Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഗള്‍ വാസ്തുവിദ്യയും ഇന്ത്യന്‍-പേര്‍ഷ്യന്‍-ഇസ്ലാമിക് തച്ചുശാസ്ത്രവും സമന്വയിപ്പിച്ച താജ്മഹലിന്റെ മടിത്തട്ടില്‍

അടുത്തുകൂടി ശുദ്ധമായ തെളിനീരരുവി ഒഴുകുന്ന മനോഹരമായ പൂന്തോട്ടം Travlling, Article, Tourism, Garden, Visits, Masjid, Food, Lodge, Taj mahal, Foot path, Delhi, Agra, Mountain.
സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 3

മുഹമ്മദ് യാസിര്‍ സി എല്‍ / 
യാത്രാവിവരണം

(www.kasargodvartha.com 21.06.2017) അടുത്തുകൂടി ശുദ്ധമായ തെളിനീരരുവി ഒഴുകുന്ന മനോഹരമായ പൂന്തോട്ടം ഞങ്ങള്‍ കണ്ടു. മലകള്‍ക്കിടയില്‍ വളരെ താഴ്ചയിലുള്ള ആ പാര്‍ക്കിലേക്കും സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നു. ആ അരുവിയില്‍ നിന്ന് ഞങ്ങള്‍ അംഗശുദ്ധിയെടുത്തു, വെള്ളത്തിന് അത്രയും തണുപ്പ് ഞാന്‍ പ്രതീക്ഷിച്ചില്ല.

മഞ്ഞ് മലയില്‍ നിന്നും ഉരുകി ഒലിച്ചിറങ്ങുന്ന ഐസ് വെള്ളം തന്നെയായിരുന്നു അത്. തണുത്ത വെള്ളത്തില്‍ എന്റെ കൈകാലുകള്‍ മരവിച്ച പോലെ തോന്നി. മനസ്സിനും ശരീരത്തിനും നല്ല കുളിര്‍മ്മയുണ്ടായി, നമസ്‌കരിക്കാനായി ഒരു വലിയ മരച്ചുവട്ടില്‍ കുറച്ച് ഭാഗം കോണ്‍ക്രീറ്റ് പാകിയിരുന്നു. ആ മരത്തില്‍ മസ്ജിദെന്നെഴുതിയ ഒരു ബോര്‍ഡും തൂക്കിയിരുന്നു. ഞങ്ങള്‍ അവിടെ നമസ്‌കരിച്ചു, ശേഷം ഭക്ഷണവും കഴിച്ച് ഉച്ചതിരിഞ്ഞ് 'ആറു' എന്ന ഒരു പൂന്തോട്ടത്തിലേക്ക് തിരിച്ചു.

Travlling, Article, Tourism, Garden, Visits, Masjid, Food, Lodge, Taj mahal, Foot path, Delhi, Agra, Mountain.

മനോഹരമായ ചെറിയ തോട്ടമായിരുന്നു അത്. അവിടെയും കച്ചവടക്കാര്‍ കാശ്മീര്‍ ഷാളുമായും കാര്‍പറ്റുമായും കൂടെ കൂടി, ഞങ്ങള്‍ മനോഹരമായ ആ ഷാള്‍ വാങ്ങി. ഇന്ന് കാശ്മീരിനോട് വിട ചൊല്ലേണ്ട ദിവസമാണ്. അവിടത്തെ രണ്ട് ദിവസം രണ്ട് മണിക്കൂര്‍ മാത്രമായാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്, തിരിച്ചു പോകുന്നതില്‍ എല്ലാവര്‍ക്കും മനോവിഷമമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന വഴികാട്ടി കാശ്മീരി യുവാവിനും ഞങ്ങള്‍ മടങ്ങുന്നത് വ്യസനമുണ്ടാക്കി, കാശ്മീരില്‍ തന്നെ ചുരുങ്ങിയത് 15 ദിവസമെങ്കിലും താമസിക്കാതെ ഇവിടത്തെ കാഴ്ചകളൊന്നും കണ്ട് തീരില്ല എന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമായ നാട്...

സുന്ദരിമാരായ പെണ്‍കൊടികള്‍, കളങ്കവും കള്ളത്തരവുമില്ലാത്ത മനസ്സുള്ളവര്‍.. എന്നാല്‍ ഇടക്കിടക്ക് അശാന്തി പടരുന്ന ഇടമായിരിക്കുന്നു ആ നാടുകള്‍.. ആ നാടിനെയും നാട്ടുകാരെയും അതിന്റെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കണമേ എന്ന് നമുക്ക് ദൈവം തമ്പുരാനോട് പ്രാര്‍ത്ഥിക്കാം. ആ വഴികാട്ടിയോടും നാടിനോടും യാത്ര പറഞ്ഞ് ഞങ്ങള്‍ ഹൊഷാര്‍ പൂരിലേക്ക് മടങ്ങി. പുലര്‍ച്ചെ നാല് മണിയോടെ ഹരിയാനയിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തി. പിറ്റേന്നാള്‍ ദൂരയാത്ര നടത്തിയില്ല.

Travlling, Article, Tourism, Garden, Visits, Masjid, Food, Lodge, Taj mahal, Foot path, Delhi, Agra, Mountain, All India travelogue -3.

ഞങ്ങള്‍ ഓരോരുത്തരിലും നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നു. അതിനാല്‍ അവിടെത്തന്നെയുള്ള പളളിയില്‍ ജുമുഅ നമസ്‌കരിക്കുകയും തുടര്‍ന്ന് റൂമിലെത്തി ഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയും ചെയ്തു. യാത്രയുടെ പന്ത്രണ്ടാം ദിവസം, ഇന്ന് പഞ്ചാബിനോട് വിട പറയേണ്ടതുണ്ട്. പഞ്ചാബിലെ സോധി എന്ന് പേരുള്ള ഒരു സുഹൃത്ത് ഞങ്ങളെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു.

Travlling, Article, Tourism, Garden, Visits, Masjid, Food, Lodge, Taj mahal, Foot path, Delhi, Agra, Mountain, All India travelogue -3.

എല്ലാ സൗകര്യങ്ങളുമുള്ള കൊട്ടാരസദൃശ്യമായ 9,000 ത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്. ഞങ്ങള്‍ വീട് കറങ്ങിക്കണ്ടു, അപ്പോഴേക്കും ഞങ്ങള്‍ക്ക് വേണ്ടി അയാളുടെ ഭാര്യ പ്രഭാത ഭക്ഷണം റെഡിയാക്കിയിരുന്നു. പഞ്ചാബികളുടെ ആതിഥ്യമര്യാദ സ്മരിക്കപ്പെടേണ്ടത് തന്നെയാണ്. തനി പഞ്ചാബി വിഭവങ്ങള്‍ ആലു റൊട്ടി, ലെസ്സി, പനീര്‍ തുടങ്ങിയവ തീന്‍മേശയില്‍ ഞങ്ങള്‍ക്ക് വേണ്ടി തയ്യാറായി. അവിടന്ന് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.

ഉച്ചയോടെ ഹിമാചലിലെ ബില്ലിംഗ് എന്ന സ്ഥലത്തേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. ആ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 2,400 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരാ ഗ്ലൈഡിങ്ങ് നടത്താന്‍ അനുയോജ്യമായ ലോകത്തെ തന്നെ രണ്ടാമത്തെ സ്ഥലമാണത്. വളരെ അപകടം പിടിച്ച ഒറ്റയടിപ്പാതയായിരുന്നു അത്. ചെങ്കുത്തായ മല കയറി വളഞ്ഞും പുളഞ്ഞും മുകളിലേക്ക് പോകുന്ന പാത, ദേവതാരു വൃക്ഷങ്ങള്‍ കുന്നിന്‍ ചെരുവില്‍ ധാരാളമായി കാണപ്പെട്ടു. ഏതെങ്കിലും ഒരു വാഹനം എതിര്‍ ഭാഗത്ത് നിന്ന് വന്നാല്‍ പെട്ടത് തന്നെ. ഉരുളന്‍ കല്ലുകളാണ് അവിടത്തെ കുന്നുകളില്‍ കാണപ്പെട്ടത്. അത് റോഡിലേക്ക് അടര്‍ന്ന് വീഴുകയും ചെയ്യുന്നുണ്ട്, മഞ്ഞ് കാലത്ത് ആ കല്ലുകള്‍ കൂട്ടത്തോടെ അടര്‍ന്ന് വീണ് റോഡ് തടസ്സപ്പെടുന്നു. ഞങ്ങള്‍ മുകളിലെത്തി. പരാ ഗ്ലൈഡിങ്ങ് നടത്തുന്നവരെ കണ്ടു, കൂടുതലും വിദേശികളായിരുന്നു.

അവിടന്ന് ഞങ്ങള്‍ യാത്ര തിരിച്ചു. ഹിമാചലിലെ ബോജാനാഥ് എന്ന സ്ഥലത്ത് ഒരു ദാബയില്‍ ചായ കഴിക്കാന്‍ കയറി. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചിരുന്നു. ദാബയുടെ മുറ്റത്ത് ഞങ്ങള്‍ നമസ്‌കരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ആ അമുസ്ലീമായ കടക്കാരന്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, നമസ്‌കരിക്കാന്‍ അവിടെയുണ്ടായിരുന്ന പത്രങ്ങള്‍ വിരിച്ചു തന്നു. ഇത്ര സഹിഷ്ണുതയോടെ പെരുമാറുന്ന ഈ നാട്ടുകാരില്‍ ആരാണ് വര്‍ഗീയ വിഷം കുത്താന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ സ്വയം ചോദിച്ചു പോയി. രാത്രി ഹിമാചലിലെ 'ഉണ' എന്ന സ്ഥലത്ത് ലോഡ്ജില്‍ താമസിച്ചു.

പിറ്റേ ദിവസം ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. രാത്രി ഡല്‍ഹിയില്‍ തങ്ങാന്‍ ഞങ്ങള്‍ കണക്കുകൂട്ടി. നാല് മണിയോടെ കരോള്‍ ബാഗിലെത്തിയ ഞങ്ങള്‍ ആ ചന്തയുടെ തിരക്കില്‍ പെട്ടു. കൗതുകമായ പല സാധനങ്ങളും വാങ്ങിക്കൂട്ടി, ഇതിന് മുമ്പത്തെ യാത്രയില്‍ ഡല്‍ഹിയിലെ ജുമാ മസ്ജിദും കുതുബ് മിനാറും ചെങ്കോട്ടയും കണ്ടിരുന്നു. താജ്മഹലും കണ്ടിട്ടുണ്ടെങ്കിലും ആ കാഴ്ച എത്ര കണ്ടാലും മതിവരാത്തതാണ്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് എകദേശം 200 കിലോമീറ്ററാണ്. നോയിഡയില്‍ നിന്ന് ആഗ്രയിലേക്കുള്ള മനോഹരമായ ആറ് വരി അതിവേഗ പാതയായ യമുനാ എക്സ്പ്രസ് വേയില്‍ കൂടി ഞങ്ങള്‍ താജിലേക്ക് കുതിച്ചു.

ഇന്ത്യന്‍, പേര്‍ഷ്യന്‍, ഇസ്ലാമിക തച്ചുശാസ്ത്ര ശൈലികളുടെ മോഹനമായ സങ്കലനമാണ് താജ്മഹല്‍. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ ഗണിക്കുന്നത്. മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പ്രിയപത്നിയായ മുംതാസ് മഹലിനോടുള്ള അനന്തമായ സ്നേഹത്തിന്റെ സ്മാരകം ഇന്നും അവിസ്മരണീയമായി തലയുയര്‍ത്തി നില്‍ക്കുന്നു.

1632ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ സൗധം ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട് 1653ലാണ് പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് ശില്പികളും കരവിരുതരും കല്പണിക്കാരും ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിവന്നു. കല്ലറ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് ഈ രമ്യഹര്‍മ്മത്തിലെ ഏറ്റവും ആകര്‍ഷകം. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് വെണ്ണക്കല്ല് കൊണ്ട് ഉണ്ടാക്കിയ ഈ കുഴിമാടം. മുകളില്‍ കമാനാകൃതിയിലുള്ള ഒരു കുബ്ബയുണ്ട്. വില്ല് പോലെ വളഞ്ഞ കവാടം വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. കവാടം കടന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത് പോലെ തോന്നിക്കുന്ന താജിന്റെ സൃഷ്ടി വൈഭവം ഉപമിക്കുന്നതിലപ്പുറമാണ്.

താജിന്റെ മിനാരങ്ങളില്‍ അറ്റകുറ്റപണി നടക്കുന്നുണ്ടായിരുന്നു. 40 മീറ്റര്‍ ഉയരത്തില്‍ ലക്ഷണമൊത്ത മിനാരങ്ങള്‍ കൊണ്ട് താജ്മഹല്‍ മോടിപിടിപ്പിച്ചിട്ടുണ്ട്. താജിന്റെ അകത്ത് ചുമരുകളില്‍ കൊത്തിവച്ചിരുന്ന ചിത്രങ്ങളില്‍ വില കൂടിയ കല്ലുകള്‍ക്ക് പകരം ചെറിയ കുഴികള്‍ കണ്ടു. മസ്ജിദുകളില്‍ നമസ്‌ക്കാരത്തിന് വിശ്വാസികളെ മുഅദ്ദിന്‍ ക്ഷണിക്കാറുണ്ട്. മിനാരങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ കൃത്യം നിര്‍വഹിക്കാറുള്ളത്. താജ് മഹലിന്റെ ഓരോ മിനാരത്തിനും മൂന്ന് തട്ടുകളും രണ്ട് മട്ടുപ്പാവുകളുമുണ്ട്.

300 മീറ്റര്‍ ചതുരാകൃതിയില്‍ മനോഹരമായി വെട്ടിനിറുത്തിയ ചാര്‍ ബാഗ് എന്ന ഒരു പൂന്തോട്ടം ഇവിടെ കാണാം. തോട്ടത്തിലുള്ള ഉയര്‍ന്ന നടപ്പാതകള്‍ തോട്ടത്തെ പതിനാറ് പുഷ്പതല്‍പങ്ങളായി വിഭജിച്ചിരിക്കുന്നു. അതിമനോഹരമാണ് വിശാലമായ ഈ ആരാമം. ഞങ്ങള്‍ ഉച്ചക്ക് ശേഷം താജിനോടും യാത്ര പറഞ്ഞു. രാത്രിയോടെ ത്സാന്‍സിയില്‍ റൂം എടുത്ത് താമസിച്ചു. പിറ്റേ ദിവസം ഹൈദരാബാദ് - ബംഗളൂരു വഴി തിരിച്ച് നാട്ടിലെത്തിച്ചേര്‍ന്നു.

Also Read: സാംസ്‌കാരിക വൈവിധ്യങ്ങളുടെ കശ്മീര്‍ കാഴ്ചകള്‍ - 1


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Travlling, Article, Tourism, Garden, Visits, Masjid, Food, Lodge, Taj mahal, Foot path, Delhi, Agra, Mountain, All India travelogue -3.