Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളിലൊന്ന് കാസര്‍കോട്; രോഗികള്‍ കൂടുതലും തീരദേശ മേഖലകളില്‍, കാന്‍സറിനെ പിടിച്ചുകെട്ടാന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജില്ലകളിലൊന്നായ Kerala, Kasaragod, News, Cancer, District-Panchayath, Health, Coastal Region,
കാസര്‍കോട്‌: (www.kasargodvartha.com 07/11/2017) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജില്ലകളിലൊന്നായ കാസര്‍കോട് ആ മഹാവിപത്തിനെ പിടിച്ചുകെട്ടാന്‍ ഒരുങ്ങി. പ്രതിരോധം ഭാവിയ്ക്കായി എന്ന വാക്യം മനസിലും പ്രവര്‍ത്തിയിലും മുറുകെപിടിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കാന്‍സറിനെ പ്രതിരോധിച്ച് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യവുമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനുപുറമെ കാന്‍സറും ജില്ലയെ വരിഞ്ഞുമുറുക്കിയിട്ട് നാളുകളേറെയായി. ഈ പശ്ചാത്തലത്തിലാണ് കാന്‍സറിനെ പ്രതിരോധിച്ച് വരുതിയിലാക്കുന്നതിന് ജില്ലയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കാന്‍സര്‍വിമുക്ത ജില്ല പദ്ധതി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

District Panchayat introduces new project to prevent cancer

ജില്ലയുടെ തീരദേശ മേഖലകളിലാണ് കാന്‍സര്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ ഉപയോഗിച്ചതുമൂലമുള്ള ദുരിതം രെുഭാഗത്ത് കണ്‍മുന്നിലുണ്ടായിട്ടും നിയന്ത്രണമില്ലാതെ ഇപ്പോഴും മാരകകീടനാശിനികള്‍ ഉപയോഗിക്കുന്നതും രോഗം വര്‍ധിക്കുവാന്‍ കാരണമാകുന്നുണ്ട്. ബോധവല്‍ക്കരണത്തിലൂടെ ജനകീയമുന്നേറ്റമുണ്ടായാല്‍ മാത്രമേ കാന്‍സറിനെ നിയന്ത്രിക്കാന്‍ കഴിയുവെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു.

ആദ്യഘട്ടമായി ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും ആറു ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാന്‍സര്‍ രജിസ്റ്റര്‍ തയ്യാറാക്കും. അടുത്ത വര്‍ഷം ജനുവരിയോടെ ഈ രജിസ്റ്റര്‍ പൂര്‍ത്തിയാകും. കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ഇസിഡിസി(ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം ജില്ലയിലെ ഒന്‍പത് ആശുപത്രികളില്‍ ആരംഭിക്കും. രോഗം തുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുവാന്‍ ഇതുവഴി കഴിയും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 12 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. എം.പി, എംഎല്‍എ മാരുടെ ഫണ്ടില്‍ നിന്നും പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനും ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി, മാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി എന്നിവയുടെ സാങ്കേതിക പിന്തുണയോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഭയപ്പെടേണ്ട രോഗമല്ല കാന്‍സര്‍: പി.കരുണാകരന്‍ എം.പി

ഭയപ്പെടേണ്ട രോഗമല്ല കാന്‍സര്‍ എന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു. ഒരു കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ പിടിപ്പെട്ടാല്‍ കൂടെയുള്ളവരും ഭയത്തോടെ ജീവിക്കുന്ന അവസ്ഥയാണ് പലപ്പോഴുമുണ്ടാകുന്നത്. ഇങ്ങനെ ഭയപ്പെടേണ്ടതല്ല കാന്‍സര്‍. മറ്റു രോഗങ്ങളെ പോലെ ചികിത്സിച്ച് മാറ്റുവാന്‍ കഴിയുന്ന അസുഖമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ കാന്‍സര്‍വിമുക്തിജില്ലാ പദ്ധതി പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. പദ്ധതിപ്രഖ്യാപനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു.

കാന്‍സര്‍ കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ.സുരേഷ് റാവു, ഡോ.ലാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഹര്‍ഷാദ് വോര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, അഡ്വ.എ.പി ഉഷ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.പി ജാനകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ഒപ്പുമരച്ചുവട്ടില്‍ നടത്തിയ ഒപ്പ് ശേഖരണം പ്രമുഖ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തക ലീലാ കുമാരിയമ്മ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Cancer, District-Panchayath, Health, Coastal Region, District Panchayat introduces new project to prevent cancer.