city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. നീലകണ്ഠനെ ഒറ്റപ്പെടുത്താനുള്ള എ ഗ്രൂപ്പ് നീക്കത്തിനെതിരെ ഐ വിഭാഗം രംഗത്ത്

കെ. നീലകണ്ഠനെ ഒറ്റപ്പെടുത്താനുള്ള എ ഗ്രൂപ്പ് നീക്കത്തിനെതിരെ ഐ വിഭാഗം രംഗത്ത്
            കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍
കാസര്‍കോട്: ഡി. സി. സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠനെ ഒറ്റപ്പെടുത്താനുള്ള എ ഗ്രൂപ്പ് നീക്കത്തിനെതിരെ ഐ വിഭാഗം ശക്തമായി രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വ ഫോമുകള്‍ തട്ടിയെടുത്തത് നീലകണ്ഠന്റെയും കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എം. നാരായണന്‍ കുട്ടിയുടെയും നേതൃത്വത്തിലാണെന്ന വ്യാജ ആരോപണവുമായി രംഗത്ത് വന്ന എ ഗ്രൂപ്പിന്റെ നീക്കം പൊളിച്ചു കൊണ്ട് ഐ ഗ്രൂപ്പ് നേതാക്കളായ അഡ്വ സി കെ ശ്രീധരന്‍, ഡി. സി. സി വൈസ് പ്രസിഡണ്ട് പി. എ. അഷറഫലി, ജനറല്‍ സെക്രട്ടറിമാരായ കെ. കെ. രാജേന്ദ്രന്‍, പി. കെ. ഫൈസല്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, എ. എ. കയ്യംകൂടല്‍, പ്രഭാകര്‍ ചൗട്ട എന്നിവര്‍ കാസര്‍കോട്ട് നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് നീങ്ങാന്‍ കാരണമായി.

യഥാര്‍ത്ഥത്തില്‍ അംഗത്വ ഫോറങ്ങള്‍ തട്ടിയെടുത്തത് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ പ്രതികളാകുമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ വെളിപ്പെടുത്തി. കെ നീലകണ്ഠനെതിരെയും മറ്റും ആരോപണമുന്നയിച്ചത് കാള പെറ്റു എന്നറിഞ്ഞപ്പോള്‍ തന്നെ കയറെടുക്കുന്ന സമീപനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാക്കള്‍ നീലകണ്ഠന്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് കൊണ്ടാണ് തങ്ങളും വാര്‍ത്താ സമ്മേളനം നടത്താന്‍ നിര്‍ബന്ധിതരായതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍, ഉദുമ, കാസര്‍കോട് മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പാണ് നേടിയത്. മഞ്ചേശ്വരവും കാഞ്ഞങ്ങാടും മാത്രമാണ് എ ഗ്രൂപ്പിന് ലഭിച്ചത്. ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ ഐ ഗ്രൂപ്പിന് മുന്‍തൂക്കം ലഭിക്കുമെന്ന് വ്യക്തമായതോടെയാണ് ബോധപൂര്‍വ്വം എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

ഇവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും തങ്ങളുടെ പക്ഷത്തു നിന്നുണ്ടാകില്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. കെ. എസ്. യു സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്റെ കൈയ്യിലുണ്ടായിരുന്ന കാസര്‍കോട് മണ്ഡലം ഐ ഗ്രൂപ്പ് തിരിച്ച് പിടിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കുമെന്ന് ബോധ്യമായതോടെയാണ് ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഒറ്റപ്പെടുത്താന്‍ എ ഗ്രൂപ്പിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി തന്നെ വ്യക്തമാക്കി.

Keywords: Youth congress, Membership, Camp, Clash, A group, I group, K.Neelakandan, Press meet, Kasaragod, Kerala, Malayalam news

Related news:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia