city-gold-ad-for-blogger

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 09.11.2016) കാസര്‍കോട്ടെ ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണ(45)നെതിരെ സുള്ള്യയില്‍ കേസെടുത്ത സംഭവത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ മൂന്ന് അഭിഭാഷകരെ കാസര്‍കോട് പോലീസ് ചോദ്യം ചെയ്യും.

സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോ റിക്ഷ ഡ്രൈവറെയും കൈയ്യേറ്റം ചെയ്യുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണനെതിരെ സുള്ള്യ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുള്ള്യ ടൗണില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.

സുള്ള്യ ടൗണിലെത്തിയ ഉണ്ണിക്കൃഷ്ണന്‍ ഓട്ടോ റിക്ഷാ ഡ്രൈവറോട് കയര്‍ക്കുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരനെ അക്രമിക്കുകയും ചെയ്തുവെന്നാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മജിസ്‌ട്രേറ്റ് സഹകരിച്ചില്ലെന്നും തുടര്‍ന്ന് ബലം പ്രയോഗിച്ച് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് സുള്ള്യ പോലീസിന്റെ ഭാഷ്യം.

ഓട്ടോ ഡ്രൈവര്‍ അബൂബക്കറിനെ തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിച്ചതിനും സ്ഥലത്തെത്തിയ സുള്ള്യ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുജിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതേ സമയം മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. മജിസ്‌ട്രേറ്റ് ഡ്യൂട്ടിയിലുള്ളയാള്‍ ഉദ്യോഗ പരിധിയിലുള്ള പ്രദേശത്ത് നിന്നും പുറത്ത് പോകുന്നതിന് മുമ്പ് ജില്ലാ ജഡ്ജിയുടെ അനുവാദം വാങ്ങണമെന്ന ചട്ടവും സംസ്ഥാനം വിട്ട് പോകണമെങ്കില്‍ ഹൈക്കോടതിയുടെ അനുവാദം വാങ്ങണമെന്ന നിയമവും  ലംഘിക്കപ്പെട്ടൂവെന്ന കുറ്റത്തിനാണ് ഉണ്ണിക്കൃഷ്ണനെ കേരളാ ഹൈക്കോടതി രജിസ്ട്രാര്‍ സസ്‌പെന്റ് ചെയ്തത്.

സുള്ള്യ പോലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മര്‍ദ്ദിച്ചുവെന്നും ശീതള പാനീയത്തില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചുവെന്നും സുള്ള്യ പോലീസിനെതിരെ മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണന്‍ കാസര്‍കോട് പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത് വന്നതിന് ശേഷം ഏറെ ദുഖിതനായി ഔദ്യോഗിക വസതിയില്‍ കഴിഞ്ഞിരുന്ന ഉണ്ണിക്കൃഷ്ണനെ ബുധനാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മജിസ്‌ട്രേറ്റ് ഉണ്ണിക്കൃഷ്ണനെതിരെ സുള്ള്യ പോലീസ് കേസെടുത്തത് മുതല്‍ ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മജിസ്‌ട്രേറ്റിനോടൊപ്പം സുള്ള്യയില്‍ അവധി ദിനം ആഘോഷിക്കാനെത്തിയ അഭിഭാഷകരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് സൂചിപ്പിച്ചു. തൃശൂര്‍ മുല്ലച്ചേരി സ്വദേശിയായ മജിസ്‌ട്രേറ്റ് വി കെ ഉണ്ണിക്കൃഷ്ണന്‍ കോഴിക്കോട് ലോ കോളജിലാണ് നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ മജിസ്‌ട്രേറ്റായും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് മുമ്പ് കുറച്ചുകാലം കണ്ണൂരിലും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സേവനമനുഷ്ടിച്ചിരുന്നു.

മജിസ്‌ട്രേറ്റിനോടൊപ്പമുണ്ടായിരുന്ന അഭിഭാഷകരെ പോലീസ് ചോദ്യം ചെയ്യും

Keywords:  kasaragod, Kerala, suicide, Sullia, Karnataka, Police, case, Auto Driver, Assault, Magistrate, Unnikrishnan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia