city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-7 / ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 19.05.2018) തെരുവ് വിളക്കിന്റെ പ്രകാശത്തില്‍ നീരാടിയ മുംബൈ നഗരം. വാഹനങ്ങളുടെ ഒഴുക്ക്.... നടപ്പാതയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം. ജോലി കഴിഞ്ഞു വീടണയാന്‍ വെപ്രാളത്തോടെ നടക്കുന്നവര്‍... കുടുംബത്തോടൊപ്പം പട്ടണക്കാഴ്ചകള്‍ കണ്ട് സാധനങ്ങള്‍ വാങ്ങി ജീവിതം ആഘോഷിക്കുന്നവര്‍.... ഉന്തുവണ്ടിയില്‍ നിറച്ച് വെച്ച വില്‍പനവസ്തുക്കളുടെ മേന്‍മ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു വില്‍പനയില്‍ ആവേശം കൊള്ളുന്നവര്‍. പുറംകാഴ്ചകള്‍ ആസ്വദിച്ച് കാറില്‍ ഇരുന്നു. പട്ടണത്തിരക്കുകള്‍ അല്‍പം കുറഞ്ഞു വന്നു. നഗരത്തില്‍ നിന്നും അധികം അകലെ അല്ലാതെ ജീവിക്കുന്ന ചേരിപ്രദേശത്ത് കൂടിയാണ് കാറ് കടന്നു പോകുന്നത്. തകരപ്പെട്ടികളും കാര്‍ഡ്‌ബോര്‍ഡും, പ്ലാസ്റ്റിക് ചാക്കും എല്ലാം കൊണ്ട് മറച്ച് തീര്‍ത്ത കുടിലുകള്‍. അവയ്ക്കകത്ത് ഹോമിക്കുന്ന പട്ടിണിക്കോലങ്ങള്‍ ഓരോ മഹാനഗരത്തിന്റെയും കരുവാളിച്ച മുഖങ്ങളാണ് ചേരികള്‍. അവിടെ ജീവിക്കുന്ന പുഴുക്കളെപ്പോലെയുള്ള മനുഷ്യജന്മങ്ങള്‍.

ആകാശ യാത്ര എന്ന വിസ്മയം

എയര്‍പോര്‍ട്ട് എത്തിയിരിക്കുന്നു. കാറ് വശം ചേര്‍ന്നു നിന്നു.. പ്രകാശത്തില്‍ കുളിച്ച വിമാനത്താവളത്തില്‍ തിങ്ങി വിങ്ങുന്ന യാത്രക്കാര്‍. തോക്കും പിടിച്ചു നില്‍ക്കുന്ന കാവല്‍ പോലീസുകാരുടെ മുഖത്ത് നിറഞ്ഞ ഗൗരവം. അപരിചിതമായ ലോകം അത്ഭുതത്തോടെ നോക്കിനിന്നു. തിരക്ക് പിടിച്ച് ലഗേജുമായി പുറത്തു വരുന്നവര്‍. വലിയ ബാഗ് ചുമലില്‍ തൂക്കി ദൂരയാത്രക്കായി എത്തിയവര്‍. മജീദിന് പിന്നാലെ ഞങ്ങള്‍ നാല് പേരെ കൂടാതെ മറ്റു ചിലരും ഉണ്ട്. എല്ലാം മജീദിന്റെ കസ്റ്റമേഴ്‌സ്.

ഗേറ്റില്‍ പാറാവുകാരന്റെ പരിശോധനയ്ക്ക് ശേഷം ഓരോരുത്തരെയും കയറ്റി വിട്ടു. മജീദ് സ്ഥിരമായി എത്തുന്ന ആള്‍ എന്ന പരിഗണനയില്‍ വേഗതയില്‍ നടന്നു നീങ്ങി. എയര്‍പോര്‍ട്ടില്‍ ഇന്നത്തെപോലെ കര്‍ശന പരിശോധനകളോ ബുദ്ധിമുട്ടുകളോ അന്ന് കുറവാണ്. യാത്രക്കാരെയും കൊണ്ട് സഹായിക്ക് ഉള്ളിലോളം കടക്കാന്‍ പറ്റും. ഇന്ന് ഗേറ്റ് വരെ മാത്രമാണ് പ്രവേശനം. മജീദ് ഞങ്ങളുടെ പാസ്‌പോര്‍ട്ടുമായി മുന്നില്‍ നടന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥന് മുന്നില്‍ ഞങ്ങളെ എത്തിച്ചു. അവരുടെ കോഡ് ഭാഷ അടയാളപ്പെടുത്തിയ ശേഷം മജീദ് ഞങ്ങളോട് യാത്ര പറഞ്ഞു. ഓരോരുത്തരായി എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷം മുന്നോട്ട്‌നീങ്ങി. ഓരോ ഗേറ്റ് കടക്കുമ്പോഴും പലവിധത്തിലായി പരിശോധനകള്‍. ബേഗുകളും ശരീരവും എല്ലാം വെവ്വേറെ പരിശോധിച്ചു പാസ്‌പോര്‍ട്ടില്‍ യാത്രാനുമതിക്കുള്ള സീല്‍ പതിക്കുകയാണ്.

1989 ജനുവരി 11-ാം തീയ്യതി ബുധനാഴ്ച. അന്ന് ജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു. വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പു തന്നെ വിമാനത്താവളത്തില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ട്. യാത്രയ്ക്ക് തയ്യാറായി ഇരിക്കുന്ന ഇന്ത്യയിലെ പല ഭാഗത്തുനിന്നും എത്തിയവര്‍. അവരില്‍ അധികവും മലയാളികള്‍ തന്നെ. ഒരു തമിഴനും ആന്ധ്രക്കാരനും യു.പിക്കാരനും എല്ലാമുണ്ട്. ഇന്ത്യയുടെ പല ഭാഗത്തുനിന്നും എത്തിയ ഭാഗ്യാന്വേഷികളുടെ ഓരോമുഖത്തും ആശങ്കയും പ്രതീക്ഷകളും കെട്ടി മറിയുന്നത് തെളിഞ്ഞുകാണാം.

വിമാനം പുറപ്പെടാന്‍ സമയമായി എന്ന അറിയിപ്പ് അനൗണ്‍സ് ചെയ്തു. ഗേറ്റ് നമ്പരും ഫ്‌ളൈറ്റ് നമ്പറും പോകുന്ന സ്ഥലവും എല്ലാം അറിയിപ്പില്‍ ഉയര്‍ന്നുകേട്ടു. എല്ലാവരും തിടുക്കത്തില്‍ വരിയായി നിന്നു. എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ നിരയായി നിര്‍ത്തിയിട്ട വിമാനങ്ങള്‍ കൗതുകത്തോടെ നോക്കി. ദൂരെ ആകാശപ്പരപ്പിലൂടെ പറന്ന് അകലുന്ന നേരിയ രേഖയല്ല വിമാനം, അതിന് വലിയ ഉയരവും നീളവും ഒക്കെയുണ്ടെന്ന് കൗതുകത്തോടെ നോക്കി. യാത്രക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. അല്‍പം അകലെ നിര്‍ത്തിയിട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് പോകേണ്ടത്. വേഗത്തില്‍ നടന്നു. തിടുക്കത്തോടെ കോണിപ്പടികള്‍ കേറി. വിമാനത്തിന്റെ പ്രവേശന കവാടത്തില്‍ പുഞ്ചിരിയോടെ എയര്‍ ഹോസ്റ്റസ് കൈകൂപ്പി സ്വാഗതം ചെയ്തു.

ബസ്സിലും തീവണ്ടിയിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ കിട്ടാത്ത സുഖം വിമാനത്തിനകത്ത് എത്തിയപ്പോള്‍ അനുഭവപ്പെട്ടു. എയര്‍പോര്‍ട്ടില്‍ എന്നപോലെ തന്നെ ആശ്വാസം പകരുന്ന എസിയുടെ തണുപ്പ്. സീറ്റ് നമ്പര്‍ കാണിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വിമാന ജീവനക്കാരി കാണിച്ചു തന്ന സീറ്റിലിരുന്നു. അടുത്തു തന്നെ കൂട്ടുകാരും ഉണ്ട്. നിറയെ യാത്രക്കാര്‍ ഉണ്ടെങ്കിലും വിമാനത്തിന്റെ വലിപ്പം കൊണ്ട് അത് മനസ്സിലാകുന്നില്ല. അല്‍പസമയം കൊണ്ട് എല്ലാവരും കയറിക്കഴിഞ്ഞു. വിമാനയാത്രയില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓരോന്നും നിര്‍ദ്ദേശിക്കപ്പെട്ടു. സീറ്റ് ബെല്‍റ്റ് കെട്ടാന്‍ അറിയിപ്പുണ്ടായി. നേരിയ കുലുക്കത്തോടെ വിമാനത്തിന് ജീവന്‍ വെച്ചു. പതുക്കെ പതുക്കെ മുന്നോട്ട് കുതിച്ചു. അല്‍പസമയം റണ്‍വേയില്‍ ഓടിയശേഷം പതുക്കെ ഉയര്‍ന്നു. ശരീരത്തില്‍ അറിയാതെ ഒരു തരിപ്പ്... നേരിയ തലകറക്കം പോലെ...

ഉയര്‍ന്നുയര്‍ന്നു പോയി... പിന്നെ നേരെ പറന്ന് തുടങ്ങി. പാട്ട് ആസ്വദിച്ചു യാത്ര ചെയ്യാനുള്ള സംവിധാനം വിമാനത്തിനകത്തുണ്ട്. മനസ്സില്‍ പുതിയ അനുഭൂതിയുടെ ആഹ്ലാദ ചിന്തകള്‍ക്കൊപ്പം നഷ്ട നൊമ്പരവും. യാത്ര മണിക്കൂറുകള്‍ കടന്നു പോയിരിക്കുന്നു. രാത്രി ഭക്ഷണം വിമാനത്തില്‍ വിതരണം ചെയ്യുകയാണ്. അധിക പേരും കന്നിയാത്രക്കാര്‍ തന്നെ; അവരുടെ മുഖത്തെ പരിഭ്രമം കണ്ടാലറിയാം. തിടുക്കത്തില്‍ ഭക്ഷണം കഴിച്ചുതുടങ്ങി. ബിരിയാണിയാണ്. വലിയ സ്വാദ് തോന്നിയില്ലെങ്കിലും വിശപ്പ് തോന്നിയത് കൊണ്ട് ആര്‍ത്തിയോടെ കഴിച്ചു. ചായയും വന്നു.. പിന്നെ ചെറിയ മയക്കത്തിലേക്ക് വഴുതി.

ആകാശപ്പരപ്പിലൂടെ വിമാനം അനന്തമായി പറക്കുകയാണ്. കണ്ണ് തുറന്ന് നേരിയ വെളിച്ചത്തില്‍ ചുറ്റും നോക്കി. അധികം പേരും മയക്കത്തിലാണ്. എസിയുടെ തണുപ്പില്‍ ശരീരത്തെ കുളിര് പൊതിയുമ്പോഴും മനസ്സില്‍ താപമായിരുന്നു. അകന്ന് പോകുന്തോറും നാടും വീടും ബന്ധു ജനങ്ങളും എല്ലാം മനസ്സില്‍ പല ചിത്രങ്ങളും വരച്ചു. ഏകാന്തതയുടെ ഏതോ ഗുഹയിലേക്ക് നയിക്കപ്പെടുന്നതുപോലെ തോന്നല്‍ ചിന്തകളെ കീഴടക്കി. സുഹൃത്തുക്കളുടെ മുഖത്ത് നോക്കി. അവരുടെ മുഖത്ത് കളിയാടുന്നത് സന്തോഷ സുചനകള്‍ ആണല്ല? എന്തോ ഒന്നിനും ഒരു വ്യക്തതയില്ല. മണിക്കൂറുകള്‍ കടന്നു പോയിരിക്കുന്നു. വിമാനത്തിന് വേഗത കുറഞ്ഞതു പോലെ. ജനാല വഴി പുറത്തേക്ക് നോക്കി. നേരിയ മൂടല്‍മഞ്ഞ് മാത്രം. അനൗണ്‍സ്‌മെന്റ് എല്ലാവരെയും ഉണര്‍ത്തി, വിമാനം ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

ഏതാനും നിമിഷങ്ങള്‍ക്കകം വിമാനം താഴെയിറങ്ങും. എല്ലാവരുടെ മുഖത്തും ആകാംഷകള്‍ മാത്രം. സീറ്റ് ബെല്‍റ്റ് വീണ്ടും കെട്ടി. വിമാനം പതുക്കെ ഇറങ്ങുകയാണ്. ചെവിയില്‍ നേരിയ വേദനപോലെ, ശരീരം മുഴുവനും എന്തോ അസ്വസ്ഥത. ദുബൈ പട്ടണത്തിന്റെ നക്ഷത്ര വിളക്കുകള്‍ ദൂരെ കാഴ്ചയില്‍ തെളിഞ്ഞു വന്നു. പിന്നെ പിന്നെ വ്യക്തമായ നഗരക്കാഴ്ചകള്‍. വിമാനം റണ്‍വേയില്‍ എത്തി. നേരിയ കുലുക്കത്തോടെ ഓടി. പതുക്കെ പതുക്കെ നിശ്ചലമായി. അതുവരെ ക്ഷമയോടെ ഇരുന്ന യാത്രക്കാര്‍ ആവേശത്തോടെ ഉണര്‍ന്നു ഇറങ്ങാന്‍ തിടുക്കപ്പെട്ടു. ബാഗുകള്‍ എടുത്തു തയ്യാറായി നിന്നു. പുതിയ ലോകം. പുതുക്കാഴ്ചകള്‍ കാണാന്‍ മനസ്സ് തിടുക്കം കൂട്ടി. ആളുകള്‍ ഇറങ്ങിത്തുടങ്ങി. ദുബൈയിലെ സമയം രാവിലെ എട്ടു മണി കഴിഞ്ഞെങ്കിലും ആകാശത്ത് കറുപ്പു നിറം മാഞ്ഞിട്ടില്ല. വേഗത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്നു. നീണ്ട ക്യൂവിന് പിന്നില്‍ ഞങ്ങളും നിന്നു. ചുറ്റും നോക്കി. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതെല്ലാം തരം മനുഷ്യന്മാര്‍, പല നിറക്കാര്‍, വേഷക്കാര്‍, നീളം കൂടിയവര്‍, കുറഞ്ഞവര്‍, കണ്ണിനും മൂക്കിനും മുഖ ആകൃതിയിലും എല്ലാം വ്യത്യാസങ്ങള്‍. സൃഷ്ടി വൈചിത്ര്യങ്ങളുടെ അത്ഭുതക്കാഴ്ചകള്‍... അവര്‍ സംസാരിക്കുന്ന വിവിധ ഭാഷകള്‍ ഒക്കെ കൗതുകമായി നീളം കുപ്പായം ധരിച്ചു തലപ്പാവുമായി ഓടിനടക്കുന്ന അറബി ഉദ്യോഗസ്ഥന്മാര്‍... മുഖം മാത്രം പ്രദര്‍ശിപ്പിച്ചു ശരീരം മുഴുവനും പര്‍ദ്ദ കൊണ്ട് മൂടിയ അറേബ്യന്‍ സുന്ദരികള്‍. ക്യൂ പതുക്കെ നീങ്ങുകയാണ്.

വിസയും പാസ്‌പോര്‍ട്ടും എല്ലാം കൈയ്യില്‍ പിടിച്ച് നേരിയ ഭയത്തോടെ മുന്നോട്ടു നീങ്ങി. മുംബൈയിലെ ഉദ്യോഗസ്ഥരുടെ ഗൗരവവും അധികാര സ്വരവും ഒന്നും അറബി ഉദ്യോഗസ്ഥരുടെ മുഖത്ത് കണ്ടില്ല. യാത്രക്കാരോട് വളരെ മാന്യമായി പുഞ്ചിരിയോടെ അല്‍പം തമാശ കലര്‍ന്ന ചിരിയോടെ കാര്യങ്ങള്‍ ചോദിക്കുന്നു. കോട്ടും സൂട്ടും അണിഞ്ഞ ഇംഗ്ലീഷ്‌കാരനോടും നിറം മങ്ങിയ വസ്ത്രം ധരിച്ച പട്ടിണിക്കോലമായ ഏഷ്യക്കാരനോടും ഒരേ സൗഹൃദം കാണിക്കുന്ന അറബികളുടെ ഇടപെടലുകള്‍ മനസ്സില്‍ പുളകവും ആത്മവിശ്വാസവും പകര്‍ന്നു. എന്റെ ഊഴവും എത്തി. വിസയും പാസ്‌പോര്‍ട്ടും അറബിയുടെ നേരെ നീട്ടി. എല്ലാം പരിശോധിച്ചു. ഒന്നോ രണ്ടോ വാക്കുകളില്‍ ചോദ്യങ്ങള്‍ എറിഞ്ഞെങ്കിലും ആദ്യമായി കേള്‍ക്കുന്ന ശബ്ദാവലിയുടെ അര്‍ത്ഥം അറിയാതെ മിഴിച്ചു നിന്നു. നേരിയ ചിരിയോടെ രേഖകള്‍ മടക്കിത്തന്നു. ജാഓ... ജാഓ... അല്‍പം മടിച്ച് നിന്ന ശേഷം പുറത്തേക്കുള്ള വഴിയിലൂടെ നടന്നു. ഗേറ്റിനടുത്ത് കൂട്ടുകാരെയും കാത്തുനിന്നു. എല്ലാവരും പുറത്ത് എത്തിയപ്പോള്‍ തിടുക്കത്തില്‍ പുറത്തേക്ക് നടന്നു. അതിഥികളെ സ്വീകരിക്കാന്‍ എത്തിയവരുടെ നല്ല തിരക്കാണവടെ. സ്വീകരിക്കാന്‍ ആരും ഇല്ലെങ്കിലും ശെരീഫിന്റെ ജ്യേഷ്ഠനും മുഹമ്മദിന്റെ ഹോട്ടല്‍ ഉടമയും, ഖാലിദിന്റെ ബാപ്പയും എല്ലാം എത്തുമെന്ന് അറിയിച്ചിരുന്നു. ശരീഫിന്റെ പിന്നാലെ നടന്നു. ''ശരീഫ്... ശരീഫ്...'' ജ്യേഷ്ഠന്റെ ശബ്ദം ഞങ്ങളെ സ്വാഗതം ചെയ്തു. എയര്‍പോര്‍ട്ടിന് പുറത്തും നല്ല തണുപ്പ്. ശരീരം തണുത്തു വിറച്ചു.

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5: 

അനുഭവം-6:



Keywords:  Article, Ibrahim Cherkala, Mumbai, Dubai, First Flight Journey, Gulf, Air India, Ibrahim-cherkalas-experience-7

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia