city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം

അനുഭവം-10/ ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 29.06.2018) ശാരീരികമായി നേരിയ അസുഖമൊക്കെ അനുഭവപ്പെട്ടെങ്കിലും ഒന്നും പുറത്തുകാണിച്ചില്ല. പത്ത് ദിവസം ജോലി തുടര്‍ന്നു. അവിടെ പണി തീര്‍ന്നു. നാളെ ജോലിയില്ല, കുഞ്ഞാമു ചിരിയോടെ മുഖത്തു നോക്കി. ഒന്നും പറയാതെ അവന്റെ പിന്നാലെ നടന്നു. വിഷമിക്കേണ്ട, പണികള്‍ ധാരാളം കിട്ടും. സ്ഥിരം പണിയെക്കാള്‍ നല്ലത് ഇങ്ങനെ തൊഴില്‍ ചെയ്യുന്നതാണ്. കാരണം, സ്ഥിരം പണിക്ക് ശമ്പളം ശരിക്ക് കിട്ടിയെന്ന് വരില്ല.  അനധികൃത തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണ് അധിക കമ്പനിക്കാരും. കുറേ നാള്‍ ജോലി ചെയ്യിക്കും. ശമ്പളം തീര്‍ത്ത് തരില്ല.  പിന്നെ പിന്നെ ശമ്പളം തീരെ കിട്ടാതാകും. അപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ടിവരും. എനിക്ക് ഏറെ പൈസ അങ്ങനെ കിട്ടുവാനുണ്ട്. അതു കൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രമേ അത്തരം ഏര്‍പ്പാടില്‍ ചേരാന്‍ പറ്റൂ. മുംബൈക്കാരന്റെ അടുത്ത് പണിയുണ്ടെങ്കില്‍ അയാള്‍ വിളിക്കാന്‍ ആളെ അയക്കും. എന്തായാലും ഒന്നു രണ്ട് ദിവസം അവധിയായിരിക്കും. കുഞ്ഞാമുവിനോട് യാത്രപറഞ്ഞു. ബാവാ മുഹമ്മദിന്റെ റൂമിലേക്ക് നടന്നു. എന്താ ജോലിയൊന്നും ശരിയായില്ലല്ലേ? ''ഇല്ല, നാട്ടുകാരുടെ കൂടെ നടന്നു'' ഒരാഴ്ച കൂലിപ്പണിയെടുത്ത കാര്യമൊന്നും പറയാന്‍ തോന്നിയില്ല.  പിറ്റേ ദിവസം മുതല്‍ രാവിലെ തന്നെ കുഞ്ഞാമുവിന്റെ വില്ലയില്‍ എത്തി തടങ്ങി. പുതിയ ജോലിയെപ്പറ്റി അറിയാന്‍.

മാസം ഒന്ന് കടന്നുപോവുകയാണ്. സമ്മാനമായി കിട്ടിയതും കൂലിയായി കിട്ടിയതും എല്ലാം ചേര്‍ത്ത് വിസ അടിക്കാനും മെഡിക്കല്‍ എടുക്കാനുമുള്ള പണം കൈയ്യിലുണ്ട്. ബാവ മുഹമ്മദ് എന്നും പറയും ഉടനെ വിസ അടിക്കണം, ഇല്ലെങ്കില്‍ പിന്നെ പിഴ അടക്കേണ്ടി വരും. ഷരീഫ് ജ്യേഷ്ഠന്റെ സഹായത്തോടെ ഏതോ കടയില്‍ ജോലി ശരിയാക്കി. അവന്‍ വിസ അടിക്കാനുള്ള തയ്യാറെടുപ്പോടെ കടയില്‍ വന്നു. ഗള്‍ഫില്‍ എത്തി പിരിഞ്ഞ ശേഷം ആദ്യമായി വീണ്ടും കണ്ടു മുട്ടുകയാണ്. എന്റെ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. അവനും സങ്കടമുണ്ട്. എവിടെയെങ്കിലും ഒഴിവുണ്ടെങ്കില്‍ ജോലി ശരിയാക്കാന്‍ ശ്രമിക്കാമെന്ന് അവന്‍ സമാധാനിപ്പിച്ചു. ഓഫീസുകള്‍ കേറിയിറങ്ങി. ഇന്നത്തെപ്പോലെ കമ്പ്യൂട്ടറൊന്നും ഇല്ലാത്ത കാലം. എല്ലാം കൈയ്യക്ഷരങ്ങളില്‍ രേഖപ്പെടുത്തും. പാസ്‌പോര്‍ട്ടില്‍ വിസ രേഖപ്പെടുത്തി. പെര്‍മിറ്റ് (ഇക്കാമ) അടിച്ചു തന്നു.  ഗള്‍ഫ് ജോലിക്കുള്ള അംഗീകാരം കിട്ടി. ഇക്കാമയും പോക്കറ്റില്‍ ഇട്ട് ഇനി ധൈര്യത്തോടെ നടക്കാം. വഴിയില്‍ വെച്ച് ആര്‍ക്കും പിടിച്ചു പുറത്താക്കാന്‍ കഴിയില്ല.
നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം
ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം കുഞ്ഞാമു എന്നെ തേടിയെത്തി. എത്ര സമയം ഇങ്ങനെ വെറുതെയിരിക്കും. നമുക്ക് ഒന്നു റോള വരെ നടന്നു വരാം. ഷാര്‍ജയുടെ ഓരോ കാഴ്ചകളും കണ്ടു നാട്ടു കഥയും പറഞ്ഞു ഞങ്ങള്‍ നടന്നു. റോള സ്‌ക്വയറില്‍ എത്തി.  പാര്‍ക്കിലെ വലിയ തണല്‍ മരത്തിന് ചുറ്റും കൂടി ഇരുന്നു സംസാരിക്കുന്ന വിവിധ വേഷക്കാര്‍, ഭാഷക്കാര്‍, അവര്‍ക്കിടയില്‍ ഞങ്ങളും ഇരുന്നു.  പരസ്പരം സുഖ ദു:ഖങ്ങള്‍ കൈമാറുന്ന ജനസഞ്ചയം ഒരു അത്ഭുത കാഴ്ചയാണ്. നാട്ടിലേക്ക് കത്തെഴുതുന്നവരെ പോലും അവിടെ കണ്ടു.  അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ചില ബംഗാളികളും പാകിസ്ഥാനികളും അവരുടെ വിശേഷങ്ങള്‍ ടേപ്പ് റിക്കാര്‍ഡര്‍ ഉപയോഗിച്ചു റിക്കാര്‍ഡ് ചെയ്യുകയാണ്. ഹൃദയ വികാരങ്ങള്‍ കൈമാറുന്ന അപൂര്‍വ്വ നിമിഷങ്ങള്‍.

സന്ധ്യയോടെ തണുപ്പ് വര്‍ദ്ധിച്ചു. തിരിച്ച് നടന്നു. തര്‍ക്കാരി മാര്‍ക്കറ്റും മത്സ്യ മാര്‍ക്കറ്റും എല്ലാം അടുത്തടുത്താണ്. തണുപ്പില്‍ നിന്നും അല്‍പം രക്ഷ നേടാന്‍ മാര്‍ക്കറ്റിന് അകത്ത് കയറി. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും പഴവര്‍ഗ്ഗങ്ങളും കാര്‍ഷിക വിളകളും ഈ മാര്‍ക്കറ്റില്‍ കിട്ടും.  ഇന്ത്യയില്‍ നിന്നും എത്തുന്ന നല്ല ചക്കയും, പാക്കിസ്ഥാനിലും ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടാകുന്ന ഏറ്റവും സ്വാദുള്ള മാമ്പഴവും ഇവിടങ്ങളില്‍ സുലഭമാണ്. ആടും പോത്തും മൂരിയും കൂടാതെ എല്ലാതരം മത്സ്യങ്ങളും ജീവന്റെ തുടിപ്പുമായി എത്ര  വേണമെങ്കിലുമുണ്ട്. മലയാളിയും ബംഗാളിയും പാകിസ്ഥാനിയുമെല്ലാം മീന്‍ വില്‍പനയിലും, വെട്ടി വൃത്തിയാക്കിക്കൊടുക്കുന്ന ജോലിയിലും ഉണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവര്‍ക്ക് പുറമെ മത്സ്യം ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ അറബികളും പിന്നിലല്ല. അറബികള്‍ക്ക് വലിയ മീനുകളോടാണ് താല്‍പര്യം.  മറ്റു രാജ്യക്കാര്‍ വരുമാനത്തിന്റെ തോത് അനുസരിച്ചു മാത്രമാണ് എന്തും വാങ്ങുന്നത്.

ആഴ്ചകള്‍ കടന്നുപോകുന്നു. ജോലിയെപ്പറ്റി പലരും ഓരോന്നും പറയുന്നുണ്ടെങ്കിലും അടുത്തെത്തുമ്പോള്‍ എന്തുകൊണ്ടോ, ഒന്നും ശരിയാകുന്നില്ല. കുഞ്ഞാമു ആദ്യ കാലത്ത് ജോലി ചെയ്തിരുന്ന ഒരു അച്ചടി പ്രസ്സില്‍ പണിയുണ്ട്. പക്ഷെ, ശമ്പളം കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ വെറുതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുന്നതല്ലേ? കുഞ്ഞാമുവിനും വെറുതെയിരുന്നു മടുത്തു. ഈ പ്രസ്സില്‍ പണി എടുത്താല്‍ ആദ്യ ശമ്പളം പിടിച്ചു വെയ്ക്കും. പിന്നെ പകുതി ശമ്പളം കിട്ടിത്തുടങ്ങും. ചില മാസങ്ങളില്‍ ചിലവ് കാശ് മാത്രം തരും. പണി തീരെ പ്രശ്‌നങ്ങള്‍ ഇല്ലാത്തതാണ്. കുഞ്ഞാമു പ്രസ്സിലെ ജോലിയെപ്പറ്റി വിവരിച്ചു കൊണ്ടിരുന്നു. എന്തായാലും മറ്റൊരു പണി ശരിയാകുന്നതു വരെ അവിടെ ജോലി ചെയ്യാന്‍ തന്നെ തീരുമാനിച്ചു. രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു. കുഞ്ഞാമു താമസിക്കുന്ന വില്ലയില്‍ നിന്നും കുറച്ചകലെയാണ് പ്രസ്സ്. അടുത്തു മലയാളികളുടെ കടകളും ഹോട്ടലും എല്ലാമുണ്ട്. കുഞ്ഞാമുവിനെ മുന്‍പരിചയമുള്ളതു കൊണ്ട് ജോര്‍ദാന്‍കാരനായ സൂപ്പര്‍വൈസര്‍ അധികമൊന്നും ചോദിക്കാതെ ജോലി ചെയ്തുകൊള്ളാന്‍ അനുമതി തന്നു. അധികവും ബംഗാളികളും പാകിസ്ഥാനികളുമാണ് ഇവിടെയും ജോലിക്കാര്‍. പ്രധാന ജോലികളില്‍ അധികവും ജോര്‍ദാനികളും പാലസ്തീനികളും ഉണ്ട്. അച്ചടിക്കുന്ന പോസ്റ്ററുകളും സ്റ്റിക്കറും തരം തിരിച്ച് അടുക്കി വെക്കുന്ന ജോലിയാണ് എനിക്ക് കിട്ടിയത്. വലിയ പ്രശ്‌നങ്ങളിലാതെ ഒരാഴ്ച കടന്നുപോയി. കൂടെ ജോലി ചെയ്യുന്നവരുടെ ഭാഷകള്‍ ഹിന്ദിയും, അറബിയും ഇംഗ്ലീഷുമൊക്കെയാണെങ്കിലും അവസരം പോലെ തപ്പിത്തടഞ്ഞു ഭാഷകള്‍ ഉപയോഗിച്ചും, കുറേ ആംഗ്യ ഭാഷയിലും എല്ലാം ആശയവിനിമയം നടത്തിക്കൊണ്ട് മുന്നോട്ട് പോയി.

പല രാജ്യത്തുനിന്നും എത്തിയവര്‍ ആണെങ്കിലും ഒരിക്കലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരും മിനക്കെടാറില്ല.  എല്ലാ പ്രവാസിക്കും സ്വന്തം കാര്യങ്ങളും വിഷമങ്ങളും ധാരാളമാണ്. പരസ്പരം അടുക്കുമ്പോള്‍ അവര്‍ക്ക് ചര്‍ച്ച ചെയ്യാനുള്ളതും സ്വകാര്യ ദു:ഖങ്ങള്‍ മാത്രം. നാടും വീടും ഉപേക്ഷിച്ചു എകാന്ത നൊമ്പരം പേറുന്ന ഒരു സമൂഹത്തിനു രാജ്യങ്ങളോ, ഭാഷകളോ, നിറമോ, ജാതിയോ ഒന്നും പ്രശ്‌നമല്ല. തന്റെ ചുമലില്‍ അര്‍പ്പിച്ച ജീവിതഭാരം മാത്രം. കുറേ സ്വപ്നങ്ങള്‍ മാത്രം.

മറ്റെല്ലാ തൊഴിലിടങ്ങളിലും പോലെ രാവിലെ എട്ട് മണിക്ക് ജോലി ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ വിശ്രമം. ചിലപ്പോള്‍ രാത്രി വരെ ജോലിയുണ്ടാകും. അതിന് ഓവര്‍ടൈമിന്റെ പണം തരുമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. നല്ലവനായ ജോര്‍ദാനി അധിക ജോലിയുടെ മണിക്കൂറും മിനിട്ടുമെല്ലാം രേഖപ്പെടുത്തും. പക്ഷെ, ശരിയായ ശമ്പളം കിട്ടാത്തതു കൊണ്ട് ഇതിന്റെ ഗുണം കിട്ടാറില്ലെന്ന് മാത്രം. ജോലിയില്‍ ചേര്‍ന്നു ഒരാഴ്ച തികയാന്‍ പോകുന്നു. നാളെ വെള്ളിയാഴ്ചയാണ്. എല്ലാ കമ്പനിയും വെള്ളിയാഴ്ച അവധി ദിനമാണ്. പക്ഷെ, ഇവിടെ അതില്ല.  ''അപ്പോള്‍ എങ്ങനെ പള്ളിയില്‍ പോകും?'' കുഞ്ഞാമു എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. അധികം സംസാരിക്കാതെ ഞാന്‍ പ്രസിലേക്ക് നടന്നു. നല്ല തിരക്ക് പിടിച്ച ജോലിയിലാണ്. സൂപ്പര്‍വൈസര്‍, ഓരോ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് ഓടി നടക്കുന്നു. യന്ത്രങ്ങളെപ്പോലെ തന്നെ എല്ലാവരും തിരക്കിട്ട് ജോലി ചെയ്യുന്നു. ജുമാ നമസ്‌കാരത്തിന്റെ സമയം അടുക്കുകയാണ്. വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും കാര്യത്തില്‍ എവിടെയും നിര്‍ബന്ധമുള്ള എന്റെ മനസ്സില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചു. പള്ളിയിലേക്ക് പോകാന്‍ അനുവദിക്കില്ലേ? ആശങ്കയോടെ ഞാന്‍ കുഞ്ഞാമുവിന്റെ അടുത്തു പോയി. ''സാരമില്ല, അധിക വെള്ളിയാഴ്ചയും പള്ളിയില്‍ പോകാന്‍ പറ്റാറില്ല'' എനിക്ക് ദേഷ്യം പതഞ്ഞു പൊങ്ങി.  കുട്ടിക്കാലത്ത് പോലും നിര്‍ബന്ധ കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്താറില്ല. ഇത് ശരിയാകില്ല. ഞാന്‍ എന്തും നേരിടാന്‍ തീരുമാനിച്ചു. നേരെ സൂപ്പര്‍വൈസറുടെ അടുത്തെത്തി. അല്‍പ സമയം മിണ്ടാതെ നോക്കിനിന്നു. ''എന്തു വേണം?'' അയാള്‍ ഗൗരവത്തില്‍ ചോദിച്ചു. ''ഇന്ന് വെള്ളിയാഴ്ചയാണ്. എനിക്ക് പള്ളിയില്‍ പോകണം'' അയാള്‍ ഏതോ പുതു കാര്യം കേട്ടതുപോലെ എന്നെ സൂക്ഷിച്ചു നോക്കി. ജോലിയില്‍ മുഴുകിയിരിക്കുന്നവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.  'ഇവരെല്ലാം മുസ്ലീങ്ങള്‍ തന്നെ, നീ മാത്രം...?'' ഞാന്‍ മറുപടി പറയാതെ അയാളുടെ മുഖത്ത് തറപ്പിച്ച് നോക്കി. അധികം ചിന്തിക്കാതെ ഇറങ്ങി നടന്നു. ആരും ധൈര്യപ്പെടാത്ത കാര്യമാണ് ഞാന്‍ ചെയ്തതെന്ന് അറിയാം. എന്നെ അവര്‍ എന്ത് ചെയ്യാന്‍. ചിലപ്പോള്‍ ജോലിയില്‍ നിന്നും ഒഴിവാക്കും. അത്രയല്ലേ? പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചുവന്നു. ഊണ് കഴിഞ്ഞ് നേരെ പ്രസ്സില്‍ എത്തി. എല്ലാവരും വിശ്രമത്തിലാണ്. കുഞ്ഞാമു ഓടി അടുത്തു വന്നു. നീ ചെയ്തത് ശരിയായില്ല. മുതലാളി വന്നു കുറേ ദേഷ്യപ്പെടുന്നത് കണ്ടു. ചിലപ്പോള്‍ നിന്റെ പണി പോകും. ഞാന്‍ ഒന്നും ശ്രദ്ധിക്കാതെ അല്‍പം വിശ്രമിച്ച് വീണ്ടും ജോലി ആരംഭിക്കുകയാണ്. സൂപ്പര്‍വൈസര്‍ അകത്ത് തന്നെയുണ്ട്. എല്ലാവരും ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞു. ഞാനും എന്റെ ജോലിയില്‍ മുഴുകി. നിമിഷങ്ങള്‍ കടന്നു പോകുന്തോറും മനസ്സില്‍ ഏതോ ഭയം നിറഞ്ഞു. ഒന്നും സംഭവിച്ചില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് പുറത്ത് കടക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ വിളിച്ചു. മുതലാളിയുടെ മുറിയിലേക്ക് അയാളുടെ പിന്നാലെ നടന്നു. പേരും നാടും എല്ലാം ചോദിച്ചു. അയാള്‍ പറഞ്ഞു: ''ഇത് പുറത്താരോടും പറയേണ്ട. ഇനി മുതല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയത്ത് എല്ലാവര്‍ക്കും പള്ളിയില്‍ പോകാന്‍ അവസരം നല്‍കാം.'' എന്റെ നിശബ്ദ സമരം വിജയം കണ്ടതില്‍ സന്തോഷം തോന്നി. പ്രാര്‍ത്ഥനാ സമയത്ത് ജോലിയെടുപ്പിക്കുന്നത് യു.എ.ഇ നിയമം അനുസരിച്ച് കുറ്റകരമാണ്. അല്ലാഹുവിന് സ്തുതി...

അനുഭവം-1:
പ്രവാസം... ജീവിതം... കാലം... ഇബ്രാഹിം ചെര്‍ക്കള എഴുതുന്നു

അനുഭവം-2:
ദൂര യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉറക്കമില്ലാ രാത്രികള്‍...

അനുഭവം-3:
കേരളം വിട്ട് മറ്റൊരു പട്ടണത്തില്‍ ആദ്യമായി കാല് കുത്തുകയാണ്... പുതുകാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍

അനുഭവം-4:
മഹാനഗരം സമ്മാനിക്കുന്ന വിസ്മയങ്ങള്‍

അനുഭവം-5:
മഹാ നഗരങ്ങളിലെ ദുരിത ജീവിതങ്ങള്‍

അനുഭവം-6:
കാത്തിരിപ്പിന്റെ നാളുകള്‍

അനുഭവം-7:
ആകാശ യാത്ര എന്ന വിസ്മയം

അനുഭവം-8:
മരുഭൂമിയിലെ മരീചികക്കാഴ്ചകള്‍

അനുഭവം-9:
അവിചാരിതമായി നീണ്ട സഹായ ഹസ്തങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Employees, Gulf, Job, cash, Islam, Ibrahim Cherkala, Ibrahim Cherkala's experience-10
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia