പാളത്തില്‍ കുഴി; മലബാര്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടു; ഗ്യാങ്ങ്മാന്റെ അവസരോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം; ട്രെയിനുകള്‍ വൈകും
Apr 7, 2017, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.04.2017) പാളത്തില്‍ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന മലബാര്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടു. വെള്ളിയാഴ്ച രാവിലെ 9.15 മണിയോടെയാണ് കാഞ്ഞങ്ങാട് രെയിൽ വെ സ്റ്റേഷനു സമീപം മഡിയനും ചിത്താരിക്കുമിടയില്‍ റെയില്‍പാളത്തില്‍ കുഴി കണ്ടെത്തിയത്. രണ്ട് പാളങ്ങളെയും ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലുള്ള കുഴി ഗ്യാങ്ങ്മാന്റെ പരിശോധനയിലാണ് ശ്രദ്ധയില്‍പ്പെട്ടത്.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ മണ്ണ് കുത്തിയൊലിച്ചാണ് കുഴി രൂപപ്പെട്ടതെന്ന് സംശയിക്കുന്നു. മലബാര്‍ എക്സ്പ്രസ് വരുന്നുണ്ടെന്ന വിവരം ലഭിച്ച ഗ്യാങ്ങ്മാന്‍ കുറേ ദൂരം ഓടുകയും ചുവന്ന കൊടി വീശുകയും ചെയ്തു. ഇതേ തുടര്‍ന്ന് 300 മീറ്റര്‍ ദൂരം വണ്ടിനിര്‍ത്തി.
ഗ്യാങ്ങ്മാനെയും കയറ്റി വണ്ടി വേഗത കുറച്ച് കുഴിക്ക് സമീപം എത്തിയെങ്കിലും മുന്നോട്ട് കടന്നുപോകാനാകില്ലെന്ന് വ്യക്തമായതോടെ അവിടെ നിര്‍ത്തിയിട്ടു. രാവിലെ ഓഫീസിലേക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും പോവുകയായിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായി. ട്രെയിന്‍ ഇപ്പോഴും നിര്‍ത്തിയിട്ട നിലയിലാണ്. കുഴി നികത്തി പൂര്‍വ്വസ്ഥിതിയിലാക്കിയ ശേഷമേ ട്രെയിന്‍ യാത്ര തുടരുകയുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Railway-track, Rain, Train, Pit, Malabar express, Red flag, Gang man, Passengers, Land slide under railway track; Trains may delay.










