city-gold-ad-for-blogger

ദേശീയ ശ്രദ്ധയാകര്‍ഷിച്ച് മഞ്ചേശ്വരം

കാസര്‍കോട്: (www.kasargodvartha.com 12.05.2016) ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലെത്തിയപ്പോള്‍ മൂന്നിടത്ത് വിജയം പ്രവചനാതീതമായി. അതേ സമയം രണ്ടിടത്ത് പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലാണ് വിജയം പ്രവചനാതീതമായി മാറിയത്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടുമാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്.

മഞ്ചേശ്വരത്ത് സിറ്റിംഗ് എം എല്‍ എ മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖാണ് തുടക്കത്തില്‍ പ്രചരണ രംഗത്ത് മുന്നേറിയത്. അബ്ദുല്‍ റസാഖ് മണ്ഡലത്തില്‍ രണ്ട് വട്ടം പ്രചരണം പൂര്‍ത്തിയാക്കിയപ്പോഴാണ് ബി ജെ പി യുടെയും എല്‍ ഡി എഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. ബി ജെ പിയിലെ കെ സുരേന്ദ്രനും സി പി എമ്മിന്റെ സി എച്ച് കുഞ്ഞമ്പുവും വളരെ പെട്ടെന്നാണ് പ്രചരണ രംഗത്ത് പി ബി അബ്ദുല്‍ റസാഖിനോടൊപ്പം എത്തിയത്. തുടക്കത്തില്‍ നേരിയ മുന്‍ തൂക്കം പി ബി അബ്ദുല്‍ റസാഖിനായിരുന്നു. എന്നാല്‍ പ്രചരണം കൊടുമ്പിരി കൊണ്ടതോടെയാണ് മണ്ഡലത്തിലെ വിജയം പ്രവചനാതീതമാക്കിയത്.

മണ്ഡലത്തില്‍ നടപ്പിലാക്കിയ എണ്ണൂറ്റി നാല്‍പത് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അബ്ദുല്‍ റസാഖ് വോട്ടര്‍മാരെ സമീപിച്ചത്. സുരേന്ദ്രന്‍ കേരള നിയമസഭയില്‍ ബി ജെ പി ക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. അബ്ദുല്‍ റസാഖിന്റെ വികസന വാദം പൊള്ളയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇടത് വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ബി ജെ പി യുടെ വിജയം തടയുന്നതെന്നും ഇത് വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും സുരേന്ദ്രന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു.

ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലൂടെയായിരിക്കുമെന്ന പ്രചരണം ശക്തമായിരിക്കുന്നതിനാല്‍ മഞ്ചേശ്വരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

2006 മുതല്‍ 2011 വരെ മഞ്ചേശ്വരത്ത് എം എല്‍ എ ആയിരുന്ന സി എച്ച് കുഞ്ഞമ്പു താന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പല പദ്ധതികളും പി ബി അബ്ദുല്‍ റസാഖ് വന്നതോടെ അട്ടിമറിച്ചുവെന്നും അദ്ദേഹം നടപ്പിലാക്കി എന്ന് പറയുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയുമാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഭരണ വിരുദ്ധ തരംഗം മഞ്ചേശ്വരം മണ്ഡലത്തില്‍ അലയടിക്കുകയാണെന്നും സി എച്ച് കുഞ്ഞമ്പു പറയുന്നു.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia