city-gold-ad-for-blogger

മാലമോഷണക്കേസിലെ വാര്‍ത്ത പ്രചോദനമായി; സജിത്തും ബിജുവും കവര്‍ന്നത് 24 പവനോളം സ്വര്‍ണം, 8 കേസുകള്‍ തെളിഞ്ഞു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06/07/2016) കഴിഞ്ഞ ദിവസം യുവതിയുടെ മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ നാട്ടുകാരുടെ പിടിയിലായ രണ്ട് പ്രതികളെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചെറുവത്തൂര്‍ വെങ്ങാട്ട് സ്വദേശികളും വാര്‍പ്പ് തൊഴിലാളികളുമായ കെ വി ബിജു (30), ടി സജിത്ത് (29) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ആറ് മാസം മുമ്പാണ് ഇവര്‍ ബൈക്കുകളില്‍ ചെന്ന് സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ തുടങ്ങിയത്. ഇതുവരെയായി എട്ട് സ്ത്രീകളുടെ 24 പവനോളം സ്വര്‍ണം ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. നീലേശ്വരം പേരോലില്‍ ഒരു യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണമാലയും, നീലേശ്വരം ബീവറേജസിന് സമീപത്തെ റോഡില്‍ വെച്ച് ഫെബ്രുവരി 21ന് ഒരു യുവതിയുടെ രണ്ടര പവന്റെ സ്വര്‍ണമാലയും ഇവര്‍ കവര്‍ന്നു. ചീമേനി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട വെള്ളച്ചാലില്‍ വെച്ച് ഒരു യുവതിയുടെ ഒന്നേ മുക്കാല്‍ തൂക്കം വരുന്ന സ്വര്‍ണ മാല തട്ടിയെടുത്തതായും പ്രതികള്‍ സമ്മതിച്ചു.

പിലിക്കോട് ഏച്ചിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ വെച്ച് വൃദ്ധയായ സ്ത്രീയെ തള്ളിവീഴ്ത്തി ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ മാലയും പൊട്ടിച്ചെടുത്തിരുന്നു. ഇതിന് ശേഷം പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട മഹാദേവ ഗ്രാമത്തിലെ അയോധ്യ ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണമാലയും, പയ്യന്നൂര്‍ സഹകരണ ആശുപത്രി റോഡില്‍ വെച്ച് ഒരു യുവതിയുടെ രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും, കരിവെള്ളൂര്‍ ഓണക്കുന്ന് പെരള റോഡില്‍ വെച്ച് ഒരു യുവതിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും ഏറ്റവും ഒടുവില്‍ തെക്കെ മാങ്ങാട്ടെ തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കിന് സമീപം വെച്ച് മാവേലി സ്റ്റോറിലേക്ക് പോവുകയായിരുന്ന ഈയ്യക്കാട്ടെ രോഹിണിയുടെ ആറ് പവന്റെ താലമാലയുമാണ് ഇവര്‍ പിടിച്ചുപറിച്ചത്. രോഹിണിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയിലാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് ബീരിച്ചേരി റെയില്‍വെ ഗേറ്റിന് സമീപത്തെ ഒരു വീടിന് മുന്നില്‍ വെച്ച് ഇവരെ പിടികൂടുകയും സ്വര്‍ണ മാല കണ്ടെടുക്കുകയും ചെയ്തത്.

ആറ് മാസം മുമ്പ് മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവര്‍ക്ക് മോഷണത്തിന് പ്രചോദനമായത്. കാസര്‍കോട് ഭാഗത്തെ ഒരു മാല മോഷണ കേസിലെ പ്രതികളെയും സമാന കേസുകളിലെ മറ്റു പ്രതികളെയും പിടികൂടാനായിട്ടില്ലെന്ന് ആ വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ബൈക്കില്‍ ചെന്ന് മാല പൊട്ടിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്.

പ്രതികളെ കവര്‍ച്ച നടന്ന സ്ഥലങ്ങളിലെല്ലാം കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. കവര്‍ച്ചാ മുതലുകള്‍ ചെറുവത്തൂരിലെയും തിമിരിലെയും രണ്ട് സഹകരണ ബാങ്കുകളിലും, ചെറുവത്തൂരിലെ ധനകാര്യ സ്ഥാപനത്തിലും പണയപ്പെടുത്തിയിരുന്നു. പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ ചെറുവത്തൂരിലെ ജ്വല്ലറികളെ സമീപിച്ച് പണയ സ്വര്‍ണം എടുത്ത് വില്‍ക്കുകയാണ് ഇവര്‍ ചെയ്തത്.

മാലമോഷണക്കേസിലെ വാര്‍ത്ത പ്രചോദനമായി; സജിത്തും ബിജുവും കവര്‍ന്നത് 24 പവനോളം സ്വര്‍ണം, 8 കേസുകള്‍ തെളിഞ്ഞു

Related News:

യുവതിയുടെ 6 പവന്റെ താലിമാല പൊട്ടിച്ച് ബൈക്കില്‍ കടന്ന സംഘത്തെ യുവാക്കള്‍ ബുള്ളറ്റില്‍ ചേസ് ചെയ്തു പിടികൂടി


Keywords : Trikaripur, Accuse, Gold chain, Police, Arrest, Kasaragod, Gold Chain Snatching case: 2 remanded. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia