city-gold-ad-for-blogger
Aster MIMS 10/10/2023

ആ അധ്യാപകന്റെ ജീവനെടുത്ത് അവരെന്ത് നേടി?

അസ്‌ലം മാവില

(www.kasargodvartha.com 21.03.2017) അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ ഒരു മനുഷ്യ ജീവനെയാണ് കഴിഞ്ഞദിവസം രാത്രി സാമൂഹ്യദ്രോഹികള്‍ എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്. ആ അധ്യാപകന്റെ ജീവനെടുത്ത് എന്തിവര്‍ നേടി? എന്ത് നേടാനാണ് ശ്രമിക്കുന്നത്? വല്ല മെച്ചമുണ്ടായോ? മനസ്സമാധാനം നഷ്ടപ്പെടുത്താനല്ലാതെ! ഒരു പ്രദേശം മുഴുവന്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്താനല്ലാതെ, ഇനിയൊരിക്കലുമൊരു സംഘര്‍ഷമുണ്ടാകില്ലെന്ന് കരുതിയ അമ്മമാരുടെ, കുഞ്ഞുകുട്ടികളുടെ മനസ്സില്‍ ആശങ്കയുടെ വിത്ത് പാകാനല്ലാതെ!

കൊലനടത്തിയവര്‍ ഇരുളില്‍ ഒളിച്ചുകഴിഞ്ഞു, അവര്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനിയുമാലോചിക്കുന്നുണ്ടാകും. അവരെ വലവിരിച്ചു ക്രമസമാധാന പാലകരും അവരുടെ കൃത്യ നിര്‍വ്വഹണം നടത്തുന്നുമുണ്ടാകും. നിയമത്തിലും നിയമപാലകരിലും നമുക്ക് വിശ്വാസമര്‍പ്പിക്കാം. ക്രൂരകൃത്യം നടത്തിയവരും അവരുടെ ചെവിയിലോതിയവരും എത്രയും പെട്ടെന്ന് പോലീസ് പിടിയിലാകുമെന്നും കരുതാം.

ആ അധ്യാപകന്റെ ജീവനെടുത്ത് അവരെന്ത് നേടി?

ആരുടെ അക്കൗണ്ടിലാണ് ഇത്തരം ദാരുണ കൊലപാതകങ്ങള്‍ വരവ് വെക്കുന്നത്? 'മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരരുമെല്ലാം ഈ കൊലപാതകികള്‍ക്കുമുണ്ടാകുമല്ലോ. ഒരു കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളും അവസാനത്തെ അത്താണിയുമാണല്ലോ ഈ ക്രൂരര്‍ ഇല്ലാതാക്കുന്നത്? വീട്ടിലേക്ക് തിരിച്ചുവരുമെന്ന് കാത്തിരിക്കുന്ന പൊന്നുമക്കളോടും ഭാര്യയോടും കുടുംബത്തോടും എന്ത് മറുപടി കൊണ്ടാണ് അയല്‍ക്കാര്‍ മുഖം കാണിക്കേണ്ടത്? ഇരുട്ടിന്റെ മറവില്‍, ആര്‍ക്കോ വേണ്ടി അശാന്തി വിതറാനായി സായുധരായി വാതില്‍ മുട്ടുന്നവര്‍ എപ്പോഴാണ് മാറിചിന്തിക്കുക?

മനുഷ്യത്വം മരവിച്ചവരേ, നിങ്ങള്‍ ആരെക്കൊന്നാലും നിങ്ങളോടൊപ്പം ആഹ്ലാദം പങ്കിടാന്‍ ഇവിടെ ആരുമുണ്ടാകില്ല. കാരുണ്യം വറ്റിയില്ലാതായ ഭാഗ്യംകെട്ട മനുഷ്യരുമല്ല ഇവിടെയുള്ള ബഹുഭൂരിഭാഗവും. വേദനകൊണ്ട് ജീവന് വേണ്ടി കെഞ്ചിയ ഒരു പച്ചമനുഷ്യന്റെ, ആ കുടുംബനാഥന്റെ, മുഖം നിങ്ങള്‍ക്കൊരു തിരിച്ചറിവുണ്ടാകുന്നത് ഊണിലുമുറക്കിലും കണ്മുന്നില്‍ തന്നെയുണ്ടാകും, ഉണ്ടാകട്ടെ.

ജാതി, മതം, ഭാഷ, വര്‍ണ്ണം, വര്‍ഗ്ഗം എന്നിങ്ങനെ കാസര്‍കോടിന് ഒരു പാട് വൈവിധ്യങ്ങള്‍ പറയാനുണ്ടായിരുന്നു. മറ്റൊരിടത്തുമില്ലാത്ത സര്‍പ്ലസ് ബഹുത്വസമൂഹമുള്‍ക്കൊള്ളുന്ന പ്രദേശം കൂടിയാണ് കാസര്‍കോട്. അതിന്റെ നെഞ്ചകമാണ് ഈ രക്തരക്ഷസ്സുകള്‍ ഇത്തരം നികൃഷ്ട വൃത്തിയില്‍ കൂടി പിളര്‍ക്കുന്നത്.

ആ അധ്യാപകന്റെ ജീവനെടുത്ത് അവരെന്ത് നേടി?

ജില്ലയുടെ മറ്റെങ്ങുമില്ലാത്ത ഒരു തരം അസഹിഷ്ണുത എന്ത് കൊണ്ടാണ് ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്നുവെന്നതും സാമൂഹ്യ നിരീക്ഷകരും പഠിക്കണം. ജില്ലാ പോലീസ് ആസ്ഥാനം വളരെ അടുത്ത്. ആംഡ് പോലീസ് വിളിപ്പാടകലെ. ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ നാട്ടില്‍ എത്തുന്നതിനും ആഴ്ചകള്‍ മുമ്പ് തന്നെ കടകള്‍ക്കും കവലകള്‍ക്കും മുമ്പിലായി ജാഗ്രതയുടെ ഭാഗമായി ഒന്നിലധികം പോലീസുകാരേയും കാണാറുമുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം അരുതാത്തത് ഒന്നും കാണാത്തപ്പോള്‍ സമാധാനപ്രേമികള്‍ മനസ്സ് നിറഞ്ഞു സന്തോഷിച്ചുപോയി! പ്രതാപകാലത്തെ തലയെടുപ്പോടെ നമ്മുടെ നാടും സംഘര്‍ഷ രഹിതമായെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായി. ആദാനപ്രദാനങ്ങള്‍ അതിന്റെ നല്ലവ്യയാമത്തിലേര്‍പ്പെട്ടുതുടങ്ങി. ജനജീവിതം സാധാരണ നിലയിലായി. അതിനനുസരിച്ചു കമ്പോളവും ഉണര്‍ന്നു. ഓണവും വിഷുവും പെരുന്നാളും നാട്ടുത്സവങ്ങളുമെല്ലാം എത്ര ഭംഗിയായാണ് നടന്നുപോയത്!

നമ്മുടെ പ്രദേശങ്ങള്‍ നന്നായികാണാന്‍ ആഗ്രഹമില്ലാത്തവര്‍ തന്നെയായിരിക്കണം കഴിഞ്ഞ ദിവസം രാത്രി നടന്ന ക്രൂരകൃത്യത്തിന് പിന്നില്‍.  പുറം നാട്ടില്‍ നിന്ന് വന്നു അധ്യാപക ജോലിയില്‍ ഏര്‍പ്പെട്ട ഒരു മനുഷ്യനെയാണ് ''കുരുതി'' ചെയ്യാന്‍ ആ ഛിദ്രശക്തികള്‍ ഇക്കുറി നറുക്കിട്ടത്. ശാന്തിയും സമാധാനവും വിശ്വാസ്യതയും സുരക്ഷിതാവസ്ഥയും ഇല്ലാത്ത കാസര്‍കോടാണോ അവരുടെ ലക്ഷ്യം?

അതാണവരുടെ ലക്ഷ്യമെങ്കില്‍ അതിന്റെ പിന്നിലെ വേറെയും അജണ്ടകള്‍ ഉണ്ടായിരിക്കണം. അവ തിരിച്ചറിയാന്‍ കൈമെയ് മറന്നൊന്നിക്കാന്‍ എല്ലാവരും ഒന്നാകണം. അവിടെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വീക്ഷണ വ്യത്യാസങ്ങള്‍ ഒരിക്കലും വിലങ്ങു തടിയാകരുത്.

കഴിഞ്ഞ ദിവസം വരെ ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്ന സാധാരണക്കാര്‍ക്കാണ് ഇനി ഏറ്റവും വലിയ ഉത്തരവാദിത്തം. പരസ്പര വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഒന്നിലേക്കും ഒരാലോചനയും പോകരുത്. എങ്ങനെ ഇതുവരെ അയല്‍പക്കങ്ങളെ അരികില്‍ ചേര്‍ത്ത് നിര്‍ത്തിയോ അത്‌പോലെ ഇനിയുമുണ്ടാകണം. കണ്ണിമയില്‍ പോലും കരട് വീഴരുത്.

ക്ഷമ എന്നുമൊരു പരിചയാകട്ടെ, പരസ്പര വിശ്വാസം നമ്മില്‍ നിന്നും കടലെടുക്കാതിരിക്കട്ടെ, സ്‌നേഹവും സൗഹൃദവും കൊണ്ടുകൊടുക്കലുകളും നമുക്കെല്ലാവര്‍ക്കും എന്നുമെന്നും നിലനില്‍ക്കട്ടെ.

Keywords:  Article, Aslam Mavile, Murder, Choori, Police, Clash, Kasargod, Kerala, Riyas Moulavi, Masjid

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL