city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശെൽവരാജിൻ്റെ 'സംസാരം' ശരിയല്ല

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 4) 

/ കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com)
ഞാന്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് അല്‍വാഹദയിലെ ഒരു ഷെയറിംഗ് ഫ്ളാറ്റിലായിരുന്നു താമസം. തൊട്ടടുത്ത മുറികളിലൊന്നില്‍ ഒരു കണ്ണൂര്‍കാരനും ഫാമിലിയും, മറ്റൊന്നില്‍ ഒരു തമിഴനും ഭാര്യയുമായിരുന്നു താമസിച്ചിരുന്നത്. മൂന്ന് മുറിക്കാര്‍ക്കും കൂടി ഒരു കോമണ്‍ കിച്ചനായിരുന്നു. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളിലെപ്പോഴും അടുക്കളയിൽ നല്ല തിരക്കും ബഹളവുമായിരിക്കും. കാരണം, ജോലി കഴിഞ്ഞ് വന്നാല്‍ എല്ലാവരും കുറച്ച് ടെലിവിഷൻ കണ്ടും റേഡിയോ പരിപാടി ശ്രവിച്ചും വിശ്രമിച്ചോ, ഉറങ്ങിയോ വന്നതിന്ന് ശേഷം മാര്‍ക്കറ്റിലോ പാര്‍ക്കിലേക്കോ മറ്റോ പോയി വരിക എന്നത് പ്രവാസ ജീവിതം നയിക്കുന്ന ഫാമിലികളുടെ ഒരു ആനന്ദവും ആശ്വാസവുമാണ്.
   
ശെൽവരാജിൻ്റെ 'സംസാരം' ശരിയല്ല

അതുകൊണ്ടായിരിക്കാം കിച്ചണില്‍ കയറിയാല്‍ അത്താഴത്തിനുള്ള വിഭവങ്ങൾ ഒരുക്കാൻ തിടുക്കം കൂട്ടുന്നത്. എളുപ്പത്തില്‍ പണികൾ തീർത്ത് കുളിച്ച് റെഡിയാവും. അങ്ങനെ പാചകം ചെയ്യുന്നതിനിടയില്‍ പലപ്പോഴും മലയാളിയുടേയും തമിഴന്റെയും ഭാര്യമാര്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് അസ്വാരസ്യങ്ങളുണ്ടാവുകയും രണ്ടുപേരും മുഖം വീര്‍പ്പിച്ച് പരസ്പരം മിണ്ടാതിരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതൊന്നും ആണുങ്ങള്‍ അത്ര ഗൗരവമായി കണക്കിലെടുക്കാറുമില്ല. പത്ത് ആണുങ്ങള്‍ ഒന്നിച്ചു താമസിച്ചാല്‍ ഒരു കുഴപ്പവുമുണ്ടാവാറില്ലെങ്കിലും രണ്ടു പെണ്ണുങ്ങൾ ഒന്നിച്ചു ചേർന്നാല്‍ ഒച്ചയും ബഹളുമൊക്കെയുണ്ടാവുക സാധാരണമാണെന്നും അത് നമ്മള്‍ കണക്കിലെടുത്തു കൂടെന്നും തിരുനെല്‍വേലിക്കാരന്‍ ശെല്‍വരാജ് ഹമീദ്ക്കയെ ഇടക്കിടെ ഓര്‍മ്മപ്പെടുത്താറുമുണ്ട്.

അതുകൊണ്ട് തന്നെ ഖദീജ പറയുന്ന കാര്യങ്ങളൊന്നും ഹമീദ്ക്ക ചെവികൊള്ളാറുമില്ല. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ചത്തെ അവധി ദിനം ആഘോഷിക്കാനായി ഖദീജയുടെ ആങ്ങളയും ഭാര്യയും കുട്ടികളും ഫ്ലാറ്റിൽ വന്നിരുന്നു. ഇവരെല്ലാം കൂടി കിച്ചണില്‍ ചെന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുത്തുലക്ഷ്മിയും അങ്ങോട്ട് കേറി വന്നത്. അപ്പോള്‍ അവിടെ തിരക്കും ഒഴിയാത്ത അടുപ്പും നിരന്നു നില്‍ക്കുന്ന പാത്രങ്ങളും കണ്ട അവര്‍ക്ക് ദേഷ്യം വന്നു അരിശത്തോടെ പാത്രങ്ങള്‍ തട്ടി തെറിപ്പിച്ചു ശബ്ദമുണ്ടാക്കി പിറുപിറുത്തു കൊണ്ട് പോയി. അത് വിരുന്നുകാരുടെ മുമ്പില്‍ വച്ചായതിനാൽ ഖദീജക്ക് വലിയകുറച്ചിലായി തോന്നി. അവർ അത് ഭര്‍ത്താവിനോട് പറഞ്ഞു പിരികേറ്റി.
  
ശെൽവരാജിൻ്റെ 'സംസാരം' ശരിയല്ല

ആ തമിഴന്‍ വന്നാല്‍ ചോദിക്കണമെന്നും നമുക്ക് മാന്യമായി സ്വാതന്ത്ര്യത്തോടെ കഴിയാന്‍ പറ്റുന്നില്ലെങ്കില്‍ ഫ്ളാറ്റ് മാറിപ്പോകാമെന്നും പറഞ്ഞപ്പോള്‍ ഹമീദ്ക്കാക്ക് ശെല്‍വത്തിനോട് ചോദിക്കാതിരിക്കാനായില്ല. ഏതോ നിർമ്മാണ ഫാക്ടറിയിലെ ജോലി കഴിഞ്ഞ് ക്ഷീണിതനായി കയറി വന്ന ശെല്‍വരാജിന് ഇത് കേട്ടപ്പോള്‍ എന്തന്നില്ലാത്ത ദേഷ്യം പിടിച്ചു. എന്തൊക്കെയോ പറഞ്ഞു. വിരുന്നുകാരുടെ മുമ്പിൽ വെച്ചായിരുന്നതിനാൽ അതൊന്നും ഹമീദ്ക്കയ്ക്കും തീരെ ഇഷ്ടപ്പെട്ടില്ല. അന്തരീക്ഷം ശബ്ദവും ബഹളവുമായി. ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ ന്യായികരിക്കാൻ തുടങ്ങിയപ്പോള്‍ ഹമീദ്ക്ക എന്തന്നില്ലാത്ത ദേഷ്യത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു, 'നിൻ്റെ പൊണ്ടാട്ടി പറയുന്നത് കേട്ടിട്ടും കണ്ടിട്ടും... ഞങ്ങള്‍ ഇതുവരെ ഒന്നും അറിയാത്ത് പോലെ മിണ്ടാതിരുന്നതാണ് നിങ്ങള്‍ക്ക് നല്ല കുശാലായത്'. അത് കേട്ട ശെൽവവും പൊട്ടിത്തെറിച്ചു.

'നീയും നിൻ്റെ സംസാരവും ശരിയല്ലപ്പാ, നിങ്ങളെ കൂടെ താമസിക്കാൻ വന്ന ഞങ്ങളാണ് തെറ്റുകാർ എന്നൊക്കൊ ഹമീദ്ക്ക പിറുപിറുത്തു കൊണ്ടിരിക്കുന്നതിനിടയിൽ 'സംസാരം' ശരിയല്ലന്ന് പറഞ്ഞതാണ് തമിഴനെ ഏറെ പ്രകോപിപ്പിച്ചത്. 'ഏന്‍ അപ്പടി പേശ്ടറുത്. എന്‍ സംസാരം എന്നായാച്ച്'. ശെല്‍വത്തിന്‍റെ രൂപവും ഭാവവും ആകെ മാറി. അയാള്‍ അടിമുടി വിറക്കുന്നുണ്ടായിരുന്നു. ഒച്ചപ്പാടും ബഹളവും കേട്ട് ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുവരും കയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു. ഹമീദ്ക്ക സംസാരം ശരിയല്ലെന്ന് പറഞ്ഞതാണ് ശെല്‍വത്തെ ഇത്രയേറെ ചൊടിപ്പിച്ചുകളഞ്ഞത്. തമിഴില്‍ സംസാരം എന്നു പറയുന്നത് കെട്ടിയോളെയാണെന്ന കാര്യം ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞപ്പോഴാണ് ഹമീദ്ക്ക അറിയുന്നത്.

Also Read: 


Keywords:  Kasaragod, Kerala, Gulf, Article, Dubai, Kuwait, Job, Worker, The day I waited for bed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia