായിരുന്നു അന്നത്തെ പ്രധാന യാത്രാമാർഗം. പുഴയാണ് ഉൾനാടിനെ തുറമുഖവുമായി ബന്ധിപ്പിച്ചിരുന്നത്.
അതുകൊണ്ടുതന്നെ പള്ളികളും പലപ്പോഴും ഈ ജലപാതകളുടെ അരികിലാണ് വളർന്നത്.
ധർമ്മടം അതിൻ്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കപ്പുറം മലബാറിൻ്റെ പഴയ ജലവ്യാപാരത്തിൻ്റെ ഒരു ഓർമയും സൂക്ഷിച്ചുവെച്ചിരിക്കുന്നു.
9. കൊല്ലം - പന്തലായനി പഴയ തുറമുഖത്തിൻ്റെ ഓർമ
ഇന്നത്തെ കൊയിലാണ്ടിക്കടുത്തുള്ള പന്തലായനി.
മധ്യകാല മലബാറിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു പന്തലായനി. അറബ് യാത്രികരുടെ യാത്രാവിവരണങ്ങളിലും ഈ പ്രദേശത്തിൻ്റെ പ്രാധാന്യം പ്രതിഫലിക്കുന്നുണ്ട്.
മാലിക് ദീനാറിൻ്റെ പാരമ്പര്യവുമായി ബന്ധിപ്പിക്കപ്പെടുന്ന പന്തലായനി ജുമാ മസ്ജിദ് ആ പഴയ തുറമുഖ സംസ്കാരത്തിൻ്റെ അവശേഷിക്കുന്ന ഓർമകളിലൊന്നാണ്.
വിദേശ യാത്രികർ കപ്പലിറങ്ങിയ തുറമുഖം, അറബ് വ്യാപാരികൾ താമസിച്ച ഇടങ്ങൾ, പള്ളി, ഖാദി, വിപണി -ഇവയെല്ലാം ചേർന്നാണ് ഒരു മധ്യകാല മലബാർ നഗരത്തിൻ്റെ ചിത്രം രൂപപ്പെട്ടത്.
ഇബ്ൻ ബത്തൂത്തയെപ്പോലുള്ള സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ മലബാറിലെ തുറമുഖ നഗരങ്ങൾക്കുള്ള പ്രാധാന്യം കാണാം. ലോകസഞ്ചാരിയായ ഇബ്ൻ ബത്തൂത്ത തൻ്റെ ചരിത്രപ്രസിദ്ധമായ യാത്രാവിവരണങ്ങളിൽ പന്തലായനിയെ 'ഫന്ദരീന' എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പന്തലായനി പള്ളിയുടെ ചരിത്രം വായിക്കുമ്പോൾ ഒരു പള്ളിയുടെ മാത്രം ചരിത്രമല്ല വായിക്കുന്നത്; ഒരു പഴയ തുറമുഖ നഗരത്തിൻ്റെ ചരിത്രമാണ് വായിക്കുന്നത്.
കടൽക്കാറ്റിനൊപ്പം പല ദേശങ്ങളിൽനിന്നെത്തിയ മനുഷ്യരുടെ പാദമുദ്രകൾ പതിഞ്ഞിരുന്ന മണ്ണായിരുന്നു പന്തലായനി.
10. ചാലിയം — പള്ളിയിൽ നിന്ന് പാഠശാലയിലേക്ക്
പത്ത് പള്ളികളുടെ പട്ടികയിലെ അവസാന കണ്ണി ചാലിയം.
കോഴിക്കോട് ജില്ലയിലെ ചാലിയം പുരാതനകാലം മുതൽ തന്നെ ഒരു പ്രധാന നദീതുറമുഖമായിരുന്നു. മാലിക് ഇബ്ൻ ഹബീബ് ഇവിടെ എത്തി പള്ളി സ്ഥാപിക്കുകയും കുറച്ചുകാലം ഇവിടെ താമസിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവെന്ന പാരമ്പര്യമുണ്ട്. സാമൂതിരി രാജാക്കന്മാരും പോർച്ചുഗീസുകാരും തമ്മിലുള്ള ചരിത്രപരമായ പോരാട്ടങ്ങളുടെ പ്രധാന വേദിയായിരുന്ന ചാലിയം തന്ത്രപ്രധാനമായ ഒരു നഗരം കൂടിയായിരുന്നു.
പിന്നീടുള്ള കാലത്ത് ചാലിയം പള്ളി മതപഠനത്തിൻ്റെയും ദർസ് സംവിധാനത്തിൻ്റെയും പ്രധാന കേന്ദ്രമായി വളർന്നു.
മലബാറിലെ ഇസ്ലാമിക വിജ്ഞാനപരമ്പരയുടെ വളർച്ചയിൽ ഇത്തരം പള്ളികൾ വഹിച്ച പങ്ക് വളരെ വലുതാണ്.
പള്ളിയുടെ ഒരു ഭാഗത്ത് നമസ്കാരത്തിന് വേണ്ടി മാറ്റിവെച്ചപ്പോൾ മറ്റൊരു ഭാഗത്ത് കുട്ടികൾ ഖുർആനും അറബിയും മതവിജ്ഞാനവും പഠിച്ചിരുന്ന കാലം. ഗുരുവിൻ്റെ ചുറ്റുമിരുന്ന് ശിഷ്യർ പഠിക്കുന്ന ദർസ് പാരമ്പര്യം പിന്നീട് മലബാറിൻ്റെ മത-വിദ്യാഭ്യാസ ജീവിതത്തിൻ്റെ പ്രധാന സവിശേഷതയായി മാറി. കേരളത്തിലെ അറിയപ്പെടുന്ന ആദ്യകാല മുസ്ലിം പണ്ഡിതർ പഠിച്ച ദർസ് എന്ന പ്രത്യേകത ചാലിയത്തിൻ്റെ ചരിത്രത്തിൽ മായാതെ നിലനിൽക്കുന്നുണ്ട്.
അങ്ങനെ പള്ളി ആരാധനാലയത്തിൽ നിന്ന് ഒരു സമൂഹത്തിൻ്റെ പഠനകേന്ദ്രമായും വളർന്നു.
ചാലിയത്തിൻ്റെ ചരിത്രത്തിൽ പള്ളിയും ദർസും തുറമുഖവും പരസ്പരം വേർതിരിക്കാനാവാത്തവയാണ്.
എന്താണ് ഖിസ്സത്ത് ശകർവതി ഫർമാദ്?
ചേരമാൻ പെരുമാളിൻ്റെ ഇസ്ലാം ആശ്ലേഷണത്തെക്കുറിച്ചും മാലിക് ദീനാറിൻ്റെയും സംഘത്തിൻ്റെയും കേരളാ സന്ദർശനത്തെക്കുറിച്ചും വിവരിക്കുന്ന പുരാതനമായ ഒരു അറബി കൈയെഴുത്തുപ്രതിയാണ് ഖിസ്സത്ത് ശകർവതി ഫർമാദ്. പതിനൊന്നാം നൂറ്റാണ്ടിലോ അതിനുശേഷമോ രചിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ രേഖയാണ് മലബാറിലെ ഇസ്ലാമിക വ്യാപനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സ്രോതസ്സുകളിലൊന്ന്. ഈ ഗ്രന്ഥത്തിലാണ് കേരളത്തിലും കർണാടകയിലുമായി നിർമിച്ച ഈ പത്ത് പള്ളികളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.
പത്ത് പള്ളികൾ, ഒരു വലിയ ചരിത്രം
കൊടുങ്ങല്ലൂരിൽ നിന്ന് ചാലിയം വരെ ഈ പത്ത് കേന്ദ്രങ്ങളെയും ഒരു ഭൂപടത്തിൽ ചേർത്തുനോക്കിയാൽ ഒരു കൗതുകകരമായ ചിത്രം തെളിയും.
-
കൊടുങ്ങല്ലൂർ
-
കൊല്ലം
-
മാടായി
-
ബാർക്കൂർ
-
മംഗ്ളൂരു
-
കാസർകോട്
-
ശ്രീകണ്ഠപുരം
-
ധർമ്മടം
-
പന്തലായനി
-
ചാലിയം
ഇവയിൽ പലതും യാദൃച്ഛികമായി തിരഞ്ഞെടുത്ത സ്ഥലങ്ങളല്ല.
പുരാതന തുറമുഖങ്ങൾ, നദീതീരങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, കടൽവ്യാപാരപാതകൾ, അവയെ ചുറ്റിപ്പറ്റി വളർന്ന ജനവാസകേന്ദ്രങ്ങൾ.
ഇവിടങ്ങളിലേക്കാണ് അറേബ്യയിൽനിന്നുള്ള കപ്പലുകൾ എത്തിയിരുന്നത്. കച്ചവടക്കാർ എത്തിയിരുന്നു. അവർ ഇവിടെ താമസിച്ചു. നാട്ടുകാരുമായി ബന്ധപ്പെട്ടു. വിവാഹബന്ധങ്ങൾ ഉണ്ടായി. പുതിയൊരു സമൂഹം രൂപപ്പെട്ടു. അതിൻ്റെ ആരാധനയ്ക്കും പഠനത്തിനും സാമൂഹിക ജീവിതത്തിനുമായി പള്ളികൾ വളർന്നു.
അതിനാൽ മാലിക് ദീനാറിൻ്റെ പത്ത് പള്ളികളുടെ കഥയെ വെറും മതചരിത്രമായി കാണുന്നത് അതിൻ്റെ വിശാലത കുറച്ചുകാണുന്നതായിരിക്കും.
ഇത് മലബാറിൻ്റെ കടൽവ്യാപാരത്തിൻ്റെ ചരിത്രമാണ്. ഇത് അറബ്-മലബാർ ബന്ധത്തിൻ്റെ ചരിത്രമാണ്. ഇത് തുറമുഖ നഗരങ്ങളുടെ വളർച്ചയുടെ ചരിത്രമാണ്. ഇത് മാപ്പിള സമൂഹത്തിൻ്റെ ആദ്യകാല രൂപീകരണത്തിൻ്റെ ചരിത്രമാണ്.
അതിലുപരി, കടലിന് അതിരുകളില്ലാത്ത ഒരു കാലത്ത് മനുഷ്യർ എങ്ങനെ കടൽ കടന്ന് പരസ്പരം കണ്ടുമുട്ടി, ഇടപഴകി, ഒരു പുതിയ സാമൂഹിക-സാംസ്കാരിക ലോകം സൃഷ്ടിച്ചു എന്നതിൻ്റെ ചരിത്രം കൂടിയാണ്.
മിത്തും ചരിത്രവും തമ്മിലുള്ള അതിർവരമ്പ്
മാലിക് ദീനാറിൻ്റെ കഥയിൽ വിശ്വാസവും പാരമ്പര്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്നു. അതിനാൽ എല്ലാം അക്ഷരാർഥത്തിൽ ചരിത്രസത്യമായി സ്വീകരിക്കുകയോ, മറിച്ച് എല്ലാം വെറും ഐതിഹ്യമെന്ന് തള്ളിക്കളയുകയോ ചെയ്യുന്നത് ശരിയായ സമീപനമല്ല.
ഖിസ്സത്ത് ശകർവതി ഫർമാദ് പോലുള്ള ഗ്രന്ഥങ്ങൾ നൽകുന്ന പാരമ്പര്യവിവരങ്ങൾ, തുഹ്ഫത്തുൽ മുജാഹിദീൻ പോലുള്ള ചരിത്രകൃതികൾ, പഴയ അറബി ശിലാലിഖിതങ്ങൾ, പള്ളികളുടെ വാസ്തുശേഷിപ്പുകൾ, യാത്രാവിവരണങ്ങൾ, പ്രാദേശിക ഓർമകൾ - ഇവയെല്ലാം ചേർത്തുവെച്ചാണ് ഈ ചരിത്രത്തെ വായിക്കേണ്ടത്.
അപ്പോഴാണ് ഒരു പള്ളി വെറും ചുമരുകളും മിനാരങ്ങളും ഉള്ള കെട്ടിടമല്ലെന്ന് മനസ്സിലാകുന്നത്. അത് ഒരു കാലത്തിൻ്റെ സാക്ഷിയാണ്. ഒരു സമൂഹത്തിൻ്റെ ഓർമയാണ്. ഒരു കടൽയാത്രയുടെ അടയാളമാണ്. ഒരു സംസ്കാരത്തിൻ്റെ തുടർച്ചയാണ്.
മലബാറിൻ്റെ തീരത്ത് തിരമാലകൾ ഇന്നും വന്നുപോകുന്നു. പക്ഷേ അവയ്ക്കരികിൽ നിൽക്കുന്ന ഈ പുരാതന പള്ളികൾ പറയുന്നത് മറ്റൊന്നാണ്.
കടൽ കടന്നുപോകുന്നവരുടെ പാത മായിച്ചുകളയും; എന്നാൽ അവർ ഇവിടെ പണിത ഓർമകൾ നൂറ്റാണ്ടുകൾ കഴിഞ്ഞും മണ്ണിൽ തന്നെ അവശേഷിക്കും. അതാണ് മാലിക് ദീനാറിൻ്റെ പത്ത് പള്ളികൾ വിട്ടേച്ച് പോയ ഏറ്റവും വലിയ പൈതൃകം.
ചരിത്ര പള്ളികൾ: ചോദ്യങ്ങളും മറുപടിയും
1. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ആരാധനാലയം ഏതാണ്? ഉത്തരം: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായി ചരിത്രകാരന്മാർ കണക്കാക്കുന്നത്. എഡി 629-ൽ നിർമിച്ചതാണിത്.
2. കാസർകോട്ടെ തളങ്കര പള്ളിയുടെ പ്രാധാന്യം എന്താണ്? ഉത്തരം: മാലിക് ദീനാറിൻ്റെ ഭൗതികശരീരം ഇവിടെയാണ് ഖബറക്കം ചെയ്തിരിക്കുന്നത് എന്നാണ് പ്രാദേശിക വിശ്വാസം. മലബാറിലെ ഇസ്ലാമിക പാരമ്പര്യത്തിൽ സുപ്രധാന സ്ഥാനമുള്ള പള്ളിയാണിത്.
3. മാലിക് ദീനാർ പള്ളികളിൽ കേരളത്തിന് പുറത്തുള്ളവ ഏതാണ്? ഉത്തരം: പുരാതന വ്യാപാര പാതകളുടെ ഭാഗമായി കർണാടകയിലെ ബാർക്കൂർ, മംഗ്ളൂരു എന്നിവിടങ്ങളിലും ഈ പാരമ്പര്യത്തിൽപ്പെട്ട പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: The article details the history of ten early Malik Dinar mosques in Malabar.
#KasargodVartha #MalabarHistory #MalikDinar #KeralaMosques #IslamicHistory #KeralaHeritage






