city-gold-ad-for-blogger

വാട്ട്‌സ് ആപ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ മീന്‍ കച്ചവടക്കാരന്‍, ചെരുപ്പു കുത്തി പ്രയോഗം: ആപ്പിലായി, ഒടുവില്‍ മാപ്പിരന്നു

കാസര്‍കോട്: (www.kasargodvartha.com 05.10.2014) മത നേതാക്കളുടെയും മുസ്ലിം ലീഗ് നേതാക്കളുടെയും പെരുന്നാള്‍ സന്ദേശങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള യൂത്ത് ലീഗ് നേതാവിന്റെ വാട്‌സ് ആപ്പ് ശബ്ദ രേഖ വിവാദമായി. ഒടുവില്‍ മാപ്പു പറഞ്ഞ് തടിയൂരി. മീന്‍ കച്ചവടക്കാരും ചെരുപ്പു കുത്തികളും വഴി നടന്നു പോകുന്നവരും പെരുന്നാള്‍ സന്ദേശം നല്‍കുന്നതു കൊണ്ടും അത്തരം ആശംസകളുടെ പ്രസക്തി നഷ്ടപ്പെട്ടതു കൊണ്ടുമാണ് താന്‍ മുമ്പ് ചെയ്തിരുന്നതു പോലെ ഇപ്രാവശ്യം പെരുന്നാള്‍ സന്ദേശം ഇമേജാക്കി വാട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്യാത്തതെന്നുമായിരുന്നു സന്ദേശം.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും എം.എസ്.എഫ്. മുന്‍ ജില്ലാ സെക്രട്ടറിയുമായ റഊഫ് ബാവിക്കരയാണ് നേതാക്കളുടെ പെരുന്നാള്‍ സന്ദേശങ്ങളെ ഒന്നടങ്കം ആക്ഷേപിച്ച് ആപ്പിലായതും ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരിയതും. ഒരു ലീഗ് പ്രവര്‍ത്തകന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത പെരുന്നാള്‍ സന്ദേശത്തിനു താഴെയാണ് യൂത്ത് ലീഗ് നേതാവിന്റെ പരിഹാസ വോയ്‌സ് ക്ലിപ്പ് എന്നതും ശ്രദ്ധേയമാണ്.

ആക്ഷേപ ക്ലിപ്പ് യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രചാരണങ്ങള്‍ക്കുപയോഗിക്കുന്ന  മറ്റു ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി. പിന്നീടത് മറ്റു ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെട്ടു. അവിടങ്ങളില്‍ ലീഗിനെതിരെയുള്ള ആയുധമാക്കിയും ചിലര്‍ ഈ ക്ലിപ്പ് ഉപയോഗിച്ചു. പെരുന്നാള്‍ സന്ദേശം നല്‍കിയ നേതാക്കളുടെ ഇമേജുകള്‍ ഓരോന്നു പോസ്റ്റു ചെയ്ത് ഇവരില്‍ ആരാണ് മീന്‍ കച്ചവടക്കാരനെന്നും ആരാണ് ചെരിപ്പു കുത്തിയെന്നും വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് ഗ്രൂപ്പിലുള്ളവര്‍ റഊഫിനോട് ആവശ്യപ്പെട്ടു തുടങ്ങി. ചര്‍ച്ചയായി, വാഗ്വാദമായി, തെറിവിളിയായി...

പിന്നീട് റഊഫ് മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു. തമാശയ്ക്കാണ് അങ്ങനെ പറഞ്ഞതെന്നു വിശദീകരിക്കുന്ന വോയ്‌സ് ക്ലിപ്പുമായി പിന്നീട് റഊഫ് തന്നെ രംഗത്തു വന്നതോടെയാണ് വിവാദം തത്ക്കാലം കെട്ടടങ്ങിയത്. എന്നാല്‍ നേതാക്കളെയും പാര്‍ട്ടിയെയും തൊഴില്‍ മേഖലയെയും ആക്ഷേപിക്കുകയും വില കുറച്ചു കാണിക്കുകയും ചെയ്ത റഊഫിനെതിരെ പാര്‍ട്ടി നടപടിയും ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം മത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും നല്‍കുന്ന ഈദ് സന്ദേശങ്ങളെ പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും മുസ്ലിം ലീഗിന്റെ സംസ്‌ക്കാരമല്ലെന്ന് ഒരു ലീഗ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെരുപ്പു കുത്തുന്നതും മീന്‍ വില്‍ക്കുന്നതും  മോശപ്പെട്ട തൊഴിലാണെന്ന കാഴ്ചപ്പാടും പാര്‍ട്ടിക്കില്ല. അദ്ധ്വാനിച്ചു ജീവിക്കുന്നതിനു വലിയ മഹത്വം കല്‍പിക്കുന്ന മതമാണ് ഇസ്ലാം.

ഇസ്‌ലാം അംഗീകരിക്കുന്ന തൊഴിലുകളായതിനാല്‍ ആ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പള്ളിയിലോ, പെരുന്നാള്‍ ആഘോഷിക്കുന്നതിലോ, ആശംസകള്‍ കൈമാറുന്നതിലോ യാതൊരു വിവേചനവും നിലവിലില്ല. വഴി നടന്നു പോകുന്നവരോ, പാവങ്ങളോ മോശക്കാരാണെന്നോ, വാഹനങ്ങളില്‍ പോകുന്നവരെല്ലാം മേല്‍ത്തരക്കാരാണെന്നോ ഉള്ള അഭിപ്രായവും പാര്‍ട്ടിക്കില്ല.

എന്നിരിക്കെ അത്തരക്കാരെ ബന്ധപ്പെടുത്തി ആരാധ്യരായ നേതാക്കളെ കൊച്ചാക്കുന്ന തരത്തിലുള്ള ശബ്ദരേഖ അഹങ്കാരം തലയ്ക്കു പിടിച്ചതിന്റെ ദൃഷ്ടാന്തമാണ്. മുസ്ലിം ലീഗ് എല്ലാ നേതാക്കളെയും തൊഴിലാളി വിഭാഗങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. ലീഗിനെക്കുറിച്ചോ, ലീഗിന്റെ ചരിത്രമോ അറിയാതെ പ്രവര്‍ത്തകരിലും മറ്റുള്ളവരിലും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ എന്തിന്റെ പേരിലായാലും ആശാസ്യകരമല്ലഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വാട്ട്‌സ് ആപ്പില്‍ യൂത്ത് ലീഗ് നേതാവിന്റെ മീന്‍ കച്ചവടക്കാരന്‍, ചെരുപ്പു കുത്തി പ്രയോഗം: ആപ്പിലായി, ഒടുവില്‍ മാപ്പിരന്നു



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia