city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ കര്‍ഷകനും ഗര്‍ജ്ജിക്കുന്ന സിംഹവും ഏറ്റുമുട്ടുന്നു

ഉദുമ: (www.kasargodvartha.com 12.05.2016) കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി ഉദുമയിലെ തിരഞ്ഞെടുപ്പ് രംഗം മാറിക്കഴിഞ്ഞു. സി പി എമ്മിന്റെ ബദ്ധ ശത്രുവായ കണ്ണൂരിലെ ഗര്‍ജ്ജിക്കുന്ന സിംഹം കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ മത്സരിക്കുന്നു എന്നതാണ് ഉദുമ മണ്ഡലത്തെ സംസ്ഥാന തലത്തില്‍ ഉറ്റുനോക്കാന്‍ കാരണം. സിറ്റിംഗ് എം എല്‍ എ കെ കുഞ്ഞിരാമനെ സി പി എം വീണ്ടും രംഗത്തിറക്കിയപ്പോള്‍ മണ്ഡലം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോണ്‍ഗ്രസ്സ് സുധാകരനെ രംഗത്തിറക്കിയിരിക്കുന്നത്. കര്‍ഷകനായ കെ കുഞ്ഞിരാമനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. എന്നാല്‍ സുധാകരന്‍ വിജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താന്‍ ഉദുമയ്ക്ക് ഒരു മന്ത്രിയെ ലഭിക്കുമെന്നും അത് വഴി ഉദുമ മണ്ഡലത്തിലെ വികസനം സാധ്യമാകുമെന്നുമാണ് യു ഡി എഫ് അവകാശപ്പെടുന്നത്.

ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് ഉദുമയില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നടക്കുന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് കെ കുഞ്ഞിരാമന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഇറക്ക് മതി സ്ഥാനാര്‍ത്ഥിയാണ് കെ സുധാകരനെന്നും അദ്ദേഹത്തെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നുമാണ് എല്‍ ഡി എഫിന്റെ അവകാശ വാദം. യു ഡി എഫും ബി ജെ പി യും മണ്ഡലത്തില്‍ വോട്ടുമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും എല്‍ ഡി എഫ് ഉന്നയിക്കുന്നു. അതേ സമയം പരാജയ ഭീതി മൂലമാണ് എല്‍ ഡി എഫിന്റെ ഈ ആരോപണമെന്ന് കെ സുധാകരനും അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. സി പി എം ശക്തി കേന്ദ്രങ്ങളില്‍ നടക്കുന്ന കള്ളവോട്ടാണ് എക്കാലത്തും അവര്‍ക്ക് വിജയമൊരുക്കുന്നതെന്നും എന്നാല്‍ ഇത്തവണ കള്ളവോട്ട് തടയാന്‍ ശക്തമായ പ്രവര്‍ത്തനം യു ഡി എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സുധാകരന്‍ പറയുന്നു. ഇതിനിടയില്‍ സുധാകരന്‍ കളളവോട്ടിന് ആഹ്വാനം ചെയ്യുന്നുവെന്നും മണ്ഡലത്തില്‍ പണം വിതരണം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സുധാകരനെ പ്രതിരോധിക്കാന്‍ സി പി എമ്മും ശക്തമായി രംഗത്തുണ്ട്.

മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ ഉദുമയില്‍ ജയ പരാജയം ആര്‍ക്കും പ്രവചിക്കാന്‍ കഴിയുന്നില്ല. ആര് ജയിച്ചാലും അത് നിസാര വോട്ടിനായിരിക്കുമെന്ന സ്ഥിതിയാണുള്ളത്. സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതോടെ നിര്‍ജ്ജീവാവസ്ഥയിലായിരുന്ന കോണ്‍ഗ്രസ്സ് സട കുടഞ്ഞാണ് രംഗത്ത് വന്നത്. മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും മുമ്പ് ഉണ്ടായിട്ടുള്ളതിനേക്കാള്‍ ശക്തമായ പിന്തുണ സുധാകരന് ലഭിക്കുന്നുണ്ട്. വിജയത്തിന് ഇതെല്ലാം പ്രധാന ഘടകമാകുമെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്.

ബി ജെ പി യുടെ ജില്ലാ പ്രസിഡണ്ടും മണ്ഡലത്തിലെ വോട്ടറുമായ അഡ്വ. കെ ശ്രീകാന്തിനെ രംഗത്തിറക്കി ബി ജെ പി ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ ശ്രീകാന്തിന് ഒട്ടേറെ വ്യക്തി ബന്ധങ്ങളുള്ള മണ്ഡലം കൂടിയാണ് ഉദുമ. ഓരോ തിരഞ്ഞെടുപ്പിലും ബി ജെ പി വോട്ടിന്റെ കാര്യത്തില്‍ മുന്നേറുന്ന മണ്ഡലമാണ് ഉദുമ. ബി ഡി ജെ എസിന്റെ പിന്തുണ ശക്തമായി ലഭിക്കുമെന്ന പ്രതീക്ഷയാണ് ബി ജെ പിക്കുള്ളത്. ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഉദുമയെയും ശ്രദ്ധേയമാക്കുന്നത്. മണ്ഡലത്തിലെ വികസന കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളുമാണ് പ്രധാന ചര്‍ച്ചാ വിഷയം.
ഉദുമയില്‍ കര്‍ഷകനും ഗര്‍ജ്ജിക്കുന്ന സിംഹവും ഏറ്റുമുട്ടുന്നു

Related News:
ദേശീയ ശ്രദ്ധയാകര്‍ഷിച്ച് മഞ്ചേശ്വരം

കാസര്‍കോട് ത്രികോണ മത്സരത്തിലേക്ക് ഉപ്പുവെള്ളത്തിന്റെ കുത്തൊഴുക്ക്
Keywords: Uduma, K Kuniraman (Uduma), Adv. Srikanth, K Sudhakaran, UDF, CPM, BJP District President, Candidate, Minister, Farmer, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia