Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; 180 രൂപ മാസ ശമ്പളവും

പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ ഒരു ജോലി കിട്ടിയേ പറ്റൂ. വീട്ടിലുള്ളതെല്ലാം എടുത്തു വിറ്റും, ആകെയുള്ള ഒരു കറവ പശുവിനെ വിറ്റും Article, Kookanam-Rahman, Job, story-of-my-foot-steps-part-16
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം പതിനാറ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.09.2017) പട്ടിണിയില്‍ നിന്ന് രക്ഷനേടാന്‍ ഒരു ജോലി കിട്ടിയേ പറ്റൂ. വീട്ടിലുള്ളതെല്ലാം എടുത്തു വിറ്റും, ആകെയുള്ള ഒരു കറവ പശുവിനെ വിറ്റും എങ്ങിനെയൊക്കെയോ ജീവിച്ചു വരികയും, പഠിക്കുകയും ചെയ്തു. പറമ്പിലുള്ള തെങ്ങ് പാട്ടത്തിന് കൊടുത്താണ് പിന്നീടുള്ള ജീവിതം. കോളജ് പഠനത്തിനും, അധ്യാപക പരിശീലനത്തിനുമായാണ് ഉമ്മയും ഉമ്മൂമ്മയും ഇത്രയൊക്കെ ചെയ്തുതന്നത്.

കാലം 1970.. അധ്യാപക പരിശീലനം വിജയകരമായി പൂര്‍ത്തിയായി. ആ വര്‍ഷം സ്‌കൂള്‍ വെക്കേഷനില്‍ ഒരു പരിഷ്‌ക്കാരം വരുത്തി. ഏപ്രില്‍ മെയ് മാസം പ്രവര്‍ത്തിക്കുകയും ജൂണ്‍ ജുലൈ മാസം വെക്കേഷന്‍ ആക്കുകയും ചെയ്ത പരിഷ്‌കരണമായിരുന്നു അത്. മഴക്കാലത്താണ് പല അപകടങ്ങളും ഉണ്ടാവുന്നത് എന്ന് കണ്ടെത്തിയാണ് വെക്കേഷന്‍ കാലം മാറ്റിയത്. ആ വര്‍ഷം സ്‌കൂള്‍ തുറന്നത് ആഗസ്റ്റ് മൂന്നിനായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ ജോലി ചെയ്‌തേ പറ്റൂ. അത്രയും ദയനീയമായിരുന്നു കുടുംബപശ്ചാത്തലം.

Represantational Image

ഉമ്മ ചെന്ന് അമ്മാവനെ കണ്ടു. സാമ്പത്തികമായി അല്പം ഉയര്‍ന്ന നിലയിലായിരുന്നു അമ്മാവന്‍. കച്ചവടത്തില്‍ നിന്നുള്ള വരുമാനം മാത്രമെ അദ്ദേഹത്തിനുള്ളു. നല്ലൊരു കമ്മ്യൂണിറ്റുകാരനാണ്. പഴയകാല പാര്‍ട്ടി വളണ്ടിയറും മറ്റുമായിരുന്നു. അതുകൊണ്ടുതന്നെ കനിവ് കാട്ടുന്ന മനസ്സുണ്ടായിരുന്നു. അദ്ദേഹം സഹസഖാകളുമായി ബന്ധപ്പെട്ടു. കരിവെള്ളൂര്‍ നോര്‍ത്ത് യു പി സ്‌കൂള്‍ മാനേജ്‌മെന്റും പാര്‍ട്ടി ബന്ധുക്കളുടേതായിരുന്നു. അവിടെ ഒരു അഡീഷണല്‍ പോസ്റ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, അതിന് ഒരു ക്ലാസ്മുറി നിര്‍മ്മിക്കണമെന്നും അറിഞ്ഞു. ആ ചിലവിലേക്ക് 2000 രൂപ നല്‍കിയാല്‍ അവിടെ അപ്പോയിന്റ് ചെയ്യാമെന്ന് വാക്കു ലഭിച്ചു. അന്ന് രണ്ടായിരം രൂപ ഉണ്ടാക്കുകയെന്നാല്‍ വളരെ ബുദ്ധിമുട്ടാണ്. അമ്മാവനെന്ന നല്ല മനുഷ്യന്‍ അതിന് തയ്യാറായി. തുക കൊടുത്തു. എന്നോട് ഒരു കണ്ടീഷന്‍ വെച്ചു. ശമ്പളം കിട്ടുമ്പോള്‍ മാസംപ്രതി 100 രുപാ വെച്ച് തിരിച്ചു നല്‍കണമെന്ന്. സന്തോഷത്തോടെ ഞാനത് സമ്മതിച്ചു.

അങ്ങിനെ 1970 ആഗസ്റ്റ് മൂന്നിന് ഞാന്‍ അധ്യാപകനായി കരിവെള്ളൂര്‍ നോര്‍ത്ത് യു. പി സ്‌കൂളില്‍ ജോയിന്‍ ചെയ്തു. അന്നെനിക്ക് 19 വയസ്സേ ആയിട്ടുള്ളു. യുവാവിന്റെ ചുറുചുറുക്കോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അന്നവിടെ ഉണ്ടായിരുന്ന അധ്യാപകരൊക്കെ അമ്പത് കഴിഞ്ഞവരായിരുന്നു. ഹെഡ്മാസ്റ്റര്‍ നാരായണന്‍ നായര്‍, നാരു ഉണിത്തിരി മാഷ്, കുഞ്ഞോമന്‍ ഉണിത്തിരി മാഷ്, കുഞ്ഞികൃഷ്ണന്‍ നായര്‍, സൂര്യാവതി ടീച്ചര്‍, നാരായണി ടീച്ചര്‍ എന്നിവരായിരുന്നു അധ്യാപകര്‍. എനിക്ക് ഒന്നാം ക്ലാസ് ചാര്‍ജ് കിട്ടി. കളിയും ,ചിരിയും, പാട്ടും, കഥയുമൊക്കെയായി ഞാന്‍ കുട്ടികളെ കയ്യിലെടുത്തു. അന്നത്തെ ഒന്നാം ക്ലാസുകാരികളായ ലതയും അനിതയും ഇന്ന് ഹൈസ്‌കൂള്‍ അധ്യാപികമാരാണ്. അന്ന് ക്ലാസില്‍ പാടിക്കൊടുത്ത തള താ തവളേ വള താ തവളേ തളയും വളയും താ തവളേ എന്ന കുട്ടിപ്പാട്ട് അവര്‍ നേരിട്ട് കാണുമ്പോള്‍ ഇന്നും പാടികേള്‍പ്പിക്കും...

കാലിന് പോളിയോ ബാധിച്ച് നടക്കാന്‍ വയ്യാത്ത ജയറാം ശങ്കര്‍ ഒന്നാം ക്ലാസിലെ മിടുക്കനായിരുന്നു. അവനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗം പ്രൊഫസറാണ്. അതേ ക്ലാസില്‍ പഠിച്ച സുരേഷ് കുമാര്‍ സിംഗപ്പൂര്‍ യണിവേര്‍സിറ്റിയില്‍ കെമിസ്ട്രി വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്നു. കാഞ്ഞങ്ങാട് പോളിടെക്കിനിക്ക് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ചന്ദ്രന്‍ എന്റെ ഒന്നാം ക്ലാസിലെ കുട്ടിയായിരുന്നു. ടെലിഫോണ്‍സിലെ വിജയകുമാര്‍, കരിവെള്ളൂര്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പി. സി ചന്ദ്രമോഹനന്‍ എന്നിവരും എന്റെ ഒന്നാം ക്ലാസുകാരായ കുട്ടികള്‍ തന്നെ...........

1970 ഒക്‌ടോബര്‍ ഒന്നാം തീയ്യതി ആദ്യ ശമ്പളം കിട്ടി. അന്നത്തെ തുടക്കക്കാരനായ അധ്യാപകന് മാസം 180 രൂപയാണ് ശമ്പളം. ദിവസം ആറ് രൂപ കൂലിക്കാണ്. ആഗസ്റ്റ് 3 ന് ജോയിന്‍ ചെയ്തത് കാരണം 2 ദിവസത്തെ 12 രൂപ കഴിച്ച് 168 രൂപയാണ് കിട്ടിയത്. ആദ്യ ശമ്പളം ഉമ്മയുടെ കയ്യില്‍ കൊടുത്തു. സന്തോഷാശ്രുക്കളോടെയാണ് ഉമ്മ എന്റെ ആദ്യ ശമ്പളം കൈപ്പറ്റിയത്. അതില്‍ അമ്മാവന് നല്‍കേണ്ട നൂറ് രൂപ അന്ന് തന്നെ എത്തിച്ചു കൊടുത്തു. ബാക്കി 68 രൂപ കൊണ്ട് സമൃദ്ധമായി ഒരുമാസം കഴിയാം അന്ന്. സുലൈമാനിച്ചാന്റെ കടയില്‍ അക്കൗണ്ട് തടങ്ങി. ഞാനും ഉമ്മൂമ്മയും, ഉമ്മയും, അനുജനും അടുങ്ങുന്ന കുടുംബത്തിന് അക്കാലത്ത് കേവലം 50-60 രൂപ കൊണ്ട് ഒരുമാസം പട്ടിണിയില്ലാതെ കഴിയാന്‍ പറ്റുമായിരുന്നു. അമ്മാവന് പണം കൃത്യമായി തിരിച്ചു കൊടുത്തു കൊണ്ടിരുന്നു. പത്ത്- പതിനഞ്ച് മാസം കഴിഞ്ഞപ്പോള്‍ മറ്റ് പല ബാധ്യതകളും വന്നതിനാല്‍ അമ്മാവന് പണം തിരിച്ചു കൊടുക്കാന്‍ പറ്റാതായി. അതിനാല്‍ അല്പം പിണക്കവും മറ്റും ഉണ്ടായി. അഞ്ച് വര്‍ഷക്കാലം പ്രസ്തുത സ്‌കൂളില്‍ തന്നെ ജോലി ചെയ്തു. ഈ കാലയളവില്‍ ഹെഡ്മാസ്റ്റര്‍ നാണുമാസ്റ്റും, നാരുഉണിത്തിരിമാഷും പെന്‍ഷന്‍പറ്റി പിരിഞ്ഞു.

അടുത്തുത്തവര്‍ഷമാണ് അവര്‍ വിരമിച്ചത്.. അവരുടെ യാത്രയയപ്പ് ഉഗ്രനാക്കി. വാര്‍ഷീകം നടത്തി. നാടകവും മറ്റും അരങ്ങേറി. രണ്ടു പേരെയും സന്തോഷപൂര്‍വ്വം യാത്രയാക്കി. അതിന്റെ സംഘാടന ഉത്തരവാദിത്തം മുഴുവന്‍ എനിക്കായിരുന്നു... 1975 ല്‍ എനിക്ക് പി എസ് സി നിയമനം കിട്ടി. മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നുണ്ടായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഒരു സ്ത്രീയായിരുന്നു. ഇന്‍ക്രിമെന്റ് ലഭിക്കാനും, ലീവ് എടുക്കാനും മറ്റും മാനേജരുടെ ഒപ്പുവാങ്ങാന്‍ പോകണം. അതെന്തോ ഒരു അടിമപ്പണി പോലെ എനിക്ക് തോന്നി.

ഞാനില്ലെങ്കില്‍ ഈ മാഷന്മാര് എങ്ങിനെ കഞ്ഞികുടിക്കും എന്ന് അഹന്തയോടെ ആ മാനേജരമ്മ സംസാരിച്ചിരുന്നു എന്ന വിവരവും എന്റെ ചെവിയിലെത്തി. ഇതൊക്കെക്കൊണ്ട് അവിടുന്ന് രക്ഷപ്പെട്ടേ പറ്റുയെന്ന് ഉറച്ചു. പാണപ്പുഴ സ്‌കൂളിലായിരുന്നു ആദ്യ പി. എസ്. സി നിയമനം. ഞാന്‍ റിലീവ് ചെയ്യുന്നതിന് മുന്നേ എന്റെ പോസ്റ്റില്‍ ഒരു ടീച്ചറെ നിശ്ചയിച്ചു. അവരോട് അയ്യായിരം രൂപ മനേജ്‌മെന്റ് വാങ്ങി. മാനേജരുടെ മക്കള്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തുന്നവരായതിനാല്‍ എനിക്ക് ആയിരം രൂപ തിരിച്ചു തന്നു. അതുമായി അമ്മാവന്റെ അടുത്തുചെന്ന് ബാക്കിയുള്ള ബാധ്യതയും തീര്‍ത്തു. ഇന്ന് ആ അമ്മാവന്‍ ആസുഖം മൂലം കിടപ്പിലാണ്. പോയിക്കണ്ടു.. അദ്ദേഹത്തിന്റെ നല്ല മനസ്സിന് ഞാന്‍ എന്നും നന്ദിയുള്ളവനാണ്. ഓര്‍മ്മ നഷ്ടപ്പെട്ട ആ മഹാമനസ്‌ക്കന്റെ കരം ഗ്രഹിച്ച് കണ്ണീര്‍വാര്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...

കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട് (ഭാഗം 15)

മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് ! (ഭാഗം 14)

അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍  (ഭാഗം പതിമൂന്ന്)

 മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍ (ഭാഗം 12)നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ (ഭാഗം 11)

 മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട് (ഭാഗം 10)

തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ  (ഭാഗം 9)പേര് വിളിയുടെ പൊരുള്‍ (ഭാഗം 8)

ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ? (ഭാഗം 7)

കുട്ടേട്ടനൊരു കത്ത് (ഭാഗം 6)

പ്രണയം, നാടകം, ചീട്ടുകളി (ഭാഗം 5)

ആശിച്ചുപോകുന്നു കാണാനും പറയാനും (ഭാഗം 4)

മൊട്ടത്തലയില്‍ ചെളിയുണ്ട (ഭാഗം മൂന്ന്)

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം  (ഭാഗം 2)

 നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഒന്നാം ഭാഗം)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Job, story-of-my-foot-steps-part-16