city-gold-ad-for-blogger

കള്ളനെന്ന് മുദ്രകുത്തപ്പെട്ട് ലോക്കപ്പില്‍: ഒടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞു

കള്ളനെന്ന് മുദ്രകുത്തപ്പെട്ട് ലോക്കപ്പില്‍: ഒടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞു
കാഞ്ഞങ്ങാട്: കള്ളനെന്ന് മുദ്രകുത്തപ്പെട്ട് ഒരു രാത്രിമുഴുവന്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയേണ്ടിവന്ന ഓട്ടോ ഡ്രൈവറുടെ നിരപരാധിത്വം തെളിഞ്ഞു. അരയി വട്ടത്തോട്ടെ ബഷീറിനാണ്(30)ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ രാത്രി മുതല്‍ പുലരും വരെ അപമാനഭാരവും പേറി കഴിയേണ്ടിവന്നത്.

കാലിച്ചാനടുക്കം കലയന്തടുക്കത്തെ മുഹമ്മദ് മൗലവിയുടെ ഒരു ലക്ഷത്തി അമ്പത്താറായിരം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബഷീറിനെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ നവംബര്‍ 19 ന് വൈകുന്നേരം തെരുവത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനായി മുഹമ്മദ് മൗലവി ബഷീറിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. തെരുവത്ത് ഓട്ടോയിറങ്ങി ബന്ധുവീട്ടിലെത്തിയപ്പോഴാണ് മുഹമ്മദ് മൗലവി തന്റെ പണം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മുഹമ്മദ് മൗലവി ഓട്ടോ സ്റ്റാന്റിലെത്തി ബഷീറിന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തന്റെ പണം നഷ്ടപ്പെട്ടുവെന്നും പണം കണ്ടെത്താന്‍ സഹായിക്കണമെന്നും മറ്റ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ബഷീറിനെ ബന്ധപ്പെട്ടപ്പോള്‍ ഓട്ടോയില്‍ നഷ്ടപ്പെട്ടുവെന്നു പറയുന്ന പണം കണ്ടെത്തിയില്ലെന്ന് പറഞ്ഞ് തന്റെ നിരപരാധിത്വം ബഷീര്‍ വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടയില്‍ മുഹമ്മദ് മൗലവി മറ്റ് ചിലരെയും കൂട്ടി ബഷീറിന്റെ വീട്ടില്‍ പോയി പണം ആവശ്യപ്പെട്ടിരുന്നു. കിട്ടാത്ത പണം എങ്ങനെ നല്‍കുമെന്നായിരുന്നു ബഷീറിന്റെ ചോദ്യം. തുടര്‍ന്ന് ബഷീറിനെ സംശയിച്ച് മുഹമ്മദ് മൗലവി പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. രാത്രി പതിനൊന്ന് മണിയോടെ അരയി വട്ടത്തോട്ടെ വീട്ടിലെത്തിയ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ ചില പോലീസുകാര്‍ ബഷീറിനെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

തനിക്ക് പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ബഷീര്‍ ആണയിട്ട് പറഞ്ഞെങ്കിലും മുഹമ്മദ് മൗലവിയുടെ പണമെടുത്തത് ബഷീര്‍ തന്നെയാണെന്ന തരത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. ചെയ്യാത്ത കുറ്റം സമ്മതിക്കില്ലെന്ന് ബഷീര്‍ അറിയിച്ചെങ്കിലും യുവാവിനെ വിടാന്‍ പോലീസ് തയ്യാറായില്ല. പിറ്റേദിവസം രാവിലെ 10 മണിവരെ ബഷീറിന് ലോക്കപ്പില്‍ കഴിയേണ്ടിവന്നു.

സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരും മറ്റും സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് ബഷീറിനെ വിടാന്‍ പോലീസ് തയ്യാറായത്. അപ്പോഴേക്കും ഒരു ലക്ഷത്തിഅമ്പത്തി ആറായിരം രൂപ ബഷീര്‍ മോഷ്ടിച്ചുവെന്ന തരത്തില്‍ നാട്ടില്‍ പ്രചാരണം ഉയരുകയും ചെയ്തിരുന്നു. സമൂഹത്തില്‍ മോഷ്ടാവായി മുദ്ര കുത്തപ്പെട്ട് ഈ യുവാവ് നീറി നീറി കഴിയുന്നതിനിടയിലാണ് ആഴ്ചകള്‍ക്ക് ശേഷം മുഹമ്മദ് മൗലവിക്ക് നഷ്ടമായ പണം തിരിച്ചുകിട്ടിയതായി ബഷീര്‍ പത്രവാര്‍ത്തയിലൂടെ അറിഞ്ഞത്.

കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മി നഗറിലെ കുഞ്ഞമ്പുവിന്റെ ഭാര്യ 65 കാരിയായ പാട്ടിക്ക് മുഹമ്മദ് മൗലവിയുടെ പണം ആറങ്ങാടി റേഷന്‍ കടക്ക് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയെന്നും ഈ തുക പാട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചുവെന്നും ഇവിടെ വെച്ച് മുഹമ്മദ് മൗലവിക്ക് തുക കൈമാറിയെന്നുമുള്ള വിവരം പത്രവാര്‍ത്തയിലൂടെയാണ് ബഷീര്‍ അറിയാന്‍ ഇടയായത്. നഷ്ടമായ പണം തിരിച്ചുകിട്ടിയ കാര്യം തന്നെ അറിയിക്കാനും ഇതിന്റെ പേരില്‍ താന്‍ അനുഭവിച്ച മാനസിക പീഡനം മനസ്സിലാക്കി ഒന്ന് ആശ്വസിപ്പിക്കാനും മുഹമ്മദ് മൗലവി വരാതിരുന്നത് ബഷീറിനെ വേദനിപ്പിക്കുന്നുണ്ട്.

കളഞ്ഞുകിട്ടിയ പണമടങ്ങിയ കടലാസ് പൊതി ഉടന്‍തന്നെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ ലക്ഷ്മി നഗറിലെ പാട്ടി തയ്യാറായിരുന്നില്ല. പണത്തിന്റെ ഉടമയെകണ്ടെത്തുന്നതുവരെ പാട്ടി ഇത്രയും വലിയ തുക സൂക്ഷിക്കുകയായിരുന്നു. പണം ആരുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആഴ്ചകള്‍ക്ക് ശേഷം പണം പാട്ടി ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍വെച്ച് മുഹമ്മദ് മൗലവിക്ക് കൈമാറിയത്. പാട്ടി സദുദ്ദേശത്തോടെയാണ് ആഴ്ചകളോളം പണം സൂക്ഷിച്ചതെങ്കിലും ഇത്രയും കാലയളവില്‍ ഒരു നിരപരാധി മറ്റൊരാളുടെ നഷ്ടപ്പെട്ട പണത്തിന്റെ പേരില്‍ കള്ളനെന്ന മുദ്രയും പേറി മാനസിക വ്യഥ അനുഭവിക്കുന്ന കാര്യം ഈവീട്ടമ്മ അറിഞ്ഞിരുന്നില്ല.

ഒടുവില്‍ എല്ലാം ശരിയായി വന്നപ്പോഴും ഇത്രയും നാള്‍ ബഷീര്‍അനുഭവിച്ച മാനസിക പീഡനത്തിന് എന്താണ് പരിഹാരമെന്ന ചോദ്യം മാത്രം ബാക്കിനില്‍ക്കുകയാണ്. മനുഷ്യാവകാശ സംരക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ചെയ്യാത്ത തെറ്റുകള്‍ക്ക് ബഷീറിനെ പോലുള്ളവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെയായി നിലനില്‍ക്കുകയാണ്. 

Related News: 


Keywords : Kasaragod, Kanhangad, Auto Driver, Cash, Missing, Basheer, Mohammed Moulavi, Patti, Police Station, Innocent, Lockup, Malayalam News, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia