city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 24/10/2017) ചെമ്പരിക്ക - മംഗളൂരു ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തി ഫോണ്‍ കോളിലൂടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത് ആദൂര്‍ പരപ്പ സ്വദേശിയായ അഷ്‌റഫാണെന്ന് പി ഡി പി നേതാക്കള്‍ കാസര്‍കോട്ട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് വെളിപ്പെടുത്തല്‍ നടത്തിയയാളുടെ പേരു വിവരങ്ങള്‍ പി ഡി പി നേതാക്കള്‍ പുറത്തുപറഞ്ഞത്.

അഷ്‌റഫ് നേരത്തെ നീലേശ്വരത്തായിരുന്നു താമസം. ഭാര്യയോടും വീട്ടുകാരോടും പിണങ്ങി ഇപ്പോള്‍ ആദൂരിലാണ് താമസം. പി ഡി പി കാസര്‍കോട് മണ്ഡലം പ്രസിഡന്റും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളോടാണ് അഷ്‌റഫ് ഫോണ്‍ സംഭാഷണം നടത്തിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് തന്റെ സുഹൃത്താണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചോദ്യങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അഷ്‌റഫ് പി ഡി പിക്കാരനല്ല. അഷ്‌റഫിനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരമില്ലെന്നും ഒരു സംഘടനയുടെ ആളുകളുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍ പറയുന്നു. www.kasargodvartha.com

ഇയാള്‍ സി ബി ഐയുടെ കസ്റ്റഡിയിലുണ്ടോയെന്നും സംശയമുണ്ട്. ഒരു മാസം മുമ്പാണ് അഷ്‌റഫ് ഉമറുല്‍ ഫാറൂഖിനോട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടെ ഈ വിവരം അഷ്‌റഫില്‍ നിന്നും ചോര്‍ന്നതിനാല്‍ തനിക്കു നേരെ ആദൂര്‍ കോട്ടൂര്‍ വളവില്‍ വെച്ച് സ്‌കോര്‍പിയോ കാറിലെത്തിയ സംഘം കാര്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതായും ഫാറൂഖ് തങ്ങള്‍ വ്യക്തമാക്കി. ഇതാണ് പെട്ടെന്നു തന്നെ വിവരങ്ങള്‍ പുറത്തുവിടാന്‍ തന്നെ പ്രേരിപ്പച്ചതെന്നും ഫാറൂഖ് തങ്ങള്‍ പറഞ്ഞു. ഖാസി കേസുമായി ബന്ധമുള്ള ഏതാനും പേരില്‍ രണ്ടു പേര്‍ അപകടങ്ങളില്‍ മരിച്ചതായാണ് അഷ്‌റഫ് പറഞ്ഞത്. അഷ്‌റഫിന്റെ മൊഴിയില്‍ പലപൊരുത്തക്കേടുകളുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചപ്പോള്‍ എല്ലാം അന്വേഷിക്കുകയാണ് ചെയ്യേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു.

ഫോണ്‍ റെക്കോര്‍ഡില്‍ രാവിലെ ഏറനാട് എക്‌സ്പ്രസില്‍ തെക്കന്‍ ജില്ലക്കാരായ രണ്ടു പേര്‍ പലഘട്ടങ്ങളിലായി എത്തിയതെന്ന് ഓട്ടോ ഡ്രൈവറായിരുന്ന അഷ്‌റഫ് പറയുന്നത്. എന്നാല്‍ രാവിലെ ഏറനാട് എക്‌സ്പ്രസ് ട്രെയിനില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ അഷ്‌റഫ് പറയുന്ന തന്റെ ഓട്ടോ റിക്ഷയുടെ നമ്പര്‍ ഒരു എയ്‌സ് വണ്ടിയുടേതാണെന്ന് ആര്‍ ടി ഒ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അതേകുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന് പറഞ്ഞ് പി ഡി പി നേതാക്കള്‍ ഒഴിഞ്ഞുമാറി. www.kasargodvartha.com

ഭാര്യ പിതാവാണ് 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത് രണ്ട് തെക്കന്‍ ജില്ലക്കാരെ കൊണ്ടുവന്നതെന്ന് അഷ്‌റഫ് പറയുന്നുണ്ട്. ഭാര്യ വീട്ടുകാരുമായി തെറ്റിയപ്പോഴാണ് ഒരു മാസം മുമ്പ് ഇയാള്‍ വെളിപ്പെടുത്തലിലേക്ക് നീങ്ങിയത്. അതുകൊണ്ടു തന്നെ അഷ്‌റഫിന്റെ മൊഴി എങ്ങിനെ വിശ്വസിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അക്കാര്യവും അന്വേഷണം നടത്തേണ്ടതാണെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു. കേസുമായി ബന്ധമുണ്ടെന്ന് പറയുന്ന എ എസ് ഐക്കെതിരെയും മറ്റൊരാള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പി ഡി പി ആവശ്യപ്പെട്ടു.

ഇപ്പോഴുണ്ടായിട്ടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിച്ചപ്പോള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. ധാര്‍മികമായും രാഷ്ട്രീയപരമായുമാണ് പി ഡി പി ഖാസി കേസില്‍ ഇടപെട്ടത്. ഇപ്പോള്‍ പുറത്തുവന്ന കോള്‍ റെക്കോര്‍ഡ് കൂടാതെ മറ്റു ചില തെളിവുകളും പി ഡി പിയുടെ കൈവശമുണ്ടെന്നും, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സി ബി ഐ കോടതിക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. കേസ് എന്‍ ഐ എ അന്വേഷിക്കണമെന്നും പി ഡി പി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. www.kasargodvartha.com

കേസില്‍ വിദേശ ഫണ്ടുമായി ബന്ധപ്പെട്ടവര്‍ക്കും, അന്തര്‍ദേശീയ സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഖാസിയുമായി ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പി ഡി പി നേതാക്കള്‍ ചോദിച്ചു. ഏത് ഖാസി, എന്ത് ഖാസിയെന്നാണ് ഇതേകുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് ചോദിച്ചത്. പി ഡി പി കേസില്‍ നടത്തുന്ന ഇടപെടലുകളില്‍ ഖാസി കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഖാസിയുടെ കുടുംബം മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ഖാസി കേസ് ഒക്ടോബര്‍ 28ന് പരിഗണിക്കുമ്പോള്‍ പുതിയ വിവരങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനാണ് പി ഡി പി ആലോചിക്കുന്നത്.

എസ് കെ എസ് എസ് എഫിന്റെ മുതിര്‍ന്ന നേതാവായ ത്വാഖ അഹ് മദ് മുസ്ലിയാര്‍ തന്നെ ഖാസിയുടെ മരണത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി വെളിപ്പെടുത്തിയിരുന്നു. ഇതേകുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ തന്നെയും അപകടപ്പെടുത്തുമെന്ന് ത്വാഖ അഹ് മദ് മുസ്ലിയാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ഡി പി നേതാക്കള്‍ പറഞ്ഞു. www.kasargodvartha.com

അതേസമയം മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്നും പി ഡി പി നേതാക്കള്‍ കോഴ വാങ്ങിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണത്തെ കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്വേഷിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. ആരോപണ വിധേയരായ പി ഡി പി കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ തന്നെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിസാര്‍ മേത്തര്‍ വ്യക്തമാക്കി. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. www.kasargodvartha.com
വാര്‍ത്താ സമ്മേളനത്തില്‍ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തല്‍, എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, സയ്യിദ് ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍


Keywords : Kasaragod, PDP, News, Case, C.M Abdulla Maulavi, Kerala, Death, Investigation, Trending, Controversy on new reveal about Qazi case. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL