Join Whatsapp Group. Join now!
Aster MIMS 10/10/2023

കുരുന്നുകള്‍ക്ക് ആവേശമായി പ്രവേശനോത്സവം

കുരുന്നുകള്‍ക്ക് ആവേശമായി സ്‌കൂളുകളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. വ്യത്യസ്ത Kerala, kasaragod, Education, Admission, school, Celebration, news, Clubs, MSF, Praveshanotsavam conducted
കാസര്‍കോട്: (www.kasargodvartha.com 01.06.2017) കുരുന്നുകള്‍ക്ക് ആവേശമായി സ്‌കൂളുകളില്‍ വര്‍ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. വ്യത്യസ്ത വര്‍ണങ്ങളോടെയുള്ള തൊപ്പികളും കളിപ്പാട്ടങ്ങളാലുള്ള മുഖം മൂടികളുമണിഞ്ഞ വിദ്യാര്‍ത്ഥികളെ ഘോഷയാത്രയോടെയാണ് സ്‌കൂളുകളില്‍ വരവേറ്റത്.

കുട്ടികള്‍ക്ക് മധുര വിതരണവും നടത്തി. ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ജി ജെ ബി എസ് പേരാലില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന്റെ അധ്യക്ഷത വഹിച്ചു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ കെ ജീവന്‍ ബാബു മുഖ്യാതിഥിയായി.



പൊടിമക്കള്‍ അക്ഷരതൊപ്പി ചൂടി ചടങ്ങിന് മാറ്റുകൂട്ടി; പട്‌ള സ്‌കൂള്‍ പ്രവേശനോത്സവം ഉമ്മമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

അസ്ലം മാവില 

വേനലവധി കഴിഞ്ഞ് കുട്ടികള്‍ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അവര്‍ക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്. അധ്യാപകര്‍ പലരും തിരക്കിലാണ്, പി ടി എ ഭാരവാഹികളും. അവര്‍ക്ക് സ്‌കൂള്‍ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കള്‍ക്കും സൗകര്യമൊരുക്കണം.

പ്രീസ്‌കൂളിലെത്തിയ 35 മക്കള്‍, ഒന്നിലേക്ക് വന്ന 55 കുട്ടികള്‍, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടക നേതൃത്വം ഏറ്റെടുത്ത് റാണി ടീച്ചറും നാരായണന്‍ മാഷും സൈദും സി എച്ചും പിടി മാഷും, അവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും.  പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ് ഷീറ്റ് കൊണ്ട് തണല്‍ വിരിച്ച സ്‌കൂളങ്കണത്തിലെ കസേരകള്‍ കൈവശപ്പെടുത്തിയത്. ആണുങ്ങള്‍ പതുക്കെപ്പതുക്കെ വന്നുനിറയാന്‍ തുടങ്ങി.

പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവര്‍ക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതര്‍. അതിനിടയില്‍ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകള്‍ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്‌കൂള്‍ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവര്‍ക്ക് തല കാട്ടിക്കൊടുത്തു.

പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തില്‍ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണന്‍ മാഷുമെത്തി. ജില്ലാ ഡിവിഷന്‍ മെമ്പര്‍ മുംതാസാണ് ഉദ്ഘാടക. അധ്യക്ഷന്‍ സൈദ്. വാര്‍ഡ് മെമ്പര്‍ മജീദ്, സി എച്ച് അബ്ദുബക്കര്‍, എച്ച് കെ മാഷ്, അസ്ലം മാവില തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകള്‍ക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളില്‍.

മധുരം നല്‍കുന്ന തിരക്കായി പിന്നെ. ലഡുവും ഈന്തപ്പഴവുമടങ്ങിയ പാക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. പ്രീസ്‌കൂള്‍, ഒന്നാം ക്ലാസ് കുട്ടികള്‍ക്കുളള പി ടി എയുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണോദ്്ഘാടനങ്ങള്‍ അതേ വേദിയില്‍ വെച്ച് തന്നെ നടന്നു.

ഈസ്റ്റ് ലൈന്‍ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായുളള ടൂള്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അതിന്റെ ഭാരവാഹികള്‍ സ്‌കൂളധികൃതരെ ഏല്‍പിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സക്കിനയും പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കറും വേദിയില്‍ സന്നിഹിതരായിരുന്നു.

''ഒത്തൊരുമിച്ചാല്‍
മലയും പോരും
ഒത്തില്ലെങ്കില്‍
മലര്‍ന്നു വീഴും
ഒത്താലൊത്തതുതന്നെ''

അക്ഷരക്കൂട് തലയില്‍ ചൂടിയ കുട്ടികള്‍ ആ ഈരടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തില്‍ ഉറക്കെ ചൊല്ലി. അതോടെ വര്‍ണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി. പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തില്‍ ഏല്‍പിച്ച് മാതാപിതാക്കള്‍  സ്‌കൂള്‍ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കള്‍ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തില്‍ നിന്ന് മാറിയിരുന്നില്ല.



പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു വരുന്നു: എം എ  റഹ് മാന്‍; ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം

കാസര്‍കോട്: നമ്മുടെ വരും തലമുറയ്ക്ക് ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന രീതിയില്‍ പൊതു വിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് എഴുത്തുകാരന്‍ പ്രൊഫ: എം എ റഹ് മാന്‍ പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ന്ന പല കുട്ടികളും ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം.

പൊതു വിദ്യാഭ്യാസത്തോടൊപ്പം കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ നീങ്ങാന്‍ ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂളിന്റെ ആന്തരികവും ഭൗതികവുമായ പശ്ചാത്തല വികസനം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂം ബേക്കല്‍ എ ഇ ഒ സീനിയര്‍ സുപ്രണ്ട് നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുള്ള കുട മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കാപ്പില്‍ കെ ബി എം ഷെരീഫ്, പുസ്തകം പിടിഎ വൈസ് പ്രസിഡണ്ട് ഷംസുദ്ധീന്‍ ബങ്കണ എന്നിവര്‍ വിതരണം ചെയ്തു.

എല്‍ എസ് എസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരം റിട്ട. ഹെഡ്മാസ്റ്റര്‍ എം ശ്രീധരന്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നഫീസ പാക്യാര, പിടിഎ വൈസ് പ്രസിഡണ്ട് ഷെരീഫ് എരോല്‍, ഹംസ ദേളി, പി സുജിത്ത് പ്രസംഗിച്ചു.



കരിവെള്ളൂര്‍ മാന്യഗുരു സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കരിവെള്ളൂര്‍: 134-ാം വര്‍ഷത്തിലേക്ക് കടന്ന കരിവെള്ളൂര്‍ മാന്യഗുരു അപ്പര്‍ പ്രൈമറി സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം അധ്യാപക അവാര്‍ഡ് ജേതാവും ചൈല്‍ഡ് ലൈന്‍ ഡയരക്ടറുമായ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി ആര്‍ പൊന്നമ്മ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ എം ഗംഗാധരന്‍ പഠനോപകരണ വിതരണം നടത്തി. പി ടി എ മെമ്പര്‍ സി അജയകുമാര്‍, മദര്‍ പി ടി എ പ്രസിഡന്റ് ലൈജു എ വി എന്നിവര്‍ സംസാരിച്ചു. കലാപരിപാടിയും, പായസ വിതരണവും ഉണ്ടായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഒ ടി ഖദീജ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പ്രവീണ്‍ നന്ദിയും പറഞ്ഞു.



പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം

ഉദുമ: പനയാല്‍ നെല്ലിയെടുക്കം ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടിയില്‍ പിടിഎ പ്രസിഡന്റ് മനമോഹന അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം പി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ വാസുദേവ പനയാല്‍, വൈസ് ചെയര്‍മാന്‍മാരായ എന്‍ അച്ചുതന്‍, ശാന്തയ്യ, വസന്ത നെല്ലിയടുക്കം, രാജന്‍ ചന്ദ്രപുരം, അഡ്വ. മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് വൈ കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ബട്ടത്തൂര്‍ വിട്ടോഭ ഫ്രണ്ട്‌സ് ക്ലബ്ബ്, രഞ്ജിനി കളിങ്ങോത്ത്, വീര കേസരി ക്ലബ്ബ്, വ്യക്തികള്‍ വിവധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് പായസവിതരണവും നടത്തി. പ്രധാനധ്യാപിക വി വി നാരായണി സ്വാഗതവും ഭാരതി നന്ദിയും പറഞ്ഞു.



ജി എല്‍ പി ചന്ദ്രഗിരി സ്‌കൂളില്‍ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി ചന്ദ്രഗിരി ക്ലബ്ബ്

മേല്‍പ്പറമ്പ്: ചന്ദ്രഗിരി ഗവ. എല്‍ പി സ്‌ക്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കലാ കായിക സംസ്‌കാരിക മേഖലകളില്‍ നിറ സാന്നിന്ത്യമായ ചന്ദ്രഗിരി ക്ലബ്ലിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികള്‍ക്ക് കുടയും, ബാഗും, പെന്‍സിലും നല്‍കിയാണ് ചന്ദ്രഗിരി ക്ലബ്ബ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്.

സ്‌കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ മാക്കോട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡന്റ ഖാദര്‍ ചട്ടഞ്ചാല്‍ നിര്‍വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് അബ്ദുര്‍ റസാഖ്് അധ്യക്ഷത വഹിച്ചു. ബി കെ മുഹമ്മദ് ഷാ, റഫീഖ്് മണിയങ്കാനം, എച്ച് കമലാക്ഷ, ശിവതമ, നാസര്‍ ഡീഗോ, ഫസല്‍ എച്ച് എന്നിവര്‍ ആശംസ നേര്‍ന്നു. അധ്യാപകന്‍ സുധീര്‍ സ്വാഗതവും പ്രധാനധ്യാപിക വനജ പി നന്ദിയും പറഞ്ഞു.



ആലൂര്‍ എം ജി എല്‍ സിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുളിയാര്‍: ആലൂര്‍ മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററിന്റെ പ്രവേശനോത്സവം ആലൂര്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലൂര്‍ എം ജി എല്‍ സിയില്‍ വെച്ച് നടന്നു. ആലൂര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് എ ടി അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എ ടി മുഹമ്മദ്, എ ടി അബു എന്നിവര്‍ പ്രസംഗിച്ചു.

സൗജന്യ യുണിഫോം വിതരണം ജമാത്തത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബഷീര്‍ കടവില്‍, ആലൂര്‍ യു എ ഇ സമസ്ത കമ്മിറ്റി നല്‍കുന്ന സൗജന്യ പഠനോപകരണങ്ങള്‍ സമസ്ത ആലൂര്‍ യു എ ഇ പ്രസിഡന്റ് ഉമ്മര്‍ ഹാജി വിതരണം ചെയ്തു. എ അസീസ് ആലൂര്‍, ടി കെ അസ്ലം, സമസ്ത യു എ ഇ പ്രതിനിധി അബ്ദുല്ല ആലൂര്‍, അസീസ് എം എ, അഹമ്മദ് മുലയില്‍, എ ആമു, മുഹമ്മദ് കുഞ്ഞി മീത്തല്‍ (എസ് എസ് എഫ്), ഖാദര്‍ മൈ കൂയി, മസൂദ് മിത്തല്‍, ഹസ്സന്‍, എം ജി എല്‍ സി അധ്യാപിക മിസ്രിയ്യ, മദര്‍ പി ടി എ വൈസ് പ്രസിഡണ്ട് അസ്രിഫ അബ്ദുല്ല, സമീറ അസ്ലം എന്നിവര്‍ സംബന്ധിച്ചു. ഇസ്മാഈല്‍ മാസ്റ്റര്‍ സ്വാഗതവും നോനാബി ടീച്ചര്‍ നന്ദിയും പറഞ്ഞു.



ആവേശമായി എംഎസ്എഫ് പ്രവേശനോത്സവം

കൊല്ലംബാടി: പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി കാസര്‍കോട് മുനിസിപ്പല്‍ എംഎസ്എഫ് പ്രവേശനോത്സവം. പുതിയ പ്രഭാതം പുതിയ പ്രതീക്ഷകള്‍ എന്ന പ്രമേയത്തില്‍ കൊല്ലംബാടി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി പിടിഎ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലംബാടി ഉദ്ഘാടനം ചെയ്തു.

എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സിഐഎ ഹമീദ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ എച്ച് എം റജുല പി പിക്ക് കൈമാറി. നൗഫല്‍ , പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ജനറല്‍ സെക്രട്ടറി ഖലീല്‍ അബൂബക്കര്‍, ഹസൈനാര്‍ താനിയത്ത്, മഹ്‌റൂഫ് കൊല്ലംബാടി, ഇല്ല്യാസ് കൊല്ലംബാടി, ഷഫീഖ് തുരുത്തി, ബാസില്‍ എന്നിവര്‍ സംബന്ധിച്ചു.



ബിരിച്ചേരി ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം

തൃക്കരിപ്പൂര്‍: എംഎസ്എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റിയുടെ നേതൃത്തത്തില്‍ ബിരിച്ചേരി ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ പഠനോപകരണങ്ങളും മധുരവും സമ്മാനങ്ങളും നല്‍കി വരവേറ്റു.

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വിപിപി ശുഹൈബ്, എംഎസ്എഫ് ജില്ലാ കമ്മറ്റി അംഗം മര്‍സൂഖ് റഹ് മാന്‍, എന്‍ പി ആരിഫ്, പി കെ പ്രേമലത ടീച്ചര്‍, അനില്‍കുമാര്‍, കെ രമേശ്, വി പി അസ്ഹര്‍, വി പി മഷൂദ്, ശമ്മാസ് സലാം തുടങ്ങിയവര്‍ നേതൃതം നല്‍കി.



Keywords: Kerala, kasaragod, Education, Admission, school, Celebration, news, Clubs, MSF, Praveshanotsavam conducted