city-gold-ad-for-blogger

ഭൂമിക്ക് ഭീഷണിയായി പ്ലാസ്റ്റിക്ക്: റോഡുവക്കിലെ മാലിന്യക്കൂനകള്‍ക്ക് ഉത്തരവാദിയാര്? വരുംതലമുറക്കായ് പ്രകൃതിയെ കാത്തുവെക്കണം

നിഷ്ത്തര്‍ മുഹമ്മദ്

(www.kasargodvartha.com 11.12.2017) പ്ലാസ്റ്റിക്ക് മലിനീകരണം ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. താരതമ്യേന ചെലവുകുറവായതിനാലും ഉപയോഗിക്കാന്‍ എളുപ്പമായതിനാലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കാലക്രമേണ വര്‍ധിക്കുന്നു. പ്ലാസ്റ്റിക്കിന്റെ പാര്‍ശ്വഫലങ്ങളും പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും വളരെ വലുതാണ്.

ഇതര മാലിന്യങ്ങളെപ്പോലെ മണ്ണില്‍ വിഘടിച്ചു പോവില്ലെന്നതാണ് പ്ലാസ്റ്റിക്കിനെ പ്രകൃതിയുടെ കാലനാക്കുന്ന വശം. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മേല്‍മണ്ണില്‍ നിന്നും ഭൂമിക്കടിയിലേക്ക് താണുപോകുന്നു. ഇങ്ങനെ ഭൂമിക്കകത്ത് കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തെ തടസപ്പെടുത്തുന്നു. മരങ്ങളുടെ വേരുകള്‍ പടരുന്നതും പ്ലാസ്റ്റിക്ക് തടയുന്നു.

ഭൂമിക്ക് ഭീഷണിയായി പ്ലാസ്റ്റിക്ക്: റോഡുവക്കിലെ മാലിന്യക്കൂനകള്‍ക്ക് ഉത്തരവാദിയാര്? വരുംതലമുറക്കായ് പ്രകൃതിയെ കാത്തുവെക്കണം

ആര്‍ആര്‍ആര്‍ (reduce, reuse, recyle) മാത്രമാണ് പ്ലാസ്റ്റിക്ക് മലിനീകരണം ഇല്ലാതാക്കാനുള്ള പോംവഴി. വാഹനങ്ങളിലും വീട്ടുപകരണങ്ങളിലും വൈദ്യുതോപകരണങ്ങളിലും എല്ലാം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ആധുനികകാലഘട്ടത്തില്‍ ഒട്ടും പ്രായോഗികമല്ല. അതിനാല്‍ ഉപയോഗം പരമാവധി കുറയ്ക്കലും പുനരുപയോഗം ചെയ്യലും റീസൈക്ലിങ്ങ് ചെയ്യലും മാത്രമാണ് മാര്‍ഗം.

പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ കേരളത്തില്‍ നിയമംമൂലം നിരോധിക്കപ്പെട്ടെങ്കിലും ജനങ്ങളുടെ പിന്തുണയും സഹകരണവുമുണ്ടെങ്കിലേ നിരോധനം പ്രഹസനമായി മാറാതിരിക്കുകയുള്ളൂ. പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം ഒഴിവാക്കിയാല്‍ തന്നെ പ്ലാസ്റ്റിക്ക് മലിനീകരണം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. കടലാസ് സഞ്ചികളും തുണിസഞ്ചികളും പ്ലാസ്റ്റിക്ക് സഞ്ചിക്ക് ബദലായി ഉപയോഗിക്കാവുന്നതാണ്. വ്യാപാരികള്‍ മനസ്സുവെച്ചാല്‍ മാത്രമേ ഒരുപരിധി ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ. ഉപഭോക്താക്കള്‍ക്ക് ഒരുകാരണവശാലും പ്ലാസ്റ്റിക്ക് സഞ്ചിയില്‍ സാധനങ്ങള്‍ കൊടുത്തുവിടാന്‍ പാടില്ല.

കാസര്‍കോട്ടെ റോഡുവക്കില്‍ ചീഞ്ഞുനാറുന്ന മാലിന്യക്കൂനകള്‍ക്കും അതു മൂലമുണ്ടാകുന്ന രോഗങ്ങളടക്കമുള്ള ഭവിഷ്യത്തുകള്‍ക്കും കാരണം ഇവിടുത്തെ നഗരസഭയോ സര്‍ക്കാരോ അല്ല, മറിച്ച് വിരുന്നുകള്‍ക്കും മറ്റും ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ രാത്രിയുടെ മറവില്‍ വഴിവക്കില്‍ തള്ളുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്ന ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ്. വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ സ്വീകരിക്കുകയും റിീസൈക്ലിങ്ങ് നടത്തുകയും ചെയ്യുന്ന ഏജന്‍സികള്‍ നഗരത്തിലുണ്ടെങ്കിലും ജനങ്ങളാരും മെനക്കെടാന്‍ തയ്യാറാവുന്നില്ല.

പ്ലാസ്റ്റിക്ക് ഭാണ്ഡത്തില്‍ മാലിന്യങ്ങള്‍ നിറച്ച് പുഴയിലേക്കും ഇതര ജലസ്രോതസ്സുകളിലേക്കും തള്ളുന്നവരും പ്രബുദ്ധകേരളത്തിന്റെ ഉത്തരദേശത്തുണ്ട്. കുട്ടനാട് കായലിലെ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുന്നതിന്റെ കാരണം തേടി നടന്ന പഠനങ്ങള്‍ വിരല്‍ചൂണ്ടിയത് കായലിന്റെ അടിത്തട്ടില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിലേക്കാണ്. ജലസ്രോതസ്സുകളിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ജലജീവിസമ്പത്ത് നശിപ്പിക്കുകയും ജലമലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.

പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ ചുമത്തി നഗരസഭയും പഞ്ചായത്തുകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രവണതകള്‍ തടയാന്‍ സാധിക്കും. പ്ലാസ്റ്റിക്ക് റീസൈക്ലിങ്ങ് ചെയ്യുന്നതിന് നഗരസഭയുടെയും പഞ്ചായത്തുകളുടെയും കീഴില്‍ സംവിധാനം ആരംഭിക്കണം.

ഇനിയും ഒരുപാട് തലമുറകള്‍ക്ക് വസിക്കാനുള്ളതാണ് ഈ ഭൂമി. നമ്മുടെ മുന്‍തലമുറ നമുക്ക് കാത്തുവെച്ചപോലെ വരുംതലമുറകള്‍ക്ക് ഈ പ്രകൃതിയെ കാത്തുവെക്കാന്‍ നാം ബാധ്യസ്ഥരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Plastic, Land, Waste, River, Nature, Recycling, Water pollution, Plastic is damaging planet Earth.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia