വയനാട് എ എസ് പിയും കാസര്‍കോട് സ്വദേശിയുമായ നിധിന്‍ രാജിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീണ്ടും റാങ്ക്
Aug 5, 2020, 11:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2020) വയനാട് എ എസ് പിയും കാസര്‍കോട് സ്വദേശിയുമായ നിധിന്‍ രാജിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീണ്ടും റാങ്ക്. രാവണീശ്വരം എക്കാലിലെ കെ രാജേന്ദ്രന്‍- പി ലത ദമ്പതികളുടെ മകന്‍ നിധിന്‍ രാജിനാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 319-ാം റാങ്ക് ലഭിച്ചത്. കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്കാണ് നിധിന്‍ നേടിയത്.
നിലവില്‍ കേരള കേഡറില്‍ വയനാട് എ എസ് പിയായി അണ്ടര്‍ ട്രെയിനിങ്ങിലാണ് ഇദ്ദേഹം. കേഡര്‍ അലോക്കേഷന്‍ വരാന്‍ വൈകിയത് കൊണ്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. എന്നാല്‍ പിന്നീട് ആഗ്രഹിച്ച കേരള കേഡര്‍ തന്നെ കിട്ടി. ഇതില്‍ ഏറെ സന്തോഷവാനാണെന്ന് നിധിന്‍ പറഞ്ഞു.
ഹൈദരാബാദിലെ പരിശീലനം പൂര്‍ത്തിയാക്കിയാണ് നിധിന്‍ വയനാട് എ എസ് പി അണ്ടര്‍ ട്രെയിനിയായത്. സര്‍വീസിലിരിക്കെ വീണ്ടും റാങ്ക് നേടിയത് ജില്ലയ്ക്ക് അഭിമാനമായി. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിധിന്‍ മികച്ച വിജയം നേടിയത്. പത്താം ക്ലാസ് വരെ രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പഠനം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. കോട്ടയം ഗവ. എഞ്ചിനീയറിംഗ് കോളജിലായിരുന്നു ഉന്നത പഠനം. പി അശ്വതി സഹോദരിയാണ്.