city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധക്കേസില്‍ എല്ലാ സഹായങ്ങളും ചെയ്തത് സി പി എം നേതാവ് പി ജയരാജനും, അഡ്വ. സി ഷുക്കൂറുമെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി; ഷുക്കൂറിനെതിരെയുള്ള മുസ്ലിം ലീഗ് നടപടി പിന്‍വലിക്കണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 11.09.2018) റിയാസ് മൗലവി വധക്കേസില്‍ എല്ലാ സഹായങ്ങളും ചെയ്തു തന്നത് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, അഡ്വ. സി ഷുക്കൂറുമാണെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി പത്ര കുറിപ്പില്‍ അറിയിച്ചു. ആര്‍ എസ് എസ് നടത്തിയ നിഷ്ഠൂരമായ ഈ കൊലപാതകത്തില്‍ നിയമത്തിന്റെ എല്ലാ വഴികളും സുഗമമാക്കാന്‍ രംഗത്തുണ്ടായിരുന്നത് പി ജയരാജനും ഷുക്കൂറുമായിരുന്നു.

കൊലപാതകം നടന്നയുടനെ ജാഗ്രതയുള്ള പ്രവര്‍ത്തനമാണ് പ്രദേശത്തെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇപ്പോഴത്തെ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസനെ സ്‌പെഷ്യല്‍ ടീമായി നിയമിക്കുകയും യു എ പി എ ചുമത്തണമെന്നും പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ചൂരി പ്രദേശം സന്ദര്‍ശിക്കുകയും ഭരണതലത്തിലും ആഭ്യന്തര വകുപ്പിലും ആവശ്യമായ സഹായങ്ങള്‍ ചെയ്തത് പി ജയരാജനാണ്. അദ്ദേഹം ചൂരി ജുമാമസ്ജിദ് സന്ദര്‍ശിക്കുകയും പ്രദേശവാസികളുടെ വികാരം മനസിലാക്കുകയും ചെയ്തിരുന്നു.

ചൂരി പ്രദേശത്തുകാര്‍ പല വട്ടം കേസുമായി ബന്ധപ്പെട്ട പല സാങ്കേതിക തടസങ്ങളും മറികടക്കുന്നതിനായി അദ്ദേഹത്തെ കാണുകയും ഓരോ ഘട്ടങ്ങളിലും കൃത്യമായി ഇടപെട്ട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവം നടന്ന് മൂന്നാം ദിവസം തന്നെ അറസ്റ്റു ചെയ്യുകയും സ്റ്റാറ്റിയൂട്ടറി പിരീഡ് പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവാവുകയും കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എം അശോകനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കാസര്‍കോടിന്റെ ചരിത്രത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പോലീസിന് പറയേണ്ടി വന്ന ആദ്യ കൊലപാതകമാണ് റിയാസ് മൗലവിയുടേത്. അറസ്റ്റു ചെയ്ത പ്രതികള്‍ക്ക് സെഷന്‍സ് കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ സാധിച്ച കേസ് കൂടിയാണ് റിയാസ് മൗലവിയുടേത്.

18 മാസമായി റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജാമ്യത്തിനായി പല വട്ടം സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചിരുന്നുവെങ്കിലും കൃത്യമായ നിയമ ഇടപെടലുകളിലൂടെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിച്ചതുകൊണ്ട് പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. ഇതിനു മുമ്പ് നടന്ന പല കേസുകളിലും സാക്ഷികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം അതിജീവിക്കുക എന്നത് നിസാരമായ കാര്യമല്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ പ്രഖ്യാപിത ഫാസിസ്റ്റ് ആര്‍ എസ് എസ് വിരോധം കൊണ്ട് ഞങ്ങള്‍ക്കൊപ്പം നിന്നതും സഹായിച്ചതും വസ്തുതകള്‍ കൃത്യമായി അറിയിക്കുകയും അനുഭവിക്കുകയും ചെയ്തതായി ഭാരവാഹികള്‍ പറയുന്നു.

കേസിന്റെ തുടക്കം മുതല്‍ ഒപ്പമുള്ള അഡ്വ. സി ഷുക്കൂര്‍ ഇക്കഴിഞ്ഞ ഓണം നാളില്‍ പി ജയരാജനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ 19-ാം വാര്‍ഷികത്തില്‍ ആ ദിവസത്തെ അടയാളപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഷുക്കൂര്‍ പറഞ്ഞ വസ്തുത റിയാസ് മൗലവി കേസുമായി ബന്ധപ്പെട്ട് ഇടപഴകിയ തങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ഈ കാലയളവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതും പ്രതികളാക്കപ്പെട്ട ഒരാള്‍ കൊല്ലപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

റിയാസ് മൗലവി കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം കൃത്യമായി മനസിലാകുമെന്നും കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് നേതാവും ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡണ്ടുമായിരുന്ന ഷുക്കൂര്‍ സംഭവം നടന്ന പിറ്റേദിവസം മുതല്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകനെന്ന നിലയിലും തികഞ്ഞ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകാരനെന്ന നിലയിലും സമാന നിലപാടുകളുള്ള പി ജയരാജനടക്കമുള്ള പല നേതാക്കളുമായും റിയാസ് മൗലവി കേസ് നടത്തിപ്പിനുള്ള സഹായം ലഭ്യമാക്കുന്നതിനു വേണ്ടി തങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. റിയാസ് മൗലവി കേസ് നടത്തിപ്പു കമ്മിറ്റിയുടെ നിയമോപദേശകന്‍ കൂടിയാണ് സി ഷുക്കൂര്‍. കടുത്ത ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുള്ള അഡ്വ. ഷുക്കൂറിനെതിരെ ചില തെറ്റിദ്ധാരണയുടെ പുറത്താണ് മുസ്ലിം ലീഗ് നടപടിയെടുത്തത്. ഇത് പിന്‍വലിക്കണമെന്നും ഷുക്കൂര്‍ വക്കീലിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് മുസ്ലിം ലീഗ് കൂടി ഉള്‍കൊള്ളണമെന്നും കേസ് നടത്തിപ്പു കമ്മിറ്റിക്കു വേണ്ടി സി എച്ച് അബ്ദുല്ലക്കുഞ്ഞിയും, സി എച്ച് നൂറുദ്ദീനും പത്രകുറിപ്പില്‍ ആവശ്യപ്പെട്ടു.

റിയാസ് മൗലവി വധക്കേസില്‍ എല്ലാ സഹായങ്ങളും ചെയ്തത് സി പി എം നേതാവ് പി ജയരാജനും, അഡ്വ. സി ഷുക്കൂറുമെന്ന് കേസ് നടത്തിപ്പ് കമ്മിറ്റി; ഷുക്കൂറിനെതിരെയുള്ള മുസ്ലിം ലീഗ് നടപടി പിന്‍വലിക്കണമെന്നും ആവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Committee, Murder-case, Top-Headlines, Accuse, P Jayarajan and Adv. C Shukkur helped in Riyas Moulavi Murder case; Says case managing Committee
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL