city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മീന്‍ കച്ചവടക്കാരും ചെരുപ്പുകുത്തികളും': പാര്‍ട്ടിയെ വെല്ലുവിളിക്കാനും യൂത്ത് ലീഗ് നേതാവിനെ ന്യായീകരിക്കാനും ബ്ലോഗ്

കാസര്‍കോട്: (www.kasargodvartha.com 08.10.2014) 'വാട്ട്‌സ് ആപ്പില്‍ മീന്‍കച്ചവടക്കാരും ചെരുപ്പുകുത്തികളും വഴിപോക്കരും' പ്രയോഗം നടത്തി വിവാദത്തിന് തിരികൊളുത്തിയ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും എം.എസ്.എഫ്. മുന്‍ ജില്ലാ സെക്രട്ടറിയുമായ നേതാവ് ബ്ലോഗുമായി രംഗത്ത്. മത നേതാക്കളുടെയും മുസ്ലിം ലീഗ് നേതാക്കളുടെയും പെരുന്നാള്‍ സന്ദേശത്തെ പരിഹസിക്കാനും ആക്ഷേപിക്കാനുമാണ് ഇയാള്‍ വാട്ട്‌സ് ആപ്പില്‍ സൗണ്ട് ക്ലിപ്പ് പ്രചരിപ്പിച്ചത്. ഇത് വിവാദമായതോടെ മാപ്പുപറഞ്ഞ് നേതാവ് തലയൂരിയെങ്കിലും തന്റെ പ്രയോഗങ്ങള്‍ സ്വയം ന്യായീകരിക്കാനാണ് പിന്നീട് ബ്ലോഗ് തുടങ്ങിയത്.

മീന്‍ കച്ചവടക്കാരും ചെരുപ്പുകുത്തികളും വഴി നടന്നു പോകുന്നവരും പെരുന്നാള്‍ സന്ദേശം നല്‍കുന്നതു കൊണ്ടും അത്തരം ആശംസകളുടെ പ്രസക്തി നഷ്ടപ്പെട്ടതു കൊണ്ടുമാണ് താന്‍ മുമ്പ് ചെയ്തിരുന്നതു പോലെ ഇപ്രാവശ്യം പെരുന്നാള്‍ സന്ദേശം ഇമേജാക്കി വാട്ട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാത്തതെന്നുമായിരുന്നു വോയിസ് ക്ലിപ്പ്. ഇത് യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റേയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങി നേതാവ് മാപ്പുപറഞ്ഞ് പുതിയ ക്ലിപ്പ് പോസ്റ്റുചെയ്യുകയുമായിരുന്നു. സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും യൂത്ത് ലീഗ് നേതൃത്വവും നടപടിക്ക് ഒരുങ്ങുന്നതിനിടയിലാണ് തന്റെ ഭാഗം ന്യായീകരിക്കാന്‍ നേതാവ്തന്നെ മുന്നിട്ടിറങ്ങി ബ്ലോഗ് തുടങ്ങിയത്.

സംഭവത്തില്‍ പരാതിയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അറിയിച്ചതിന് പിന്നാലെയാണ് ഒക്ടോബര്‍ ആറിന് നേതാവ് ബ്ലോഗ് ആരംഭിച്ചത്. നേതാവിനെയും നേതാവിന്റെ വാട്ട്‌സ് ആപ്പിലെ വിവാദമായ വോയിസ് ക്ലിപ്പിനേയും ന്യായീകരിച്ചുള്ള ഒരു കുറിപ്പിനോടൊപ്പം അന്നുതന്നെ ചേര്‍ത്തതും മറ്റു സൈറ്റുകളില്‍ നിന്ന് കോപ്പിചെയ്തതുമായ നാല് പോസ്റ്റുകളുമാണ് ബ്ലോഗില്‍ ആകെയുള്ളത്. പിന്നീട് ഇതുവരെ ഒരു വരിപോലും ഈ ബ്ലോഗില്‍ കുറിച്ചിട്ടില്ല. ഇതോടെ ബ്ലോഗ് തുടങ്ങിയത് വിവാദ ക്ലിപ്പിനെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമായി. ഇതേ നേതാവ് ഡയറക്ടറായ വെബ്‌സൈറ്റില്‍ മീന്‍കച്ചവടക്കാരന്‍ ചെരുപ്പുക്കുത്തി പ്രയോഗം ന്യായീകരിക്കാനുള്ള കുറിപ്പ്‌ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ക്ലിപ്പ് കേട്ടാല്‍ ആര്‍ക്കും ബോധ്യമാകുന്ന സത്യം വളച്ചൊടിച്ചു നല്‍കുന്നതിനെ മറ്റുഡയറക്ടര്‍മാര്‍ എതിര്‍ത്തതോടെയാണ് ബ്ലോഗ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

യൂത്ത് ലീഗ് നേതാവിന്റെ വാട്ട്‌സ് ആപ്പ് പ്രയോഗം സംഘടനയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അടുത്ത് നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടാല്‍ ചര്‍ച്ചചെയ്യുമെന്നും യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ് പറഞ്ഞു. നേതാവ് സംഭവത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. എന്നാല്‍ ഇതിനെ ന്യായീകരിക്കാന്‍ ബ്ലോഗ് തുടങ്ങിയകാര്യം അറിഞ്ഞിട്ടില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ ഇതേകുറിച്ച് ചര്‍ച്ചചെയ്യുമെന്നും നടപടിയെടുക്കുമെന്നും അഷ്‌റഫ് വ്യക്തമാക്കി.

അതേസമയം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളേയും ബ്ലോഗില്‍ കുറ്റപ്പെടുത്തുന്നു. രാജി വാര്‍ത്ത ഇന്നേവരെ കല്ലട്ര മാഹിന്‍ ഹാജി നിഷേധിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ട് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമവും ബ്ലോഗില്‍ നേതാവ് നടത്തിയിട്ടുണ്ട്.

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് വിഷയത്തില്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളുടെ ഏജന്റാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതും യൂത്ത് ലീഗ് നേതാക്കന്‍മാര്‍ ഡയറക്ടറായ വെബ്‌സൈറ്റിലാണ്. ഇതുകൂടാതെ നസ്രിയയുടെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീനേയും മറ്റു ലീഗ് നേതാക്കളേയും കളിയാക്കുന്ന രീതിയിലുള്ള വാര്‍ത്തയും ഇതേ സൈറ്റില്‍ വന്നതും പാര്‍ട്ടിനേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ യൂത്ത് ലീഗ് നേതാവിന്റെ വാട്ട്‌സ് ആപ്പിലെ മീന്‍കച്ചവടക്കാരന്‍ പ്രയോഗത്തെ വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടും ഇത് ന്യായീകരിക്കാന്‍ ആരംഭിച്ച ബ്ലോഗ് ചില ഗ്രൂപ്പുകളില്‍ നേതാവുമായി ബന്ധപ്പെട്ട ചിലര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം നേതാവിനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വാട്ട്‌സ് ആപ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ മീന്‍ കച്ചവടക്കാരന്‍, ചെരുപ്പു കുത്തി പ്രയോഗം: ആപ്പിലായി, ഒടുവില്‍ മാപ്പിരന്നു

Keywords : Kasaragod, Muslim-league, Leader, Political party, Blog, Kerala, WhatsApp, Controversy, Voice Clip, Controversial voice clip: Blog to protect Youth League leader.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia