Curry Recipe | അതിഥികള്‍ വന്നാല്‍ ടെന്‍ഷന്‍ വേണ്ട; വഴുതനങ്ങ തൈര് കറി എളുപ്പത്തില്‍ തയാറാക്കാം
കൊച്ചി: (KasargodVartha) മിക്കവാറും എല്ലാ വീടുകളിലും വഴുതനങ്ങ കാണാം. സ്വാദിഷ്ടമായ പലതരം വിഭവങ്ങളും ഉണ്ടാക്കാന്‍ ഇതുകൊണ്ട് കഴിയും. അതുകൊണ്ടുതന്നെ എന്തുകറി വെക്കും എന്ന കാര്യത്തില്‍ ടെന്‍ഷനൊന്നും വേണ്ട. വഴുതനങ്ങയ്‌ക്കൊപ്പം തൈരും ഉണ്ടെങ്കില്‍ സൂപ്പര്‍.
അതിഥികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ തയാറാക്കുന്ന ഒരു വിഭവമാണ് വറുത്ത വഴുതനങ്ങയും തൈരും ചേര്‍ത്ത് കൊണ്ടുള്ള കറി. സ്വാദിഷ്ടമായ ഈ വിഭവം എല്ലാവര്‍ക്കും ഇഷ്ടമാകും.
ചേരുവകള്‍
വഴുതനങ്ങ-3
തൈര്-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
എണ്ണ
കറിവേപ്പില
തയാറാക്കുന്നവിധം
വഴുതനങ്ങ കഴുകി വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. വല്ലാതെ കനം കുറച്ച് അരിയരുത്. ഇത് അല്‍പനേരം ഉപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിന്നീടിതിന്റെ വെള്ളം മുഴുവന്‍ കളഞ്ഞെടുക്കണം. മുളകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ കലര്‍ത്തി വഴുതനങ്ങ കഷ്ണങ്ങളില്‍ നല്ലപോലെ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. വഴുതനങ്ങാ കഷ്ണങ്ങള്‍ ഇതില്‍ ഇട്ട് വറുത്തെടുക്കണം. തൈര് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കണം. പാകത്തിന് അല്‍പം ഉപ്പും കറിവേപ്പിലയും ചേര്‍ക്കണം.
വറുത്തെടുത്ത വഴുതനങ്ങ കഷ്ണങ്ങള്‍ തൈരിലേക്ക് ചേര്‍ത്ത് ഇളക്കുക. ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിയ്ക്കാന്‍ സൂപ്പറാണ്.