city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അനുഭവം-9 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 20.06.2018) ജീവിത യാത്രകള്‍ക്കിടയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനിശ്ചിതത്വത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ കടന്നു പോകുംതോറും ചിന്തകള്‍ വലിഞ്ഞു മുറുകിക്കൊണ്ടിരിക്കുന്നു. ഏകാന്തതയും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന വ്യഥയും. തൊഴില്‍ കണ്ടെത്തണം... മുന്നോട്ടുള്ള പ്രയാണത്തിന് വഴികള്‍ കണ്ടെത്തണം... നാട്ടില്‍നിന്നും യാത്ര തിരിക്കുമ്പോള്‍ സങ്കല്‍പ്പത്തില്‍പ്പോലും ഇല്ലാത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഒരുവിധം സുഖങ്ങള്‍ക്ക് നടുവില്‍ നാട്ടില്‍ കഴിഞ്ഞിരുന്ന ജീവിതം പെട്ടെന്ന് ഉത്തരം കാണാന്‍ കഴിയാത്ത ഒരു പ്രഹേളികയില്‍ അകപ്പെടുമ്പോഴുള്ള ഹൃദയനൊമ്പരം അടയാളപ്പെടുത്താന്‍ അക്ഷരങ്ങളില്ല.

രാവിലെ ഉറക്കമുണര്‍ന്നാല്‍ വേഗം കുളിച്ചൊരുങ്ങി പുറത്തിറങ്ങും. ഏതെങ്കിലും സുഹൃത്തുക്കളെയോ നാട്ടുകാരനെയോ കണ്ടെത്തണം.  അതാണ് ലക്ഷ്യം. ആരുടെയെങ്കിലും സഹായമില്ലാതെ മുന്നോട്ട് നീങ്ങാന്‍ പറ്റില്ല. അപരിചിതത്വത്തിന്റെ നടുവില്‍ അനിശ്ചിതത്വത്തിന്റെ ഈ വീര്‍പ്പുമുട്ടലില്‍ നിന്നും എത്രയും പെട്ടെന്ന് ഒരു മോചനം വേണം. ഓരോ ചെറിയ ഗലികളിലും ചുറ്റി നടന്നു. ഒരു കടയുടെ മുന്നില്‍ വെറുതെ നോക്കി നില്‍ക്കുമ്പോള്‍ ഭാരമുള്ള വെള്ളത്തിന്റെ രണ്ടു ഗാലനുകള്‍ രണ്ട് കൈയ്യിലും തൂക്കിപ്പിടിച്ചു നടന്നു വരുന്ന ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് ചിരി പടര്‍ന്നു. ആരാണ് എവിടെയോ കണ്ട പരിചയം. ''ഇബ്രാഹിംച്ച എന്താ ഇവിടെ...'' ചെറുപ്പക്കാരന്‍ അടുത്തു വന്നു.  ''അബ്ബാസ്'' അറിയാതെ ഉറക്കെ വിളിച്ചു. കൈ അമര്‍ത്തി. നാട്ടുകാരനും എന്നെക്കാള്‍ ചെറിയ ക്ലാസില്‍ സ്‌കൂളില്‍ പഠിക്കാനുണ്ടായിരുന്നവനുമാണ് അബ്ബാസ്.

ഞാന്‍ വന്നു പെട്ട വിഷമ സന്ധികള്‍ എല്ലാം വിവരിച്ചു. ''നിങ്ങള്‍ എന്തിന് ഭയപ്പെടണം. എല്ലാ ശരിയാക്കാം.'' അബ്ബാസ് ചിരിയോടെ സമാധാനിപ്പിച്ച് അടുത്തു കണ്ട ചായക്കടയില്‍ കയറി ചായയും വാങ്ങി തന്നു. അയാള്‍ ഒരു ഗ്ലാസ് കടയില്‍ ജോലി ചെയ്യുകയാണ്. അതുപോലെ കുടിവെള്ള വിതരണം നടത്തുന്ന ഒരു കമ്പനി സര്‍ദാര്‍ജിയ്ക്ക് ഉണ്ട്. എല്ലാം കായികമായി ബുദ്ധിമുട്ടുള്ള പണിയാണ്. നാട്ടില്‍ സുഖിച്ചു നടന്ന എനിക്ക് ഇതൊന്നും അത്ര എളുപ്പമല്ല. ''നമ്മുടെ നാട്ടുകാരും കൂട്ടുകാരും കുറച്ച് പേര്‍ ഇതിന് അടുത്ത് തന്നെ ഒരു വില്ലയില്‍ താമസമുണ്ട്. അവരുടെ കൂടെയാണ് അബ്ബാസിന്റെ താമസം. ഞാന്‍ എന്റെ വിസയുള്ള കട കാണിച്ചു കൊടുത്തു. അബ്ബാസിന് അവരെയൊക്കെ പരിചയമുണ്ട്.  വൈകുന്നേരം ജോലികഴിഞ്ഞു ഞാന്‍ വരാം. നിങ്ങള്‍ ഒന്നു കൊണ്ടും പേടിക്കേണ്ട. എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴി കണ്ടെത്താം. അബ്ബാസ് ചിരിയോടെ ആശ്വാസം പകര്‍ന്നു. ഇയാളെ ഇങ്ങനെ കാണണ്ടാ... നാട്ടില്‍ വലിയ എഴുത്തുകാരനും മോശമല്ലാത്ത ചുറ്റുപാടുകള്‍ ഉള്ളവനുമാണ്.  ബാവ മുഹമ്മദിനോട് അബ്ബാസ് എന്നെപ്പറ്റി അല്‍പസമയം സംസാരിച്ച് പിന്നെ ജോലിയിലേക്ക് തിരിഞ്ഞു.

മനസ്സിലെ കാര്‍മേഘങ്ങള്‍ അല്‍പം നീങ്ങി. പ്രതീക്ഷയുടെ വെള്ളിരേഖകള്‍ എവിടെയോ മിന്നി മറഞ്ഞു. ''ഇത് യുദ്ധഭൂമിയാണ്. നിരാശ ഒന്നിനും പരിഹാരമല്ല.'' മനസ്സില്‍ ആരോ മന്ത്രിച്ചു. നാടും വീടും എല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളായി തെളിഞ്ഞു. അബ്ബാസിനെയും പ്രതീക്ഷിച്ചു സമയം തള്ളി നീക്കി.

സന്ധ്യയ്ക്ക് പുതിയ ഉണര്‍വു തോന്നി. കടയുടെ മുന്നില്‍ ഓരോന്നും നോക്കിയിരുന്നു. കടയില്‍ ഈ സമയത്ത് ചെറിയ കച്ചവടമേയുള്ളൂ. കട തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. എല്ലാം ശരിയായി വരുന്നതേയുള്ളൂ. മുഹമ്മദ് ഹനീഫ് ഇത്തരം സമയങ്ങളില്‍ വെറുതെയിരിക്കും.  ഗള്‍ഫില്‍ എത്തിപ്പെട്ട ആദ്യകാല കഥകള്‍ അത്ഭുതത്തോടെ മുഹമ്മദ് വിവരിക്കും. നാട്ടില്‍ പട്ടിണിയും ബുദ്ധിമുട്ടുകളും മാത്രമുള്ള നാളുകള്‍.  പലരും കടല്‍ കടന്ന് മറ്റൊരു രാജ്യത്ത് ജീവിതം നയിക്കുന്ന കഥകള്‍ അറിഞ്ഞു നേരെ മുംബൈയില്‍ എത്തി. മാസങ്ങളോളം അവിടെ ചില ജോലികള്‍ ചെയ്തു. ഏജന്‍സിക്ക് പണം നല്‍കി ലോഞ്ച് പുറപ്പെടുന്നത് കാത്ത് പ്രതീക്ഷയോടെ നടന്ന നാളുകള്‍. ഗുജറാത്ത് തീരത്ത് നിന്നും യാത്ര പുറപ്പെട്ടു. കാറും കോളും നിറഞ്ഞു ആടി ഉലയുന്ന ലോഞ്ചില്‍ മരണം മുഖാമുഖം കണ്ട നിമിഷങ്ങള്‍. അവസാനം ലക്ഷ്യസ്ഥാനം തേടി മരുഭൂമിയില്‍. ദിനങ്ങള്‍ തള്ളി നീക്കി വെള്ളം മാത്രം കുടിച്ചു കഴിഞ്ഞ നാളുകള്‍. കഥപറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു; തൊണ്ട ഇടറി.
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

അണിഞ്ഞൊരുങ്ങി വന്നപ്പോള്‍ ഉച്ചയ്ക്ക് കണ്ട അബ്ബാസിന് നല്ല മാറ്റം. അല്‍പ സമയം കടയില്‍ നിന്ന് സംസാരിച്ച ശേഷം ഞങ്ങള്‍ നടന്നു തുടങ്ങി. അബ്ബാസ് കാര്യങ്ങള്‍ വിവരിച്ച് തുടങ്ങി. ഞങ്ങളില്‍ അധികപേരും ശരിയായ വിസ ഇല്ലാത്തവരാണ്. പലവഴിയായി ഇവിടെയെത്തി അനധികൃതമായി തൊഴില്‍ ചെയ്യുന്നവര്‍. നിങ്ങള്‍ക്ക് വിസയുണ്ട്. അതുകൊണ്ട് ഒരു ജോലിക്ക് ശ്രമിക്കാന്‍ ബുദ്ധിമുട്ടില്ല.

വിസയുള്ള സ്ഥാപനത്തില്‍ അല്ലാതെ തൊഴില്‍ എടുക്കുന്ന എല്ലാവരും അനധികൃതരാണ്. പിടിക്കപ്പെട്ടാല്‍ എല്ലാവരും തുല്യര്‍. ഞങ്ങളെപ്പോലെ അല്ല നിങ്ങള്‍ക്ക് അല്‍പം വിദ്യാഭ്യാസവും കഴിവും ഉണ്ട്. അതു കൊണ്ട് നല്ല ജോലിക്ക് തന്നെ ശ്രമിക്കാം. പെട്ടെന്ന് ജോലി എന്നു പറയുമ്പോള്‍ ഹോട്ടലുകളില്‍ മാത്രമേ കേറിപ്പറ്റാന്‍ കഴിയൂ. എന്തായാലും ഒരു ജോലി കണ്ടെത്തണം. കാരണം, മുന്നോട്ട് നീങ്ങണമെങ്കില്‍ അത് അത്യാവശ്യമാണ്.

ഉയര്‍ന്ന കെട്ടിടങ്ങള്‍ കടന്നു അബ്ബാസ് നടന്നു നീങ്ങുന്നത് ആള്‍ത്തിരക്ക് കുറഞ്ഞ മണല്‍പ്പാതയിലൂടെയാണ്. നീണ്ട ചില ഫാക്ടറി കെട്ടിടങ്ങള്‍ കാണാം. പിന്നെ ഒറ്റയായും കൂട്ടമായും ഉള്ള ചെറിയ വില്ലകള്‍. അധികവും മരപ്പലക കൊണ്ട് തീര്‍ത്തവ. ചിലതു പഴയ വീടുകള്‍... പലതും ഇന്ന് ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഞങ്ങള്‍ ഒരു കോമ്പൗണ്ടിലേക്ക് കേറി, അടുത്തടുത്തായി മൂന്ന് വില്ലകള്‍ ഉണ്ട്. നാട്ടിലെ പൊതു കക്കൂസ് പോലെ അല്‍പം അകലെ ടോയ്‌ലറ്റുകള്‍. അവയ്ക്ക് മുന്നില്‍ ഊഴം കാത്തു നില്‍ക്കുന്ന പല നാട്ടുകാര്‍. അതില്‍ മലയാളിയും പഞ്ചാബിയും പാക്കിസ്ഥാനിയും ബംഗാളിയും എല്ലാം ഉണ്ടെന്ന് അബ്ബാസ് പറഞ്ഞു. ഒരു വില്ലയുടെ വാതില്‍ തുറന്ന് അകത്ത് കടന്നു. ഏഴുപേര്‍ താമസിക്കുന്ന തീരെ സൗകര്യം കുറഞ്ഞ ഒരു ഇടുങ്ങിയ മുറിയാണ്.  അടുക്കളയും മറ്റും പുറത്താണ്.

കട്ടിലില്‍ ഇരുന്നു കുബ്ബൂസും ചായയും കഴിക്കുന്ന കുഞ്ഞാമുവിനെ കണ്ടപ്പോള്‍ സന്തോഷമായി. സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവന്‍. എന്നെപ്പോലെ തന്നെ നാട്ടില്‍ ഇടത്തരം ജീവിതം നയിച്ചവന്‍. ഇവിടെ ഈ പരിമിതമായ ജീവിത ചുറ്റുപാടില്‍ ചിരിയോടെ കണ്ടപ്പോള്‍ എന്ത് കൊണ്ടോ മനസ്സില്‍ ആശ്വാസവും പ്രതീക്ഷയും നിറഞ്ഞു. നാട്ടു വിശേഷങ്ങള്‍ കൈമാറി. കുഞ്ഞാമു എത്തിയിട്ട് വര്‍ഷങ്ങള്‍ കടന്നിരിക്കുന്നു. സ്ഥിരം ജോലി ഒന്നുമില്ല. കിട്ടുന്ന ജോലിയെടുത്ത് അങ്ങനെ നീങ്ങുന്നു. ഞാന്‍ എന്റെ അവസ്ഥകള്‍ വിവരിച്ചു. ഇവിടെ എത്തിപ്പെട്ടില്ലേ.?  ഇനി എന്തിനേയും നേരിടാന്‍ തയ്യാറാകണം. ''വിസ അടിക്കാനും മെഡിക്കല്‍ ശരിയാക്കാനുമുള്ള പണം ഉടനെ കണ്ടെത്തണം. ഞാന്‍ ദു:ഖത്തോടെ അറിയിച്ചു.  കുഞ്ഞാമു ചെറുതായി ചിരിച്ചു. വിസയില്‍ വന്നാല്‍ ഇതാണ് ആദ്യത്തെ പ്രശ്‌നം. ഞങ്ങള്‍ക്ക് ഇതൊന്നും ഇല്ല. ഇവിടെ ഇറങ്ങുന്നത് വരെ അല്‍പം ബുദ്ധിമുട്ട് തോന്നും. പിന്നെ ഏതെങ്കിലും ജോലി കണ്ടെത്തിയാല്‍ നാട്ടില്‍ മടങ്ങിപ്പോകാന്‍ തീരുമാനിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതിന് ചില കുറുക്ക് വഴികള്‍ ഉണ്ട്.

കാര്യങ്ങളും കഥകളും പറഞ്ഞു ആ രാത്രി അവരുടെ കൂടെ കഴിച്ചു കൂട്ടി. രാവിലെ കുഞ്ഞാമു ജോലിക്ക് പോകുമ്പോള്‍ പറഞ്ഞു. ''ഞാന്‍ ഒരു താല്‍കാലിക ജോലിയിലാണ് ഉള്ളത്, അവിടെ ആള്‍ക്കാരെ വേണം. നിനക്കു ഇഷ്ടമാണെങ്കില്‍ നാളെ നമുക്ക് ഒന്നിച്ചു പോകാം.'' എന്താണ് ജോലിയെന്ന് കുഞ്ഞാമു പറഞ്ഞില്ല. ഞാന്‍ രാത്രി വരാം എന്നു പറഞ്ഞു മടങ്ങി. അബ്ബാസിന്റെ കൂടെ കടയിലേക്ക് നടന്നു. മറ്റു ചില നാട്ടുകാരും അവരുടെ വില്ലയില്‍ താമസമുണ്ട്. അവരില്‍ ചിലരെയും പരിചയപ്പെട്ടു.

കൂട്ടത്തില്‍ അല്‍പം ഭേദപ്പെട്ട ജോലിയുള്ളത് സമദിനാണ്. അയാള്‍ ഒരു കമ്പനിയിലെ ഡ്രൈവറാണ്. അതിന്റെ ഗമയും അയാളുടെ സംസാരത്തില്‍ ഉണ്ട്. കുഞ്ഞാമുവും കൂട്ടുകാരും ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നവരാണ്. സമദ് അതില്‍ ഒന്നും ചേരില്ല. അയാള്‍ ഹോട്ടലില്‍ നിന്നും പാര്‍സല്‍ കൊണ്ടു വന്ന് കഴിക്കും. കുഞ്ഞാമുവും അബ്ബാസും നിര്‍ബന്ധിച്ചപ്പോള്‍ രാത്രിഭക്ഷണം ഞാന്‍ അവരുടെ കൂടെ കഴിച്ച് അവിടെ കിടന്നെങ്കിലും തീരെ ഉറക്കം വന്നില്ല. നാട്ടില്‍ ബാപ്പയുടെ തണലില്‍ എല്ലാ ജീവിത സുഖങ്ങളിലും കഴിഞ്ഞ നാളുകള്‍ പലവഴിയായി ഇന്ന് ഈ ഇടുങ്ങിയ മുറിയില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ കിടക്കുമ്പോള്‍ മനസ്സില്‍ അഗ്‌നി നിറഞ്ഞു. ഒന്നും വേണ്ടായിരുന്നു. നാളെ ആദ്യമായി ജോലിക്ക് പോവുകയാണ്. എന്തായിരിക്കും ജോലി.

നേരം പുലര്‍ന്നു. കുഞ്ഞാമു കുളി കഴിഞ്ഞു വിളിച്ചുണര്‍ത്തി. കുളിച്ചൊരുങ്ങി കുഞ്ഞാമുവിന്റെ പിന്നാലെ അല്‍പം നടന്നു. അധികവും പല കമ്പനികള്‍ നടത്തുന്ന കെട്ടിടങ്ങളാണ്. ഞങ്ങള്‍ ഒരു കോമ്പൗണ്ടില്‍ എത്തി. അവിടെയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതാണ് ജോലി.  ഏതാനും ബംഗാളികള്‍ ഉണ്ട്. അവരാണ് കൂടെ ജോലി ചെയ്യുന്നത്. പുതിയ ആളായതു കൊണ്ട് കുഞ്ഞാമുവിന്റെ സഹായത്താലും ചെറിയ ചെറിയ ജോലികള്‍ മാത്രമാണ് എന്നെക്കൊണ്ട് ചെയ്യിച്ചത്. ഒരു മുംബൈക്കാരനാണ് മുതലാളി. ശമ്പളം ദിവസം കിട്ടും. നാട്ടിലെ കൂലിപ്പണി പോലെ ആദ്യ ശമ്പളം മുപ്പത് ദിര്‍ഹം കൈയ്യില്‍ വാങ്ങുമ്പോള്‍ കൈകള്‍ വിറച്ചു. ഞാന്‍ എത്രപേര്‍ക്ക് ശമ്പളം എണ്ണിക്കൊടുത്തവനാണ് എന്നപ്പോള്‍ ഒരു നിശ്ശബ്ദ തേങ്ങലോടെ ഓര്‍ത്തു പോയി.


അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Top-Headlines, Ibrahim Cherkala, Job, Ibrahim Cherkalas experience-9
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia