city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-8 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 09.06.2018) സ്വീകരിക്കാന്‍ എത്തിയവരുടെ കുശലാന്വേഷണങ്ങള്‍ക്കിടയില്‍ മണല്‍ക്കാട്ടിലെ തണുത്ത കാറ്റിന് ശക്തി വര്‍ധിച്ചു. പൊടിയുയര്‍ത്തി അത് പുതുമുഖങ്ങളായ ഞങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചു. എല്ലാവരും കാറില്‍ കയറി. വീതിയേറിയ റോഡില്‍ കടല്‍തിരകള്‍ പോലെ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ ഒഴുക്ക്. ചുറ്റും ഉയര്‍ന്ന കെട്ടിടങ്ങള്‍.  വര്‍ണ്ണം വിതറുന്ന നിയോണ്‍ വെളിച്ചം. റോഡിന്റെ മധ്യേ നട്ടു വളര്‍ത്തിയ ചെടികളില്‍ ചിരിതൂകി നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പുഷ്പങ്ങള്‍. മരുഭൂമിയിലെ പച്ചപ്പുകള്‍ മനസ്സില്‍ തണുപ്പ് പകര്‍ന്നു. നാട്ടു വിശേഷങ്ങള്‍ കൈമാറുന്ന കൂട്ടുകാരുടെ ശബ്ദം ശ്രദ്ധിച്ചിരുന്നു.

തിരക്ക് നിറഞ്ഞ റോഡില്‍ നിന്നും കാറ് മറ്റൊരു ചെറിയ റോഡിലേക്ക് വഴിമാറി. നീണ്ട പണിശാലകള്‍. ഉയരം കുറഞ്ഞ കെട്ടിടങ്ങള്‍. നടപ്പാതകളില്‍ തിരക്കിട്ട് നടന്നുപോകുന്ന ജോലിക്കാര്‍. വളവുകള്‍ തിരിവുകള്‍, കവലകള്‍ പലതും കടന്നു കാറ് പിന്നെയും കുറേ സഞ്ചരിച്ചു. തിരക്ക് കുറഞ്ഞ മറ്റൊരു പാതയില്‍ കേറി അല്‍പം ഓടിയ ശേഷം കാറ് നിന്നത് ഒരു ഹോട്ടലിന് മുന്നിലാണ്. മുഹമ്മദിന്റെ തൊഴിലിടം എത്തിയിരിക്കുന്നു. അവരെല്ലാം ഇറങ്ങി. അവര്‍ക്കു പിന്നാലെ ഞാനും. ''ചായ കുടിക്കാം.'' ശരീഫിന്റെ ജ്യേഷ്ഠന്‍ എല്ലാവരെയും ക്ഷണിച്ചു. മണല്‍ക്കാട്ടിലെ ആദ്യത്തെ ആഹാരം വെള്ളം തന്നെയാകട്ടെ. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിച്ചു. നാട്ടിലെ കിണര്‍ ജലത്തിന്റെ രുചി തോന്നിയില്ല. ചായയും ചെറിയ കടിയും മുന്നിലെത്തി. സാവധാനത്തില്‍ അത് കഴിച്ചു. അല്‍പ സമയം അവിടെയിരുന്നു. നാട്ടു വിശേഷങ്ങള്‍ തീര്‍ന്ന ശേഷം മുഹമ്മദിനെ അവിടെ നിര്‍ത്തി ഞങ്ങള്‍ യാത്ര പറഞ്ഞു.  മുഹമ്മദിന്റെ മുഖത്ത് ഒറ്റപ്പെടലിന്റെ നിഴലുകള്‍.

മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അല്‍പ ദിവസത്തെ സഹവാസം കൊണ്ടും ഏറെ അടുത്ത് കഴിഞ്ഞത് കൊണ്ടും യാത്ര പറയുമ്പോള്‍ മനസ്സില്‍ നേരിയനൊമ്പരം അനുഭവപ്പെട്ടു. അന്ന് വേര്‍പിരിഞ്ഞ മുഹമ്മദിനെ പിന്നെ കണ്ടുമുട്ടിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം.! മുഹമ്മദ് അവധിയില്‍ നാട്ടില്‍ പോകാന്‍ വേണ്ടി യാത്ര ചോദിക്കാന്‍ വന്നപ്പോള്‍. അല്‍പം തടി കൂടി എന്നല്ലാതെ ഒരു മാറ്റവും അപ്പോള്‍ മുഹമ്മദിന് സംഭവിച്ചിരുന്നില്ല. ഹോട്ടലിന്റെ അടുക്കളയില്‍ തളച്ചിട്ട രണ്ട് വര്‍ഷത്തെ നരക ജീവിതം മുഹമ്മദ് കണ്ണീരോടെ പറഞ്ഞത് ഇപ്പോഴും മുന്നില്‍ തെളിയുന്നു. മറ്റു സുഹൃത്തുക്കള്‍ എല്ലാം ഹിന്ദിയും അറബിയും ഇംഗ്ലീഷും വരെ നന്നായി സംസാരിക്കാന്‍ പഠിച്ചതുകണ്ട് മുഹമ്മദിന്റെ കണ്ണുകള്‍ നിറഞ്ഞു.  ഹോട്ടലിന്റെ അടുക്കളയില്‍ മലയാള ഭാഷയല്ലാതെ മറ്റൊന്നും പഠിക്കാനും കേള്‍ക്കാനും കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളോളം കഠിനമായ ജോലി. പിന്നെ തളര്‍ന്നു ഉറക്കം - ഇതു മാത്രമാണ.് മുഹമ്മദ് സങ്കടത്തോടെ പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

ഖാലിദിനെ അവന്റെ ബാപ്പയുടെ കടയില്‍ ഇറക്കിയ ശേഷം കാറ് മറ്റൊരു വഴിയിലൂടെ ഷാര്‍ജയുടെ മണല്‍പ്രദേശത്ത് കൂടി ഓടി. അധികം വൈകാതെ ഞങ്ങള്‍ക്ക് എത്തേണ്ട ''ആന്‍ബാദിയില്‍'' എത്തി. അഞ്ച് നില കെട്ടിടത്തിന്റെ മുന്നില്‍ കാറ് നിന്നു. ചെറിയൊരു പലചരയ്ക്ക് കടയാണ്. പേര് സൂചിപ്പിക്കുന്ന ബോര്‍ഡ് വായിച്ചു ''അല്‍ അമാനി ഗ്രോസറി'' കടയില്‍ നിന്നും തടിച്ച് നീണ്ട ഒരാള്‍ ഇറങ്ങി വന്നു. പുതിയതായി നാട്ടില്‍ നിന്നും എത്തിയ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു'' വാ... വാ.... യാത്ര എങ്ങനെ?'' അയാള്‍ വെറുതെ ചിരിച്ചു.
 
നീണ്ട വര്‍ഷങ്ങളുടെ യാതന നിറഞ്ഞ പ്രവാസത്തിന്റെ പല രേഖാ ചിത്രങ്ങളും അല്‍പസമയം കൊണ്ട് ബാവ മുഹമ്മദ് ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ താമസ സ്ഥലത്തേക്ക് ഞങ്ങളെ നയിച്ചത് കടയില്‍ ജോലിയെടുക്കുന്ന ഹനീഫയാണ്. വാതില്‍ തുറന്നപ്പോള്‍ കുളി കഴിഞ്ഞ് വസ്ത്രം മാറുന്ന മറ്റൊരാള്‍ മുറിയിലുണ്ട്. ഇത് കടയുടെ മറ്റൊരു ഉടമ കുന്നരിയാത്ത് മുഹമ്മദ് കുഞ്ഞിയാണ്. അദ്ദേഹവും ചിരിച്ചു കൊണ്ട് സ്വീകരിച്ചു. ശരീഫിന്റെ ബന്ധുവാണ്. എന്നെ ആദ്യമായി കാണുകയാണെങ്കിലും നാട്ടുവിശേഷങ്ങള്‍ തിരക്കി. അല്‍പസമയത്തിന് ശേഷം അയാള്‍ പുറത്തേക്ക് പോയി. ''നിങ്ങള്‍ അല്‍പം വിശ്രമിക്ക്, ഞാന്‍ വൈകുന്നേരം വരാം.'' ശരീഫിന്റെ ജ്യേഷ്ഠനും യാത്ര പറഞ്ഞു. ഞങ്ങള്‍ കുളിച്ച് അവിടെ കണ്ട കിടക്കയില്‍ കിടന്നു. ജനാലയില്‍ക്കൂടി അരിച്ചു വരുന്ന തണുപ്പ് ശരീരത്തെ വിറപ്പിച്ചു. ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു ഞങ്ങള്‍ അറിയാതെ മയക്കത്തിലേക്ക് വഴുതിപ്പോയി.

നല്ല ഉറക്കത്തിലാണല്ലോ? ആരോ തട്ടിവിളിച്ചു. പണിപ്പെട്ടു കണ്ണ് തുറന്നു. മുന്നില്‍ പുഞ്ചിരിയോടെ ബാവ മുഹമ്മദ് നില്‍ക്കുന്നു. സമയം ഉച്ചകഴിഞ്ഞു. എഴുന്നേല്‍ക്ക്... എന്തെങ്കിലും കഴിക്കേണ്ടേ? എഴുന്നേറ്റ് മുഖം കഴുകി പുറത്തേക്ക് നോക്കി. പകല്‍ വെളിച്ചത്തിന് നേരിയ മങ്ങല്‍. ''എന്താ മഴ മേഘമാണോ?'' തീരെ തെളിച്ചമില്ല. എന്റെ ചോദ്യം കേട്ടു ബാവ മുഹമ്മദ് ചിരിച്ചു. തണുപ്പ് കാലത്ത് പ്രകൃതി ഇങ്ങനെയാണ്. അധിക വെളിച്ചം ഉണ്ടാകുന്നില്ല.  ഈ പ്രാവശ്യം തണുപ്പ് അല്‍പം കൂടുതലാണ്. ശരീരത്തെ അപ്പോഴും തണുപ്പ് അക്രമിക്കുകയായിരുന്നു.

ബാവ മുഹമ്മദ്, അതാണ് മുന്നില്‍ ചിരിയോടെ നില്‍ക്കുന്ന മനുഷ്യന്റെ പേര്. ഞങ്ങളുടെ വിസയുള്ള കടയുടെ പാര്‍ട്ണറില്‍ ഒരാള്‍ ആദ്യകാല പ്രവാസത്തിന്റെ ഓര്‍മ്മ രൂപമായി. അയാള്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. വിമാനം കേറി മണിക്കൂറുകള്‍ കൊണ്ട് മുംബൈയില്‍ നിന്നും എന്നതു പോലെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇന്ന് ഈ മരുപട്ടണത്തില്‍ എത്താം. എന്നാല്‍.. കൊടുംകാറ്റിനോടും പേമാരിയോടും മല്ലടിച്ചു അലകടലില്‍ താഴ്ന്ന് പൊങ്ങുന്ന ചെറിയ ലോഞ്ചുകളില്‍ എത്തിപ്പെട്ട ആദ്യ പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ബാവ മുഹമ്മദിന്റെ വാക്കുകളില്‍ തെളിഞ്ഞു.

ഗള്‍ഫ് പ്രവേശത്തിന്റെ ഗേറ്റ്‌വേ ആയിരുന്നു ഖോര്‍ഫുക്കാന്‍. കടലും മലയും തീരവും ഒരുമിച്ചുചേരുന്ന ഇടം. താടിയെല്ലിനു സമാനമായ ഭൂപ്രകൃതി. അതുകൊണ്ടുതന്നെയാണ് ഖോര്‍ഫുക്കാന്‍ എന്ന പേരു വീണതും. പ്രദേശത്തിന്റെ ആദിമ കാല ഓര്‍മ്മകള്‍ മാത്രമാണിപ്പോള്‍ ഈ തെരുവിനു കൂട്ട്. ഹസന്‍ അല്‍മാദി നടത്തിയ ഖദിയ കോഫി ഷോപ്പ് ആദ്യകാല പ്രവാസിക്ക് മറക്കാനാവില്ല. പഴയകാല കാലിക്കറ്റ് ഹോട്ടലും പത്തേമാരികളിലെ ദുരിതം പിടിച്ച യാത്ര കഴിഞ്ഞെത്തിയവര്‍ക്ക് ലഭിച്ച ആദ്യ സാന്ത്വന കേന്ദ്രങ്ങളാണിവ.

ബ്രിട്ടീഷ് സേനയുടെ ജീപ്പുകള്‍ അന്ന് തീരത്ത് പട്രോളിംഗ് നടത്തി. ഒമാന്‍ പ്രവശ്യയുടെ ഭാഗമായിരുന്നു നേരത്തെ ഈ തീരം. 1965 മുതല്‍ 1977 വരെയും ബ്രിട്ടീഷ് സേനക്കായിരുന്നു ഇവിടത്തെ സുരക്ഷാ ഉത്തരവാദിത്തം.  സൗദിയും കുവൈത്തും ഇറാഖും തേടി ഖോര്‍ഫുക്കാനിലെ അറബികളും അന്ന് പലായനത്തില്‍ അഭിരമിച്ചു.  അവര്‍ക്കുമുണ്ട് ഓര്‍ക്കാന്‍ പലതും. പഴയ പലായനത്തിന്റെ ദുരന്ത കഥകള്‍. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യകവാടമായ ഖോര്‍ഫുക്കാന്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്നുവെങ്കിലും പഴമയില്‍ നിന്നും ഏറെയൊന്നും മാറാന്‍ ഈ തീരത്തിന് കഴിഞ്ഞിട്ടില്ല.

നല്ല വിശപ്പ് തോന്നി. ഭക്ഷണത്തിന് മുന്നില്‍ മടിയോടെയിരുന്നു. പച്ച മാങ്ങ ചേര്‍ത്ത് വെച്ച സ്വാദുള്ള മീന്‍ കറിയും ചോറും ആസ്വദിച്ച് കഴിച്ചു. ബാവ മുഹമ്മദ് നല്ലൊരു പാചകക്കാരനും കൂടിയാണ്. ''ഞാന്‍ ഗള്‍ഫില്‍ വന്നു ആദ്യമായി ചെയ്ത പണി ഹോട്ടല്‍ പാചകമാണ്. പിന്നെ വര്‍ഷങ്ങള്‍ കടന്നപ്പോള്‍ പല വഴിയായി. വര്‍ഷങ്ങള്‍ ഏറെ കടന്നെങ്കിലും ഈ വയസ്സാന്‍ കാലത്തും പച്ച പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.'' ബാവ മുഹമ്മദിന്റെ പ്രവാസത്തിന്റെ ദു:ഖ കഥനം തുടര്‍ന്നു. 

അല്‍പം വിശ്രമിച്ച ശേഷം കടയിലേക്ക് തന്നെ പോയി. ഞങ്ങളും പുറത്തിറങ്ങി ചുറ്റും ഒന്നു നടന്നു. ഒരു വശത്ത് വാഹനങ്ങള്‍ ചീറിപ്പായുന്ന അല്‍ഹാദ റോഡ്. ഇത് ദുബൈയിലേക്കുള്ള ഹൈവേ റോഡാണ്. ഷാര്‍ജയുടെ പ്രധാന ഇടമായ റോളയില്‍ എത്താന്‍ ഇവിടെ നിന്നും കിലോമീറ്ററുകള്‍ ഉണ്ട്. മറ്റൊരു വശത്ത് നീണ്ട മരുഭൂമിയില്‍ പണി തുടങ്ങിയ അല്‍ മജാസ് പാര്‍ക്ക്. അതു കഴിഞ്ഞാല്‍ റോഡ്. പിന്നെ കോര്‍ണേഷന്‍. ചുറ്റുപാടും അല്‍പ സമയം നടന്നു കണ്ടു. വൈകുന്നേരമായപ്പോള്‍ ശരീഫിനെ അവന്റെ ജ്യേഷ്ഠന്‍ വന്നു കൂട്ടിക്കൊണ്ടു പോയി. കൂടെ വന്നവര്‍ ഓരോ വഴിയില്‍ പിരിഞ്ഞതോടെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനെപ്പോലെയായി. സന്ധ്യ കഴിഞ്ഞു. ഭാര്യാ സഹോദരന്‍ വന്നു. അയാളുടെ കൂടെ യാത്രയായി. റോള പട്ടണവും അടുത്തുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റും കാണാന്‍ പോയി.  മാര്‍ക്കറ്റില്‍ കുറേ ബന്ധുക്കളുണ്ട്. ഓരോരുത്തരെയും കണ്ടു. അവസാനം ഭാര്യയുടെ കാരണവര്‍ കുഞ്ഞബ്ദുല്ല മുസ്ല്യാരെയും കണ്ടു. അദ്ദേഹത്തെ കല്യാണ സമയത്ത് തന്നെ പരിചയപ്പെട്ടിരുന്നു.
 
കുറേ കാലം നാട്ടില്‍ പള്ളികളില്‍ ജോലി ചെയ്തിരുന്ന സമയത്ത് എന്റെ ബാപ്പയെ പരിചയമുള്ള ആളാണ്. ആ കാലത്ത് ബാപ്പ കൊടുത്ത റമദാന്‍ സക്കാത്തിന്റെ ഓര്‍മ്മകള്‍ എന്നും പങ്കു വെക്കും. ആ കാലത്ത് നൂറ് രൂപ ധര്‍മ്മം ചെയ്യുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നുവത്രേ ബാപ്പ. ആ കടപ്പാട് പലപ്പോഴും കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ എന്നോടു കാണിച്ചു. നാട്ടില്‍ നിന്നും ആദ്യമായി ഗള്‍ഫില്‍ എത്തുന്നവര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും കാണാന്‍ എത്തിയാല്‍ ചെറിയ സംഖ്യകള്‍ സമ്മാനമായി നല്‍കും. എനിക്കും പലരും അങ്ങനെ ചില്ലറ സമ്മാനങ്ങള്‍ തന്നു. രാത്രി അളിയന്റെ കൂടെ തന്നെ താമസിച്ചു. പിറ്റേ ദിവസം വീണ്ടും വിസയുള്ള കടയിലെത്തി.

കടയുടമകള്‍ രണ്ടുപേരും മുറിയിലുണ്ട്. സംസാരം തുടര്‍ന്നു. വിസ ഇവിടെയാണെങ്കിലും തല്‍ക്കാലം ജോലി ഇല്ല.  അതു കൊണ്ട് പെട്ടെന്ന് ഒരു ജോലി നീ കണ്ടെത്തണം. നാട്ടുകാരും ബന്ധുക്കളും ഒക്കെയില്ലേ? എല്ലാവരോടും അന്വേഷിക്കാന്‍ പറയണം. ഞങ്ങളും നോക്കാം. ഒരു മാസം കൊണ്ട് വിസ അടിക്കാനും മെഡിക്കല്‍ പരിശോധനയും മറ്റും ശരിയാക്കാനും സാധിക്കണം. അതിന് കുറേ ചിലവുണ്ട്. താമസത്തിനും ഭക്ഷണത്തിനും പൈസ കണ്ടെത്തണം. രണ്ടുപേരും നിര്‍ത്താതെ കാര്യങ്ങള്‍ വിവരിച്ചു. മനസ്സില്‍ ഭയ ചിന്തകള്‍ കടന്നു കൂടി. താമസത്തിന്റെയും ഭക്ഷണത്തിന്റെയും ഒന്നും വിഷമങ്ങള്‍ അറിയാതെ നാട്ടില്‍ സുഖിച്ചു നടന്ന ഞാന്‍ പെട്ടെന്ന് എത്തിപ്പെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയെ എങ്ങനെ നേരിടും. ആരുടെ സഹായം തേടും.? ചിന്തകള്‍ക്ക് ചൂട് വര്‍ദ്ധിച്ചു. ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി റോഡരികില്‍ അങ്ങനെ സ്തബ്ധനായി നിന്നു.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5: 

അനുഭവം-6:

അനുഭവം-7:

Keywords:  Article, Gulf, Ibrahim Cherkala, Ibrahim-Cherkalas-experience-8, Khorfukkan, Job, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia