city-gold-ad-for-blogger

ബേഡകം സിപിഎമ്മില്‍ പാളയത്തില്‍പട; ഏഴ് ലോക്കല്‍ സമ്മേളനങ്ങളില്‍ അഞ്ചില്‍ നടന്നത് വാശിയേറിയ മത്സരം

കുറ്റിക്കോല്‍: (www.kasargodvartha.com 31.10.2017) ബേഡകം സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ വികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് തെളിയിച്ചുകൊണ്ട് പാളയത്തില്‍പട. സിപിഎം ബേഡകം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള ഏഴ് ലോക്കല്‍ കമ്മിറ്റികളില്‍ നടന്ന സമ്മേളനങ്ങളില്‍ അഞ്ചെണ്ണത്തിലും പ്രകടമായത് വാശിയേറിയ മത്സരങ്ങള്‍. ബന്തടുക്ക, കുറ്റിക്കോല്‍, പടുപ്പ്, ബേത്തൂര്‍പാറ, കുണ്ടംകുഴി, മുന്നാട്, ബേഡകം എന്നീ ലോക്കല്‍ സമ്മേളനങ്ങളാണ് പൂര്‍ത്തിയായത്. ഇതില്‍ ബന്തടുക്ക, കുറ്റിക്കോല്‍, കുണ്ടംകുഴി, മുന്നാട്, ബേഡകം ലോക്കല്‍ സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തെ അമ്പരിപ്പിക്കുന്ന വിധത്തിലായിരുന്നു മത്സരം. പടുപ്പ്, ബേത്തൂര്‍പാറ ലോക്കല്‍ സമ്മേളനങ്ങള്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടന്നു.

ഇനി കൊളത്തൂര്‍, പള്ളത്തുങ്കാല്‍ എന്നീ സമ്മേളനങ്ങള്‍ മാത്രമാണ് നടക്കാന്‍ ബാക്കിയുള്ളത്. അഞ്ച് സമ്മേളനങ്ങളിലും നേതൃത്വം പ്രതീക്ഷിച്ചതിനപ്പുറത്തേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. ബന്തടുക്ക, കുറ്റിക്കോല്‍, കുണ്ടംകുഴി, മുന്നാട്, ബേഡകം ലോക്കല്‍ സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തെ അമ്പരിപ്പിക്കുന്ന വിധത്തിലായിരുന്നു മത്സരം. പല സ്ഥലങ്ങളിലും ഔദ്യോഗിക പാനലിനെ തകിടം മറിച്ചുകൊണ്ടായിരുന്നു മത്സരം കൊഴുത്തത്. ഏരിയാ കമ്മിറ്റിയിലെ പ്രമുഖരുടെ കേന്ദ്രങ്ങളായ മുന്നാട്, ബേഡകം, കുണ്ടംകുഴി എന്നീ ലോക്കല്‍ കമ്മിറ്റികളില്‍ പോലും മത്സരിക്കാന്‍ പ്രതിനിധികള്‍ രംഗത്ത് വന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

കഴിഞ്ഞദിവസം കുണ്ടംകുഴിയില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ നേതൃത്വം അവതരിപ്പിച്ച 15 അംഗ ലോക്കല്‍ കമ്മിറ്റി പാനലിനെതിരെ നാലു പേര്‍ മത്സരിച്ചു. ഇതില്‍ രണ്ട് പേര്‍ വിജയിച്ചത്. ഏരിയാ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ബി.സി ബാലകൃഷ്ണന്‍, ബി.എന്‍ സുരേഷ്, മുഹമ്മദ് മരുതടുക്കം, മോഹനന്‍ കുണ്ടംകുഴി എന്നിവരാണ് മത്സരിച്ചത്. ഇവരില്‍ മോഹനനും മുഹമ്മദും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് എ.എ മൂസ, ഇ. ബാബു എന്നിവര്‍ പുറത്തായി. ബേഡകം സമ്മേളനത്തില്‍ രണ്ടു പേര്‍ 13 അംഗ പാനലിനെതിരെ മത്സരിച്ചു. ബാലകൃഷ്ണന്‍ കുട്ടിയാനം, ഗംഗാധരന്‍ കാവലം, എന്നിവര്‍ മത്സരിച്ചതില്‍ ഗംഗാധരന്‍ വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് ബേഡഡുക്ക പഞ്ചായത്ത് ഓഫീസിലെ ജീപ്പ് ഡ്രൈവറായ രാമകൃഷ്ണന്‍ പുറത്തായി.

കഴിഞ്ഞയാഴ്ച മുന്നാട് നടന്ന സമ്മേളനത്തില്‍ ഔദ്യോഗിക പാനലില്‍ നിന്നും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മീരാചന്ദ്രന്‍, ഡിവൈഎഫ്‌ഐ നേതാവ് വാരിജാക്ഷന്‍ എന്നിവര്‍ മത്സരത്തെ തുടര്‍ന്ന് പുറത്തായി. കുറ്റിക്കോല്‍ ബന്തടുക്ക ഭാഗങ്ങളില്‍ മാത്രം നിലനിന്നിരുന്ന വിഭാഗീയതയുടെ പ്രതിഫലനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രകടമായത്. ബന്തടുക്കയിലും കുറ്റിക്കോലിലും ഉള്ളത് പോലെ രൂക്ഷമായ വികാരം ഇല്ലെങ്കിലും വഴിതെറ്റിപ്പോകുന്ന നേതാക്കള്‍ക്കെതിരായ പ്രതികരണമാണ് സമ്മേളനങ്ങളില്‍ കണ്ടത്. മുന്നാടും കുണ്ടംകുഴിയിലും ബേഡകത്തും പ്രതിനിധികള്‍ മത്സരിക്കാന്‍ രംഗത്ത് വന്നത് തന്നെ ഇതിന്റെ തെളിവാണ്.
ബേഡകം സിപിഎമ്മില്‍ പാളയത്തില്‍പട; ഏഴ് ലോക്കല്‍ സമ്മേളനങ്ങളില്‍ അഞ്ചില്‍ നടന്നത് വാശിയേറിയ മത്സരം


Keywords:  Kasaragod, Kerala, news, Kuttikol, Conference, CPM, Bedakam, Big Competitions in Bedakam CPM local conferences

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia