city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: ഹബീബ് റഹ്‌മാന്‍ കള്ളക്കഥ മെനയുന്നു; കൊലപാതകമാണെന്നതിന് സാഹചര്യതെളിവുണ്ട് - SKSSF സംസ്ഥാന സെക്രട്ടറി

കാസര്‍കോട്:(www.kasargodvartha.com 05.11.2014) ചെമ്പരിക്ക - മംഗലാപുരം ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന പി. ഹബീബ് റഹ്‌മാന്‍ ഇപ്പോള്‍ കള്ളക്കഥ മെനയുകയാണെന്ന് എസ്.കെ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍. ഖാസിയുടെ മരണം കൊലപാതകമാണെന്നതിന് വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ കൈമാറിയില്ല എന്ന് ചോദിച്ചപ്പോള്‍ ഒരു അന്വേഷണ ഏജന്‍സിയും തങ്ങളുടെ പക്കലുള്ള തെളിവ് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നായിരുന്നു എസ്.കെ.എസ്.എഫ്. നേതാവിന്റെ മറുപടി.

ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചത് എസ്.കെ.എസ്.എഫ്. ആയിരുന്നു. അതുകൊണ്ടുതന്നെ കേസ് അന്വേഷണത്തില്‍ അവര്‍ ഞങ്ങളെ സമീപിക്കേണ്ടതായിരുന്നു - ജെഡിയാര്‍ പറഞ്ഞു. ലോക്കല്‍ പോലീസോ, ക്രൈംബ്രാഞ്ചോ, സി.ബി.ഐയോ സംഘടനയുടെ ഒരു നേതാവിനെപോലും തെളിവ് നല്‍കാന്‍ വിളിപ്പിച്ചില്ല. തെളിവുണ്ടെങ്കില്‍ ഞങ്ങള്‍ അതു പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞപ്പോള്‍ അന്വേഷണസംഘത്തിന് മത്രമേ തെളിവ് കൈമാറു എന്നായിരുന്നു ജഡിയാരുടെ പ്രതികരണം.

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എഫിന്റെ ഒരു നേതാവും തന്നെ വന്ന് കണ്ടിട്ടില്ലെന്ന് ഹബീബ് റഹ്‌മാന്‍ പറഞ്ഞത് പച്ചക്കള്ളമാണ്. ഖാസി മരിച്ച് മൂന്നാം ദിവസം വൈകുന്നേരം നാല് മണിയോടെ അന്നത്തെ ജില്ലാ പ്രസിഡന്റായിരുന്ന അബൂബക്കര്‍ സാലൂദ് നിസാമിയും ജനറല്‍ സെക്രട്ടറിയായിരുന്നു താനും ഇപ്പോഴത്തെ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും ഭാരവാഹിയായ റഷീദ് ബെളിഞ്ചവുമാണ് ഡി.വൈ.എസ്.പി. ഓഫീസില്‍ നേരിട്ട് ചെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഹബീബിനെ കണ്ടത്.

ഞങ്ങള്‍ ഡി.വൈ.എസ്.പിയെ സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ കൂടെവന്നവരില്‍ ഒരാള്‍ എടുക്കുമ്പോള്‍ ഹബീബ് റഹ്‌മാന്‍ ഫോട്ടോയെടുക്കുന്നത് വിലക്കുകയായിരുന്നു. ഇപ്പോള്‍ ഖാസിയുടെ മരണം ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്നുവെന്ന് പറയുന്ന ഹബീബ് റഹ്‌മാന്‍ തന്നെയാണ് അന്ന് അത് ആത്മഹത്യയാക്കാന്‍ ശ്രമിച്ചതെന്ന് ജെഡിയാര്‍ കുറ്റപ്പെടുത്തി. സി.എം. ഉസ്താദിന്റെ മരണവിവരമറിഞ്ഞ് എത്തിയ യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി അടക്കമുള്ളവര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനാണ് പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി നിര്‍ബന്ധിച്ചതെന്നാണ് ഹബീബ് റഹ്‌മാന്‍ ഇപ്പോള്‍ പറയുന്നത്.

ഈ സംഭവത്തിന് ശേഷം എസ്.പിയായി സ്ഥാനക്കയറ്റം കിട്ടിയ ഹബീബ് റഹ്‌മാന് ചെമ്മനാട് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പരസ്യമായി പറഞ്ഞത് സി.എം. ഉസ്താദിന്റെ മരണത്തില്‍ ഞാന്‍ പറഞ്ഞതല്ലാതെ മറിച്ച് തെളിയിച്ചാല്‍ തന്‍ ധരിച്ച കാക്കികുപ്പായം ഊരിവെക്കുമെന്നാണ്. ഈ സ്വീകരണത്തിലേക്ക് എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇത് തെളിയിക്കുന്നത് ഉസ്താദിന്റേത് ആത്മഹത്യയാണെന്ന് ഹബീബ് റഹ്‌മാന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നതാണ്. പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈബ്രാഞ്ചും സി.ബി.ഐയും ഹബീബ് റഹ്‌മാന്‍ ഉണ്ടാക്കിയ തിരക്കഥവെച്ചാണ് തുടരന്വേഷണം നടത്തിയത്. ഖാസിയുടേത് കൊലപാതകമാണെന്നത് നൂറ് ശതമാനം ഉറപ്പാണ്. പല ഏജന്‍സികള്‍ അന്വേഷിച്ച ശേഷം അഭയ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയതുപോലെ സി.എം. ഉസ്താദിന്റെ മരണവും കൊലപാതകമാണെന്നത് വൈകാതെ തന്നെ തെളിയിക്കപ്പെടുമെന്നും ഇബ്രാഹിം ഫൈസി ജെഡിയാര്‍ വ്യക്തമാക്കി.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ തന്നെ കൊലപാതകമാണെന്ന് തെളിയിക്കുന്നതിനുള്ള ഒട്ടേറെ നിഗമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതൊന്നും കണക്കിലെടുത്തില്ലെന്നും ജെഡിയാര്‍ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗില്‍ അംഗത്വം എടുക്കാന്‍ തീരുമാനിച്ച ഹബീബ് റഹ്‌മാനെ അതിന് അനുവദിക്കരുതെന്നും ജെഡിയാര്‍ ആവശ്യപ്പെട്ടു. ഡി.വൈ.എസ്.പിയെ ഞങ്ങള്‍ ചെന്നുകണ്ടപ്പോള്‍ പറഞ്ഞ മറ്റൊരു കാര്യവും കള്ളമാണെന്ന് ജെഡിയാര്‍ ഓര്‍മിപ്പിച്ചു. ഹബീബ് റഹ്‌മാന്റെ ഭാര്യാ പിതാവ് ബേവിഞ്ചയില്‍ മരിച്ചപ്പോള്‍ സി.എം. അബ്ദുല്ല മൗലവി അവിടെ മയ്യത്ത് കാണാന്‍ വന്നിരുന്നതായും വീട്ടിലേക്കുള്ള സ്റ്റെപ്പുകള്‍ കയറിയാണ് ഉസ്താദ് വന്നതെന്നും ഹബീബ് റഹ്‌മാന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. അന്ന് ഞങ്ങള്‍ അത് വിശ്വസിച്ചിരുന്നു. പിന്നീട് മയ്യത്ത് കണാന്‍ സി.എം. ഉസ്താദിനോടൊപ്പം കൂടെയുണ്ടായിരുന്ന യു.എം. അബ്ദുര്‍ റഹ്‌മാന്‍ മൗലവിയോട് ഇക്കാര്യം ചോദിച്ചപ്പോഴാണ് സത്യാവസ്ഥ മറ്റൊന്നാണെന്ന് അറിയാന്‍ കഴിഞ്ഞതെന്നും ജെഡിയാര്‍ പറഞ്ഞു.

സ്റ്റെപ്പ് കയറിയല്ല സി.എം. ഉസ്താദ് മരണവീട്ടിലേക്ക് പോയത്. കാറില്‍ റോഡുവഴി യു.എം. ഉസ്താദിനോടൊപ്പമാണ് വീട്ടുമുറ്റത്ത് വന്നിറങ്ങുകയായിരുന്നുവെന്നും ജെഡിയാര്‍ പറഞ്ഞു. ഉസ്താദിന് കടുക്ക കല്ലിലേക്ക് കയറാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ തെറ്റധരിപ്പിക്കാനാണ് ഈയൊരു ഉദ്ഹരണം ഹബീബ് റഹ്‌മാന്‍ പറഞ്ഞതെന്നും ജെഡിയാര്‍ കൂട്ടിച്ചേര്‍ത്തു. ഖാസി കേസില്‍ താന്‍ ഒരുതരത്തിലുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്ന ഹബീബ് റഹ്‌മാന്റെ വാദത്തേയും ജെഡിയാര്‍ ഖണ്ഡിച്ചു. സി.എമ്മിന്റെ കിടപ്പുമുറി ചവിട്ടിതുറന്ന് ബുര്‍ദയിലെ വാക്യങ്ങള്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയെന്നായിരുന്നു എല്ലാവരുംകേള്‍ക്കെ ഉറക്കെ ഡി.വൈ.എസ്.പി. വിളിച്ചുപറഞ്ഞത്. ഒരു പത്രക്കാരനെമാത്രം അകത്തേക്ക് വളിച്ച് ഫോട്ടോയ്ക്ക് നിന്നുകൊടുത്ത് ആത്മഹത്യാ കുറിപ്പാണെന്ന് പറഞ്ഞത് തന്നെ കേസിന്റെ അട്ടിമറി നീക്കമായിരുന്നുവെന്നും ജെഡിയാര്‍ വ്യക്തമാക്കി.

ഖാസിയുടെ മരണം: ഹബീബ് റഹ്‌മാന്‍ കള്ളക്കഥ മെനയുന്നു; കൊലപാതകമാണെന്നതിന് സാഹചര്യതെളിവുണ്ട് - SKSSF സംസ്ഥാന സെക്രട്ടറി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia