Join Whatsapp Group. Join now!
Aster MIMS 10/10/2023

Stray dog menace | നായകള്‍ക്കുള്ള വാക്‌സിനേഷന്‍ യുദ്ധകാലടിസ്ഥാനത്തില്‍; കാസര്‍കോട്ട് 3 താല്‍കാലിക എബിസി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍

Vaccination for stray and pet dogs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) തെരുവ്-വളര്‍ത്ത് നായകള്‍ക്ക് ജില്ലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാനും വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനും തീരുമാനം. ജില്ലയിലെ തെരുവുനായ ശല്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തിന്റെതാണ് തീരുമാനം. സെപ്തംബര്‍ 26ന് വാക്‌സിനേഷന്‍ ആരംഭിച്ച് ഒക്ടോബര്‍ 26നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
          
News, Kerala, Kasaragod, Top-Headlines, Street Dog, Dog, Animal, Vaccinations, Vaccination for stray and pet dogs.

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാന്‍ നിശ്ചിത ഫീസ് നിശ്ചയിക്കാനും തീരുമാനിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എബിസി കേന്ദ്രത്തിന്റെ നവീകരണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു. തെരുവുനായ്കള്‍ക്കെതിരെ വാര്‍ഡ്തലങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായകളെ വന്ധ്യംകരിക്കാന്‍ ജില്ലയില്‍ ഒടയംചാല്‍, മംഗല്‍പാടി, മുളിയാര്‍ എന്നിവിടങ്ങളില്‍ താല്കാലിക എബിസി കേന്ദ്രം ആരംഭിക്കും. ജില്ലയില്‍ നിലവില്‍ കാസര്‍കോടും തൃക്കരിപ്പൂരും ഉള്ള എബിസി കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ജില്ലയില്‍ ഹോട്‌സ്‌പോട്ട് ആയി കണ്ടെത്തിയ മേഖലകളില്‍ തെരുവുനായകള്‍ക്ക് അഭയകേന്ദ്രം ഒരുക്കും. വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ്, വാക്‌സിനേഷന്‍ എന്നിവ സംബന്ധിച്ച് ആശവര്‍ക്കര്‍മാര്‍ മുഖേന വീടുകള്‍ തോറും കണക്കെടുപ്പ് നടത്തും. തുടര്‍ന്ന് നിശ്ചിത തുക നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കും.

തെരുവുനായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത്-നഗരസഭാ തലങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. പഞ്ചായത്ത് ഭരണസമിതി കൃത്യമായി ആസൂത്രണം ചെയ്ത് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ നടത്തണം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചാണ് നായകള്‍ക്ക് വാക്‌സിനേഷന്‍ നടത്തുക. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത്തലത്തിലും പ്രത്യേകം സംഘത്തെ നിയോഗിക്കും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. മഞ്ചേശ്വരം - ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) സിറോഷ് ജോണ്‍ , കാസര്‍കോട് ആര്‍ഡിഒ അതുല്‍ എസ് നാഥ്, ഉദുമ- ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ശശിധരന്‍ പിള്ള , കാഞ്ഞങ്ങാട് -സബ്കളക്ടര്‍ ഡി. മേഘശ്രീ , തൃക്കരിപ്പൂര്‍ - ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ജഗ്ഗി പോള്‍ എന്നിവര്‍ക്കാണ് ചുമതല .മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യോഗം ചേരും.

തെരുവ് നായകളെ കുറക്കാന്‍ ശുചിത്വ യജ്ഞം:

തെരുവുനായ ശല്യം കുറക്കുന്നതിനായി ജില്ലയില്‍ ശുചിത്വ യജ്ഞം സംഘടിപ്പിക്കും. ഇതിനായി വ്യാപാരി, ഹോട്ടല്‍ സംഘടനാ നേതാക്കളുടെയും ഇറച്ചിവില്‍പ്പനക്കാര്‍, ഓഡിറ്റോറിയം ഉടമകള്‍ എന്നിവരുടെയും അടിയന്തിര യോഗം ചേരും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ഉപാധികള്‍ തയ്യാറാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും കടകളും മാംസ വില്‍പന കേന്ദ്രങ്ങളും പരിശോധിക്കാനുള്ള സംഘത്തെ രൂപീകരിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തും. പൊതു സ്ഥലങ്ങളിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിക്കും.

തെരുവുനായകളുടെ ആക്രമണത്തിന് കൂടുതല്‍ വിധേയരാവുന്നത് വിദ്യാര്‍ഥികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തും. സമൂഹത്തിലെ മറ്റ് മേഖലകളിലും വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ചും നായകളുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെപറ്റിയും പ്രഥമ ശുശ്രൂഷയെ കുറിച്ചും ക്ലാസ് നല്‍കും. ഇതിനായുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. വാര്‍ഡ്തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റിനൊപ്പം നോട്ടീസുകള്‍ വിതരണം ചെയ്യും. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും വാക്‌സിനേഷനും ഉറപ്പാക്കും. എ ബി സി പദ്ധതിക്ക് എല്ലാ ഗ്രാമപഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദ്ദേശിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അസിസ്റ്റന്റ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, ആര്‍.ഡി.ഒ അതുല്‍.എസ്.നാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ബി.സുരേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.ഹരിദാസ്, വെറ്ററിനറി സര്‍ജന്‍ ഡോ.ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

You Might Also Like:

Keywords: News, Kerala, Kasaragod, Top-Headlines, Street Dog, Dog, Animal, Vaccinations, Vaccination for stray and pet dogs.
< !- START disable copy paste -->

Post a Comment