Gobi Manchurian | ഹോടെലില്‍ കയറി കാശ് കളയുന്നതെന്തിന്; ഗോബി മഞ്ചൂരിയന്‍ ഡ്രൈ അപാരമായ രുചിയില്‍ ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം
*നോണ്‍വെജുകാരും ഈ ഭക്ഷണം ഏറെ ആസ്വദിക്കുന്നവരാണ്
* വളരെ എളുപ്പത്തില്‍ തയാറാക്കാം
കൊച്ചി: (KasargodVartha) ഗോബി മഞ്ചൂരിയന്‍ ഡ്രൈ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. വെജ് ഹോടെലുകളിലെ താരമായ ഈ വിഭവത്തെ വെല്ലാന്‍ മറ്റൊന്നിനും തന്നെ കഴിയുകയില്ല എന്നുതന്നെ വേണം പറയാന്‍. ചപ്പാത്തിയുടെയും ഫ്രൈഡ് റൈസിന്റെയും ന്യൂഡില്‍സിന്റെയും, എന്തിന് ചോറിന്റെ കൂടെയും കഴിക്കാന്‍ സൂപ്പറാണ് ഈ വിഭവം. വെറുതെ കഴിച്ചാലും സൂപ്പറാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് ഈ വിഭവം. നോണ്‍വെജുകാരും ഈ ഭക്ഷണം വളരെ അധികം ഇഷ്ടപ്പെടുന്നവരാണ്.
മിക്കവരും ഹോടെലുകളില്‍ നിന്നും കഴിച്ച ഗോബി മഞ്ചൂരിയന്റെ രുചി കാരണം വീട്ടില്‍ ഉണ്ടാക്കി നോക്കാറുണ്ടെങ്കിലും അത്ര രുചി വരുന്നില്ലെന്ന് പറഞ്ഞ് ആവലാതി പെടാറുണ്ട്. എന്നാല്‍ വിഷമിക്കേണ്ടതില്ല. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഗോബി മഞ്ചൂരിയന്‍ ഡ്രൈയുടെ റെസിപ്പി നമുക്ക് നോക്കാം.
ചേരുവകള്‍
കോളിഫ്ളവര്‍- ഒന്ന് ചെറുത്, മൈദ- നാല് ടേബിള്‍ സ്പൂണ്‍, കോണ്‍ഫ് ളോര്‍- ഒരു ടേബിള്‍ സ്പൂണ്‍, മുളക് പൊടി- ഒരു ടീസ് പൂണ്‍, ഉപ്പ് , കുരുമുളക് പൊടി, ഇഞ്ചി അരിഞ്ഞത്- ഒരു ടീസ് പൂണ്‍, വെളുത്തുള്ളി അരിഞ്ഞത്- ഒരു ടീസ് പൂണ്‍, പച്ചമുളക് അരിഞ്ഞത്-ഒരു ടീസ് പൂണ്‍, സവാള അല്ലെങ്കില്‍ സ്പ്രിംഗ് ഓനിയന്‍ നുറുക്കിയത്-ഒരെണ്ണം, കാപ്സിക്കം നുറുക്കിയത്- രണ്ട് ടേബിള്‍ സ് പൂണ്‍, സോയ സോസ്, ചില്ലി സോസ്, റെഡ് ചില്ലി പേസ് റ്റ്, വിനാഗിരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ പാകത്തിന്
തയാറാക്കുന്ന വിധം
കോളിഫ് ളവര്‍ വൃത്തിയാക്കി ചെറുതായി അടര്‍ത്തിയെടുക്കുക. ഇത് തിളച്ച വെള്ളത്തിലേക്ക് ഇട്ട് 3-5 മിനുറ്റ്് വെക്കുക. വെള്ളം പൂര്‍ണ്ണമായും ഊറ്റിക്കളയുക. വേണമെങ്കില്‍ ഒരു ഉണങ്ങിയ തുണിയിലിട്ട് നനവ് തീര്‍ത്തും മാറ്റാം. ഇനി കോളിഫ് ളവര്‍ പൊരിക്കുന്നതിനുള്ള മാവ് തയ്യാറാക്കാം. ഒരു വലിയ പാത്രത്തില്‍ മൈദയും ഉപ്പും കോണ്‍ഫ്ളോറും മുളക് പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് മിക്സ് ചെയ്യുക.
വെള്ളം ചേര്‍ത്ത് ഇത് മാവാക്കിയെടുക്കണം. വെള്ളം അധികമാകുകയോ, കുറഞ്ഞുപോകുകയോ ചെയ്യരുത്. കോളിഫ് ളവറില്‍ മാവ് പറ്റിപ്പിടിക്കുന്ന രീതിയിലാകണം. ഇനി കോളിഫ് ളവര്‍ കഷ്ണങ്ങള്‍ മാവിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. അടുപ്പില്‍ ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, ചൂട് പാകമാകുമ്പോള്‍ ഈ കോളിഫ് ളവര്‍ മുഴുവന്‍ വറുത്തെടുക്കുക.
വറുത്തുകോരിയ കോളിഫ് ളവര്‍ എണ്ണ ഊറാനായി ഒരു കിച്ചന്‍ ടിഷ്യൂവിലേക്ക് മാറ്റുക. ഇനി മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ഒന്നര ടേബിള്‍ സ് പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് 1-2 മിനുറ്റ് ഇളക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും കാപ്സിക്കവും ചേര്‍ത്ത് 1-2 മിനുറ്റ് ഇളക്കി വേവിക്കുക.
ഇതിലേക്ക് അരടീസ് പൂണ്‍ സോയ സോസ് ചേര്‍ക്കുക. ഒരു ടേബിള്‍ സ് പൂണ്‍ ചില്ലി സോസ്, ചില്ലി പേസ്റ്റ്, ഒരു ടീസ്പൂണ്‍ വിനാഗിരി എന്നിവയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ചില്ലി പേസ്റ്റിനായി മുളക് പൊടിയില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് ആക്കിയാല്‍ മതി. പൊടി നേരിട്ട് ചേര്‍ക്കാതിരിക്കുക.
ഇതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. മിക്സ് ചെയ്തതിന് ശേഷം മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളം കൂടി ചേര്‍ക്കുക. ഈ വെള്ളം മസാലയില്‍ പിടിച്ച് നല്ലവണ്ണം വേവുന്നത് വരെ തീ കുറച്ചുവെക്കുക. സോസ് കട്ടിയായി തുടങ്ങുമ്പോള്‍ തരിയുള്ള കുരുമുളക് പൊടി ചേര്‍ത്ത് തീ ഓഫ് ചെയ്യുക.
സോസ് മിക്സ് രുചിച് നോക്കി, പുളി, മധുരം, എരിവ് എന്നിവയുടെ പാകം പരിശോധിക്കുക. ആവശ്യമെങ്കില്‍ വിനാഗിരിയും, ഉപ്പും, സോസും വീണ്ടും ചേര്‍ത്ത് പാകത്തിലാക്കിയെടുക്കുക. വിളമ്പുന്നതിന് മുമ്പായി വറുത്തുവെച്ചിരിക്കുന്ന കോളിഫ് ളവര്‍ കൂടി ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക. ഗോബി മഞ്ചൂരിയന്‍ ഡ്രൈ തയ്യാര്‍.