city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിവേഗ റെയില്‍പാത: കാസര്‍കോടിനെ ഒഴിവാക്കിയത് ആര്? എങ്ങനെ? ഇനിയെന്ത്?

പ്രതിഭാ രാജന്‍

(www.kasargodvartha.com 06/08/2016) കാസര്‍കോട് ജില്ലയുടെ കൂട്ടക്കരച്ചില്‍ വക വെക്കാതെ സര്‍ക്കാര്‍ മുന്നോട്ട്. സംസ്ഥാന അധിവേഗ പാത കണ്ണൂര്‍ വരെ മാത്രമെന്ന് ഡി.എം.ആര്‍.സിയുടെ കത്ത്. കാസര്‍കോടിന്റെ രോദനം നിലനില്‍ക്കെത്തന്നെ കേന്ദ്രാനുമതി കണ്ണൂരിലേക്ക് മാത്രമായി നിജപ്പെട്ടു കഴിഞ്ഞു. ഇതൊരു സംസ്ഥാന തല പദ്ധതിയാണ്. പഠനം തുടങ്ങുമ്പോള്‍ പദ്ധതിയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ഇന്ന് ചിത്രത്തില്‍ ഇല്ല. കേരളത്തിന്റെ വാലു മുറിഞ്ഞ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ആരോടാണ് പിണറായി സര്‍ക്കാര്‍ പക പോക്കുന്നത്?

ഡി.എം.ആര്‍.സിയുടെ അധിപന്‍ ഇ.വി. ശ്രിധരന്റെ വെളിപ്പെടുത്തല്‍ കാസര്‍കോട് വരെ നീട്ടിയാല്‍ അതു ലാഭകരമല്ല എന്നാണ്. അവാസന നിമിഷത്തില്‍ കാസര്‍കോടില്‍ മാത്രം ആദായമില്ലാതെ പോയതെന്തു കൊണ്ട് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. 2010 ഫെബ്രുവരി പത്തിന് വി.എസ് മന്ത്രിസഭാ യോഗം ചേര്‍ന്ന് പദ്ധതി പഠനത്തിന് നീക്കി വെച്ച 20 കോടി ചിലവാക്കി ദില്ലി മെട്രോ കോര്‍പ്പറേഷനോട് പ്രാഥമിക പഠന റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നും ഇന്നും ശ്രീധരന്‍ തന്നെയാണ് ഡിഎംആര്‍സിയെ നയിക്കുന്നത്. അന്നത്തെ മാര്‍ഗ രേഖയില്‍ കാസര്‍കോട് ഉള്‍പ്പെടും.

2010ല്‍ ആരംഭിച്ച സാദ്ധ്യതാ പഠനം 2012 ഒക്‌റ്റോബര്‍ വരെ നീണ്ടു. ഒക്‌റ്റോബര്‍ ഒന്നിന് ഡി.എം.ആര്‍.സി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ കാസര്‍കോടു ജില്ല ഉള്‍പ്പെടുന്നു. കൊച്ചു വേളിയില്‍ നിന്നും കാസര്‍കോടുവരെ എത്താന്‍ ഒരു രാത്രിക്കു പകരം കേവലം മൂന്നു മണിക്കൂര്‍ പകല്‍ മാത്രം മതിയെന്ന് 2010ല്‍ മന്ത്രി ടി.എം.തോമസ് ഐസക്കും, 2012ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

തുടര്‍ പ്രവര്‍ത്തിക്കു വേണ്ടി കേരള ഹൈസ്പീഡ് ട്രെയിന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിയുണ്ടാക്കി അതിന്റെ ചെയര്‍മാനായി ടി. ബാലകൃഷ്ണനേയും, മാനേജിംഗ് ഡയരക്ടറായി വ്യവസായ വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മയേയും ടി.പി തോമസ്‌കുട്ടിയേയും മറ്റും ചുമതകള്‍ നല്‍കി. അപ്പോഴും ചിത്രത്തില്‍ കാസര്‍കോട് മായാതെ കിടപ്പുണ്ട്. പക്ഷെ 2016ല്‍ പിണറായി സര്‍ക്കാരെത്തിയപ്പോള്‍ മാത്രം എങ്ങനെയാണ് കാസര്‍കോട് അനാദായകരവും വികസ്വര ചിത്രത്തില്‍ നിന്നും തള്ളപ്പെടുകയും ചെയ്യുക എന്ന് ജനം ചോദിക്കുന്നു.

പദ്ധതി നിര്‍മ്മാണത്തിനായി ഡിഎംആര്‍സി സാറ്റ്‌ലൈറ്റ് വഴി തയ്യാറാക്കിയ സങ്കീര്‍ണമായ പഠനത്തില്‍ 15 ഇനങ്ങളായാണ് പദ്ധതി സംബന്ധിച്ച കാര്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. 2012ല്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പഠന റിപ്പോര്‍ട്ടിലെ 5,12,15 അനുഛേദങ്ങളില്‍ പറയുന്നത് പട്ടണങ്ങളാല്‍ നിര്‍മ്മിതങ്ങളായ കേരളത്തില്‍ അതേവേഗ റെയില്‍ കോര്‍ഡിനേഷന്‍ നടപ്പിലാക്കാന്‍ നിരവധി പ്രതികുല ഘടകങ്ങള്‍ തരണം ചെയ്യേണ്ടി വരും എന്നാണ്. 2,000 ഏക്കര്‍ ഭൂമി വേണ്ടിവരും എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. പ്രത്യേകം സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ നുറുകണക്കിന് ഏക്കര്‍ വേറെയും വേണം.

നേരിടാനിരിക്കുന്ന പ്രതിസന്ധികളില്‍ ആദ്യം വസ്തുവിന്റെ മുല്യവര്‍ദ്ധനവും, ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രയാസവുമായിരുന്നു. ഒരു ലക്ഷം പേരെ എങ്കിലും കുടി ഒഴിപ്പിക്കേണ്ടി വരും. രണ്ടാമതാണ് പരിസ്ഥിതി വിഷയം. ശബ്ദ, ജലമലിനീകരണം, കൃഷിനാശം, ഇങ്ങനെ പോകുന്നു പ്രതികൂല സ്ഥിതികള്‍. ദോഷവശങ്ങള്‍ പ്രത്യേകം എടുത്തു പറയുന്ന റിപ്പോര്‍ട്ടിലെ 25 ഇനങ്ങളില്‍ 17 എണ്ണവും തെക്കുതൊട്ടു വടക്കുവരെ ഒരുപോലെ ദോഷം ഉളവാക്കുന്നവയാണ്. അതില്‍ ആറെണ്ണം അതീവഗുരുതരമായും ഇതില്‍ ചുണ്ടിക്കാണിക്കപ്പെടുന്നു. റിപ്പോര്‍ട്ടിലെ 11ല്‍ 8,9 ഭാഗങ്ങളില്‍ ഇവ പട്ടികയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരിടത്തും കാസര്‍കോടിനു മാത്രമായി പ്രത്യേകം പരാമര്‍ശങ്ങളില്ല. പദ്ധതി നിര്‍മ്മാണ ഘട്ടത്തിലും പിന്നീട് ഉപയോഗ കാലത്തും ഭുമിയുടെ ഉപരിതലത്തിലും, മണ്ണിന്റെ ഘടനയിലും മാറ്റങ്ങള്‍ വരുമെന്നും ഡി.എം.ആര്‍.സി നിരീക്ഷിക്കുന്നു. പരിസരത്തുള്ള ജനജീവിതവും, കാര്‍ഷിക, പാരിസ്ഥിതി, ആവാസ വ്യവസ്ഥിതിയേയും ഇതു ബാധിക്കുമെന്നും വ്യക്തമായി പറയുന്നുണ്ട്.

സംസ്ഥാനത്താകെ ഇത്തരം വിഷയങ്ങള്‍ ഉള്ള സ്ഥിതിക്ക് ഇപ്പോള്‍ കാസര്‍കോട് മാത്രം അനാദായകരവും തടസ്സവും ഉണ്ടാകും എന്ന് ബന്ധപ്പെട്ടവര്‍ പറയാനുള്ള കാരണങ്ങളില്‍ ഏതോ ദുഷ്ട ശക്തികളുടെ കറുത്ത കൈകളാണെന്ന് കാസര്‍കോട്ടെ ജനം സംശയിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ട്. ജില്ലയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനപ്രതിനിധികളും, കക്ഷിരാഷ്ട്രീയവും അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച്, സാമൂഹ്യ സാംസ്‌കാരിക രംഗം ആകമനാവും ഇത്തരം കടുത്ത അവഗനയെ ശക്തമായിതന്നെ നേരിടേണ്ടതുണ്ട്. ഒപ്പുമരം നിങ്ങളെ കാത്തുനില്‍ക്കുകയാണ്. മരണം വരെ നിരാഹാരം കിടക്കാന്‍ വരെ ആഹ്വാനങ്ങള്‍ക്ക് കാത്തു നില്‍ക്കുന്ന കൂട്ടായ്മകളുണ്ട്. ആരും സംഘടിപ്പിക്കാതെ ആരാലും സംഘടിക്കപ്പെടാതെ നേതൃത്വങ്ങളില്ലാത്ത സമാധാന ജനാധിപത്യ വിപ്ലവത്തിന് കാസര്‍കോട് ഒരുങ്ങുകയാണ്. കെ.എസ്.ആര്‍.ടി.സിയും, ആന്ധ്രയില്‍ നിന്നും അരി വാങ്ങി ഒരു രൂപക്ക് നല്‍കുന്നതും, വെള്ളവും വെളിച്ചവും,ആരോഗ്യരംഗവും കേരളത്തില്‍ ആദായകരമാണോ, കാസര്‍കോടിന്റെ തനതായ കാര്യം വരുമ്പോള്‍ മാത്രം എന്തെ സര്‍ക്കാര്‍ ആദായം നോക്കുന്നു? ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ കേരളത്തില്‍ അല്ലെ? ഇതാണ് ജനങ്ങളുടെ ചോദ്യം.  

2012ല്‍ ഡി.എം.ആര്‍.സി തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശാലമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് മന്ത്രി തോമസ് ഐസക് തന്റെ ബജറ്റില്‍ 50 ലക്ഷം നീക്കിവെച്ചത്. അവ തയ്യാറായി വരികയാണ്. ജില്ലയെ തഴഞ്ഞു കൊണ്ടുള്ള പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. ആദായകരമാകും വിധം പദ്ധതിയില്‍ കര്‍ണാടക സര്‍ക്കാരിലോ, അതല്ല കേന്ദ്ര സര്‍ക്കാരിലോ സമ്മര്‍ദ്ദം ചെലുത്തി പദ്ധതി മംഗളൂരു വരെ നീട്ടണം. കാസര്‍കോടന്‍ റെയില്‍വേയുടെ ശനിദശ മാറണം. കേരളത്തിന്റെ വാല്‍ മുറിച്ചു കൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് തിരുത്തപ്പെടണം. വരാനിരിക്കുന്ന പ്രൊജക്റ്റ് മുഖ്യമന്ത്രിയുടെ മുമ്പാകെ ക്യാബിനറ്റില്‍ വരുമ്പോള്‍ 2010ലെ വി.എസ് ക്യാബിനറ്റിന്റെ തീരുമാനം പോലെ കാസര്‍കോടിനെ ഉള്‍പ്പെടുത്തി കൊണ്ട് പുനര്‍ നിര്‍ണയിക്കണം. ഈ ആവശ്യം മുന്‍ നിര്‍ത്തി ക്യാബിനറ്റില്‍ സംസാരിക്കാന്‍ കാസര്‍കോടു നിന്നും ജയിച്ചു പോയ റവന്യൂ മന്ത്രി മനസു വെക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു. നാലു ഘട്ടമായി ഏഴ് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ തിടുക്കത്തില്‍ തട്ടിക്കൂട്ടിയെടുത്ത തീരുമാനങ്ങള്‍ വികസ്വിത കേരളത്തിന് സ്വീകാര്യമല്ല. ജനമുന്നേറ്റ ജാഥകള്‍ നയിക്കുന്ന വിവിധ പാര്‍ട്ടികള്‍ ജില്ലയില്‍ ഉദ്ഘാടനങ്ങള്‍ക്ക് വരുമ്പോള്‍ നല്‍കിയ വാഗ്ദ്ധാനം പാലിക്കപ്പെടണം.
അതിവേഗ റെയില്‍പാത: കാസര്‍കോടിനെ ഒഴിവാക്കിയത് ആര്? എങ്ങനെ? ഇനിയെന്ത്?

Related News:
'കാസര്‍കോടിനൊരിടം' നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷന് ഇ ശ്രീധരന്റെ മറുപടി; അതിവേഗ റെയില്‍വേ പാത കാസര്‍കോട് വരെ നീട്ടുന്നത് ലാഭകരമല്ല

അതിവേഗ റെയില്‍പാത: കാസര്‍കോടിനെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ല, മംഗളൂരു വരെ പാത നീട്ടണം: രമേശ് ചെന്നിത്തല





'നമുക്കില്ല' അതിവേഗ പാത; ഈ അവഗണന സഹിക്കാവുന്നതിലുമപ്പുറം

'നമുക്കില്ല അതിവേഗ റെയില്‍ പാത' സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് പി കരുണാകരന്‍ എംപി

അതിവേഗ റെയില്‍ പാത: സര്‍ക്കാരിനെതിരെ ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി പ്രക്ഷോഭത്തിനൊരുങ്ങുന്നു

അതിവേഗ റെയില്‍പാത: കാസര്‍കോട് ജില്ലയെ ഉള്‍പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം- എം സി ഖമറുദ്ദീന്‍


Keywords:  Article, Prathibha-Rajan, Kasaragod, Express Railway, Development Project, P.Karunakaran-MP, Railway, High Speed Railway Line, No Express corridor for Kasaragod: Reason, Who is worked behind?.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia