city-gold-ad-for-blogger
Aster MIMS 10/10/2023

പ്രണയം, നാടകം, ചീട്ടുകളി

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 5)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 13.06.2017) നാടകത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേഷം ചെയ്തത് മറക്കാന്‍ കഴിയില്ല. അന്ന് 5-ാം ക്ലാസുകാരനാണ് ഞാന്‍. ഭട്ടതിരി മാഷും മാരാര്‍ മാഷും ഈ വേഷത്തിനു പറ്റിയ ആളെ ക്ലാസ്സുതോറും നടന്നു നോക്കുകയായിരുന്നു. 5- ാം ക്ലാസിലെ അന്നത്തെ ഞാന്‍ അല്‍പ്പം തടിയും വെളുപ്പും ഉള്ള കുട്ടിയായിരുന്നു. അവര്‍ എന്നെ വിളിച്ച് ഹെഡ്മാസ്റ്ററുടെ മുന്‍പില്‍ ഹാജരാക്കി. നമുക്ക് ഇവനെ പറ്റും രാജാവാക്കാന്‍. ഹെഡ്മാസ്റ്റര്‍ തലകുലുക്കി. അടുത്ത ദിവസം മുതല്‍ അഭിനയം പഠിപ്പിക്കാന്‍ തുടങ്ങി.

ആദ്യ രംഗം കൊട്ടാരത്തിലെ പൂജാമുറിയിലെ വിഗ്രഹത്തിന് പൂജ അര്‍പ്പിക്കലാണ്. മുസ്ലീം കുട്ടിയായ എനിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയും ഇല്ല. സ്‌കൂള്‍ വാര്‍ഷികത്തിന് നാടകം അരങ്ങേറി. രാജാപാര്‍ട്ട് ഉഗ്രനായി എന്ന് കാഴ്ചക്കാര്‍ വിധിയെഴുതി. ഒന്നാം സമ്മാനം എനിക്കുതന്നെ. നാടകത്തില്‍ എന്റെ മന്ത്രിയായി അഭിനയിച്ചത് കൊടക്കാട്ടെ പ്രമുഖനായ കച്ചവടക്കാരന്‍ നാരായണന്‍ മണിയാണിശ്ശന്റെ മകന്‍ ജനാര്‍ദ്ദനനായിരുന്നു. 'രമയ്യാ......' എന്ന എന്റെ വിളി കേള്‍ക്കുമ്പോള്‍ 'പ്രഭോ.....'' എന്ന് പറഞ്ഞ് വായ കൈപൊത്തി നില്‍ക്കുന്ന അവന്റെ രൂപം ഓര്‍മ്മയുണ്ട്.

പത്താം വയസ്സില്‍ ഞാന്‍ അഭിനയിച്ച ആദ്യത്തെ നാടകമായിരുന്നു അത്. തുടര്‍ന്ന് എന്റെ നാട്ടില്‍ ഞാനും സുഹൃത്തുക്കളും കൂടി പടച്ചുണ്ടാക്കിയ യുവജന കലാസമിതിയുടെ വാര്‍ഷികങ്ങളിലൊക്കെ ഞാന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിണ്ട്. 9-ാം ക്ലാസ്സ് എത്തിയപ്പോള്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ വേഷം എടുത്ത് അഭിനയിച്ചതിന് കൂട്ടുകാരൊക്കെ നല്ലപോലെ അഭിനന്ദിച്ചു. ആ അഭിനയത്തെ കുറിച്ച് പയ്യന്നൂരിലെ പ്രമുഖ അഡ്വക്കറ്റ് വിജയകുമാര്‍ 'പോലീസേ' എന്ന് ഇന്നും വിളിക്കാറുണ്ട്.

പ്രണയം, നാടകം, ചീട്ടുകളി

തുടര്‍ന്ന് കാസര്‍കോട് ഗവ: കോളജില്‍ കോളജ് ഡേയ്ക്ക് ഒരു ഹിന്ദി നാടകത്തില്‍ 'ബട്‌ലര്‍' ആയി അഭിനയിച്ചതും, ഹിന്ദി സെക്കന്‍ഡ് ലാംഗ്വേജ് എടുത്തതിന്റെ ഭാഗ്യമാണ്. ആദ്യമായി അധ്യാപകനായി ജോയിന്‍ ചെയ്ത കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളിലെ സ്‌കൂള്‍ വാര്‍ഷികങ്ങളിലും നാടകങ്ങളില്‍ പ്രധാന വേഷക്കാരനായിരുന്നു. കരിവെള്ളൂര്‍ ദേശാഭിമാനി കലാസമിതിയുടെ നിരവധി നാടകങ്ങളില്‍ അരങ്ങിലെത്തിയിട്ടുണ്ട്. നാടകാഭിനയം ഒരുപാട് സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും പല വിവാഹാലോചനകളും അതുമൂലം തടസ്സപ്പെട്ടിട്ടുണ്ട്.

പഠന കാലം പ്രണയകാലമാണ് എന്ന് പറയുന്നതായിരിക്കും നല്ലത്. ഒന്നാം ക്ലാസ്സുമുതല്‍ ഡിഗ്രി തലം വരെ ഓരോ സ്ഥാപനത്തില്‍ എത്തുമ്പോഴും ഏതെങ്കിലും ഒരു പെണ്‍കുട്ടിയോട് മമത തോന്നുന്ന കാലമായിരുന്നു അത്. ഒന്നാം ക്ലാസ്സിലെ ലോലാക്കിട്ട ജാനകിയോട് നോക്കാനും, പറയാനും ഇഷ്ടം. ഏഴാം ക്ലാസ്സ് എത്തുമ്പോഴാണ് 5-ാം ക്ലാസ്സുകാരിയായ കൗസല്യയോട് ഇഷ്ടം തോന്നിയത്. വെളുത്ത് കൊഴുത്ത പെണ്‍കുട്ടിയായിരുന്നു അവള്‍. ഇന്റര്‍വെല്‍ സമയത്ത് അവള്‍ വരാന്തയില്‍ തൂണും ചാരി
നില്‍ക്കുന്നുണ്ടാവും. അവളുടെ മുന്നിലൂടെ ആണ്‍കുട്ടികളായ ഞങ്ങള്‍ മത്സരിച്ച് ഓടും.

ഒരു ദിവസം ഓടുന്നതിനിടയില്‍ പോക്കറ്റില്‍ നിന്ന് പെന്‍സില്‍ താഴെ വീണു. അതെടുത്ത് അവള്‍ പിറകെ ഓടി വന്ന് 'റഹ് മാനെ നിന്റെ പെന്‍സില്‍' എന്നു പറഞ്ഞ് കൈയ്യില്‍ തന്നത് മധുരമൂറുന്ന ഓര്‍മ്മയായിരുന്നു. ഇന്നത്തെ ആണ്‍ പെണ്‍ പ്രണയം പോലല്ലായിരുന്നു അന്ന്. കാണാനൊരു മോഹം, സംസാരിക്കാന്‍ ഭയം, വെറുതെ മനസ്സിലൊതുക്കി വെച്ച ഒരു സന്തോഷം മാത്രം.
കൗസല്യയെ ഇന്നും കാണാറുണ്ട്. അവള്‍ അമ്മയായി, അമ്മൂമ്മയായി, വൃദ്ധയായി ഇന്നും ജീവിക്കുന്നു.

കച്ചവടക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല സുലൈമാനിച്ച കൂക്കാനക്കാരുടെ ഇടയില്‍ അറിയപ്പെടുന്നത്. അദ്ദേഹം ഒന്നാം നമ്പര്‍ ചീട്ടുകളിക്കാരന്‍ കൂടിയാണ്. പീടിയക്കടുത്തുള്ള പറങ്കിമാവിന്‍ തോട്ടത്തിലാണ് സ്ഥിരമായി ചീട്ടുകളി സംഘം ഒത്തുചേരുക. പീടികയില്‍ നിന്നും ഓരോ കാലിച്ചാക്കുമെടുത്താണ് കളിക്കാര്‍ ഇരിപ്പിടമൊരുക്കുക. പോലീസിനെയോ
മറ്റോ ഭയക്കേണ്ട കാര്യമില്ല. യാത്രാസൗകര്യം തീരെയില്ലാത്ത ഉള്‍നാടന്‍ ഗ്രാമമായിരുന്നു ഇത്. കാലത്ത് തുടങ്ങിയാല്‍ രാത്രി ഏറെ വൈകിയേ പരിപാടി അവസാനിക്കൂ. ചീട്ടുകളി തലക്കുപിടിച്ചാല്‍ ഭക്ഷണവും മറ്റും പ്രശ്‌നമല്ല. ക്രമേണ കച്ചവടം ക്ഷയിക്കാന്‍ തുടങ്ങി.

ചിലദിവസങ്ങളില്‍ ഉമ്മാമ നേരിട്ട് വന്ന് 'ഈ കളി മതിയാക്ക് മോനെ നീ പീടിക ശ്രദ്ധിക്ക്' ഇത് കേള്‍ക്കുന്ന മാത്രയില്‍ മൂപ്പരുടെ പ്രതികരണം ഇങ്ങനെ 'ഞാന്‍ വരുമ്പോ ഒന്നും കൊണ്ടുവന്നിട്ടില്ല പോവുമ്പോ ഒന്നും കൊണ്ടുപോകുന്നുമില്ല'. ഇത് കേട്ട് ഉമ്മൂമ്മ നിശബ്ദമാവും. വേദനയോടെ തിരിച്ചുപോകും.

ഉച്ഛന്‍ വളപ്പിലെ കൊഞ്ഞേന്‍ മമ്മീച്ചയുടെ വളപ്പില്‍ അണ്ടിക്കാലമായാല്‍ പ്രദേശത്തെ കുരുത്തം കെട്ട പിള്ളേര്‍ക്ക് കുശാലാണ്. വയസായ മമ്മീച്ചക്ക് നടക്കാന്‍ പറ്റില്ല. ഏക്കറുകണക്കിന് പരന്നുകിടക്കുന്ന പറങ്കിമാവിന്‍ തോട്ടമുണ്ട് അദ്ദേഹത്തിന്. കുറ്റിയന്‍ അമ്പു, വാണിയന്‍ അമ്പു, പൊലയന്‍ ശ്രീധരന്‍, കൊല്ലന്‍ കുഞ്ഞിരാമന്‍ ഇവരൊക്കെയാണ് നാട്ടിലെ പ്രമുഖരായ കൊരട്ട( കശുവണ്ടി )കള്ളന്മാര്‍. മമ്മീച്ചയുടെ നിഴലുകാണുമ്പോള്‍ ട്രൗസറിന്റെ കീശേലും ഉടുമുണ്ടിലും ശേഖരിച്ച കൊരട്ടയുമായി സുലൈമാനിച്ചാന്റെ പീടിയയിലേക്കോടും. ഈ കുഞ്ഞുകള്ളന്മാര്‍ ഒപ്പരം നാടുവിടുകയും ജീവിതമാര്‍ഗം കണ്ടെത്തി ഉന്നത നിലയിലെത്തുകയും ചെയ്തിട്ടുണ്ടിന്ന്.
അവരെയൊക്കെ കാണുമ്പോള്‍ ഉച്ഛന്‍വളപ്പും കൊരട്ടകളവും കൊഞ്ഞേന്‍ മമ്മീച്ചയും ഒക്കെ ചര്‍ച്ചയാവാറുണ്ട്.

പ്രദേശത്തെ പ്രമുഖ നാളികേരകൃഷിക്കാരന്റെ മകനാണ് മാടക്കാല്‍ ചെറ്യമ്പു. കക്ഷി നല്ല കളരിയഭ്യാസിയാണ്. യുവാവായ ചെറ്യമ്പു മദ്യത്തിനടിമയായി. വരുമാനമൊന്നുമില്ല. അച്ഛന്റെ കണ്ണുവെട്ടിച്ച് പറമ്പിലെ തേങ്ങ മോഷ്ടിച്ചാണ് റാക്കു കുടിക്കാനുള്ള തുക കണ്ടെത്തുന്നത്. തെങ്ങില്‍ വലിഞ്ഞുകയറി തേങ്ങ പറിച്ചിടുന്ന ശബ്ദമില്ലാതാക്കാന്‍ കുലയോടെ കടിച്ച് പിടിച്ച് താഴേക്കിറങ്ങും. അതുമായും എത്തുക സുലൈമാനിച്ചാന്റെ കടയിലേക്കാണ് റാക്കിന്
പണമുണ്ടാക്കാന്‍.

Also Read: നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


മൊട്ടത്തലയില്‍ ചെളിയുണ്ട

 ആശിച്ചുപോകുന്നു കാണാനും പറയാനും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Love, Drama, Govt.college, College day, Cashew, Story of my foot steps part-5.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL