city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. ഉബൈദിന്റെ കവിതകള്‍ പാഠ പുസ്തകത്തില്‍; കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ആത്മനിര്‍വൃതി

കാസര്‍കോട്: (www.kasargodvartha.com 13/05/2015) കാസര്‍കോടിന്റെ സ്വന്തം കവി ടി. ഉബൈദിന്റെ കവിതകള്‍ ഈവര്‍ഷത്തെ പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തി. നാലാംക്ലാസിലെ മലയാള പാഠപുസ്തകത്തിലും എട്ടാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലുമാണ് ഉബൈദിന്റെ കവിതകള്‍ ഉള്‍പെടുത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ആത്മ നിര്‍വൃതി പകരുന്നതാണ്.

ഉബൈദിന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വെറും മാപ്പിള കവിയെന്ന കവിയായി ചുരുക്കാതെ അദ്ദേഹത്തിന്റെ കവിതകളെ വിശാല അടിസ്ഥാനത്തില്‍ മനസിലാക്കിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തവണത്തെ പാഠപുസ്തകത്തില്‍ ടി. ഉബൈദിന്റെ കവിതകളെ അംഗീകരിച്ചു കൊണ്ട് കുട്ടികള്‍ക്ക് പഠന വിഷയമാക്കിയത്.

നാലാം ക്ലാസില്‍ വിടവാങ്ങല്‍ എന്ന കവിതയാണ് ഉള്‍പെടുത്തിയത്. ഐക്യ കേരളം രൂപപ്പെട്ടപ്പോള്‍ കര്‍ണാടകയിലെ ഭാഗങ്ങള്‍ കേരളത്തോട് ചേര്‍ക്കുന്നതിനെ കുറിച്ചെഴുതിയ ഐക്യ കേരളം എന്ന കവിതയിലെ ശകലങ്ങളാണ് നാലാം ക്ലാസിലെ പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. 'വിടതടിയമ്മേ, കന്നടധാത്രി കേരള ജനനി വിളിക്കുന്നു' എന്നു തുടങ്ങുന്നതാണ് വിടവാങ്ങല്‍ എന്ന കവിത. തുഞ്ചത്ത് എഴുത്തച്ഛനെയും കുഞ്ചന്‍ നമ്പ്യാരെയും പറ്റി ഓര്‍ക്കുന്ന എന്തിനീ താമസിപ്പൂതംബികേ എന്നു തുടങ്ങുന്ന കവിതയോട് എന്ന കവിതയിലെ വരികളാണ് എട്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തിയത്.

ഉബൈദിന്റെ കവിതകളെ പരിപോഷിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കെ.എം അഹ്മദ്, ഇബ്രാഹിം ബേവിഞ്ച, റഹ് മാന്‍ തായലങ്ങാടി, എം.എ റഹ് മാന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, നാരായണന്‍ പേരിയ തുടങ്ങിയവരെ പോലുള്ള നിരവധി വ്യക്തികളും സംഘടനകളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ എടുത്തുപറയേണ്ടതുണ്ട്. കവി എ ബെണ്ടിച്ചാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ടി. ഉബൈദിന്റെ കവിതകളെ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ നിരാഹാരസമരവും നടത്തിയിരുന്നു.

രാഘവന്‍ ബെള്ളിപ്പാടിയാണ് ഡിസി ബുക്ക്‌സ് ഇറക്കിയ ടി. ഉബൈദിന്റെ കവിതാ സമാഹാരം ഇബ്രാഹിം ബേവിഞ്ചയില്‍ നിന്നും വാങ്ങി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗത്തെ ഏല്‍പിച്ചത്. ഉബൈദിനോട് കാസര്‍കോട്ടുകാരും മലയാള ഭാഷയും പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ കാസര്‍കോട്ടെ കവി സമൂഹത്തിനിടയില്‍ അസംതൃപ്തി ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ച് തന്നെയാണ് ഉബൈദിന്റെ കവിത പാഠപുസ്തകത്തില്‍ ഏറെ വൈകിയെങ്കിലും ഇടംപിടിച്ചിരിക്കുന്നത്.

പാഠ പുസ്തകങ്ങളുടെ സെലക്ഷന്‍ കമ്മിറ്റി മുന്‍ അംഗമായ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മണികണ്ഠ ദാസും ടി. ഉബൈദിന്റെ കവിത മലയാള പാഠപുസ്തകത്തില്‍ ഉള്‍പെടുത്തുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കാസര്‍കോടിന്റെ സ്വന്തം കവിയായ ഉബൈദിനെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതികള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ കവിതകള്‍ മലയാള പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നും ഉബൈദിന്റെ കവിത പാഠ പുസ്തകത്തില്‍ ഉള്‍പെടുത്തണമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം നാലാം ക്ലാസിലെ മലയാള പാഠപുസ്‌കത്തില്‍ മഹാകവി കുട്ടമത്തിന്റെ പച്ചക്കിളി എന്ന കവിതയും ഉള്‍പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ടി. ഉബൈദിന്റെ കവിതകള്‍ പാഠ പുസ്തകത്തില്‍; കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ആത്മനിര്‍വൃതി

Related News: 
ഉബൈദിന്റെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്താന്‍ കവിയുടെ നിരാഹാരസമരം

Keywords : Kasaragod, Kerala, Book, Poem, Book, School, Education, T. Ubaid, A. Bendichal, Protest, Hunger Strike. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia