City Gold
news portal
» » » » » » » » » » » » » പി ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് അഡ്വ. സി ഷുക്കൂര്‍, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കും, ഉറച്ച ലീഗുകാരനായി തുടരുമെന്നും ഷുക്കൂര്‍, നടപടിക്ക് വിശദീകരണം തേടേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2018) സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിവാദത്തിലാവുകയും പാര്‍ട്ടി തലത്തില്‍ നടപടിക്ക് വിധേയനാവുകയും ചെയ്ത അഡ്വ. സി ഷുക്കൂര്‍ സ്വാഭാവിക നീതി തനിക്ക് ലഭിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. സംഘ്പരിവാര്‍ അക്രമങ്ങളെ ചെറുക്കുന്നതിലും അദ്ദേഹം നേരിട്ട അക്രമങ്ങളെ അതിജീവിച്ചതിനെ കുറിച്ചുമാണ് തന്റെ പോസ്റ്റ്. ഇതില്‍ മുസ്ലിം ലീഗിനെതിരെ ഒരു പരാമര്‍ശം പോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


തന്റെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അത് അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനു പകരം തനിക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിക്കുകയാണ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ചെയ്തതെന്ന് ഷുക്കൂര്‍ പറയുന്നു. ഏതാനും വര്‍ഷം മുമ്പുണ്ടായ ഓണ നാളിലാണ് ജയരാജനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു ശേഷം സംഘ്പരിവാറിന്റെ ഓരോ ആക്രമത്തെ കുറിച്ചും ശക്തമായി പ്രതികരിക്കുന്ന ജയരാജന്റെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു ഷുക്കൂര്‍ പോസ്റ്റില്‍ ചെയ്തിരിക്കുന്നത്. റിയാസ് മൗലവി വധക്കേസിലും ഏറ്റവുമൊടുവില്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖ് വധക്കേസിലും സ്ഥലം സന്ദര്‍ശിക്കുകയും സംഘ്പരിവാറിനെതിരെയുള്ള പോരാട്ടത്തിനോട് ഐക്യദാര്‍ഡ്യപ്പെടുകയും ചെയ്തതിനെ കുറിച്ചാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയതലത്തില്‍ ബിജെപിക്കെതിരെയും സംഘ്പരിവാറിനെതിരെയും എല്ലാ കക്ഷികളും യോജിക്കുന്ന സാഹചര്യം കൂടി വിലയിരുത്തിക്കൊണ്ടാണ് ഇതേ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ഇതിന്റെ പേരില്‍ തനിക്കെതിരെ വലിയ കോലാഹലമാണ് ചില കേന്ദ്രങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്വാഭാവികമായും തനിക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അതേകുറിച്ച് വിശദീകരണം തേടേണ്ടതാണ്. അതുണ്ടായിട്ടില്ല. സംസ്ഥാന നേതൃത്വത്തില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ പോലും ഉറച്ച ലീഗുകാരനായി തുടരുമെന്നും ഷുക്കൂര്‍ പ്രഖ്യാപിച്ചു.

അതേസമയം ഷുക്കൂറിനെതിരെയുള്ള നടപടിയെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ ന്യായീകരിച്ചു. അരയില്‍ ഷുക്കൂര്‍ വധക്കേസില്‍ മുസ്ലിം ലീഗ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന പി ജയരാജനെ മഹത്വവത്കരിക്കുന്നതിനോട് മുസ്ലിം ലീഗിന് യോജിക്കാന്‍ കഴിയില്ല. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയേണ്ട കാര്യവുമില്ല. ഷുക്കൂര്‍ ചെയ്തത് അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഷുക്കൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എം സി ഖമറുദ്ദീന്‍ സൂചിപ്പിച്ചു. ഇതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍  ഖമറുദ്ദീന്‍ തയ്യാറായില്ല.

നേരത്തെ സലഫി പ്രചാരകനായ ഷംസുദ്ദീന്‍ പാലത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പക കൂടി തീര്‍ക്കുന്നതിന് വേണ്ടിയാണ് ഷുക്കൂറിനെ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തി നടപടി സ്വീകരിച്ചതെന്നാണ് ഷുക്കൂറിനെ അനുകൂലിക്കുന്ന മുസ്ലിം ലീഗിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മതമൗലിക വാദികള്‍ക്കെതിരെ കക്ഷി രാഷ്ട്രീയ മത ഭേദമന്യേ പ്രതികരിക്കുന്ന ഷുക്കൂറിനെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ താറടിച്ചു കാണിക്കാനും പാര്‍ട്ടി വിരുദ്ധനാണെന്ന് മുദ്രകുത്താനും ശ്രമിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹമാണെന്ന് മതേതര ചിന്താഗതിയുള്ള മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നു. സോഷ്യല്‍ മീഡയയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സി ഷുക്കൂര്‍ ഇതിനു മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്‌ക്കെതിരെയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് പരാതി നല്‍കുകയും കേസെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ഷുക്കൂറിനെതിരെ പക്ഷാപാതപരമായി നടപടി സ്വീകരിച്ചത് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും ഷുക്കൂറിനെ നീക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രവര്‍ത്തക സമിതിയില്‍ നിന്നും ഒഴിവാക്കുകയുമാണ് ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Social-Media, Social Networks, CPM, Kannur, Secretary, District, Politics, C Shukkur on Facebook Post Controversy. 

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date