കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ നടക്കുന്ന നീക്കം ഡി സി സിയുടെ അറിവോടെ: എല്‍ ഡി എഫ്
Nov 29, 2016, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 29/11/2016) കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം ബി ജെ പിയുടെ സഹായത്തോടെ പിടിച്ചെടുക്കാനുള്ള നീക്കത്തിന് ഡി സി സി നേതൃത്വം ഒത്താശ നല്‍കുകയാണെന്നും അവിശ്വാസപ്രമേയം കൊണ്ടുവന്ന കോണ്‍ഗ്രസ് ജനങ്ങളോട് ഇതുസംബന്ധിച്ച് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും എല്‍ ഡി എഫ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് കമ്മിറ്റി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഡി സി സിക്കെതിരെ എല്‍ ഡി എഫ് നേതാക്കള്‍ ആഞ്ഞടിച്ചത്. ഒരുവര്‍ഷം മുമ്പ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബി ജെ പിയെ വൈസ് പ്രസിഡന്റാക്കാന്‍ സഹായിച്ച യു ഡി എഫ് അംഗങ്ങള്‍ അതിന് പ്രത്യുപകാരമായി ബി ജെ പിയുടെ സഹായത്തോടെ നിലവിലുള്ള എല്‍ ഡി എഫ് അംഗമായ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി പ്രസിഡന്റ് സ്ഥാനം നേടാനുള്ള ശ്രമമാണ് നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയായാണ് എല്‍ ഡി എഫ് അംഗമായ പ്രസിഡന്റിനെതിരെ ഭൂരിപക്ഷമില്ലാതിരുന്നിട്ടും യു ഡി എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അവിശ്വാസം പാസാകണമെങ്കില്‍ ബി ജെ പിയുടെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. അവിശ്വാസം പാസായല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞ വര്ഷമുണ്ടാക്കിയ അവിശുദ്ധസഖ്യം തുടരാനാണ് നീക്കം നടത്തുന്നത്. ആറുമാസം മുമ്പ് തന്നെ അവിശ്വാസത്തിന് നീക്കം നടത്തിയിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യു ഡി എഫ് അംഗങ്ങള്‍ക്കിടയിലുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിനയത്തിനെതിരെ നിലപാടെടുത്തതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് പത്രപ്രസ്താവന ഇറക്കിയിരുന്നു. അന്ന് സംസ്ഥാനവ്യാപകമായി ഈ അവിശുദ്ധ കൂട്ടുകെട്ട് ചര്‍ച്ചയായപ്പോള്‍ കെ പി സി സി പ്രസിഡന്റും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനായി മാധ്യമങ്ങളിലൂടെ പ്രസ്താവനയിറക്കി എന്നല്ലാതെ യാതൊരു വിധ അച്ചടക്കനടപടിയും ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ് നയത്തിനെതിരെ നിലപാട് സ്വീകരിച്ചതിന് ഇവരോട് അംഗത്വം രാജിവെക്കാന്‍ നാളിതുവരെ ആവശ്യപ്പെടുകയോ വിപ്പ് ലംഘച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്കി അംഗത്വം റദ്ദാക്കാന്‍ അപേക്ഷ സമര്പ്പക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍ ഡി എഫ് ആരോപിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡില്‍ ഏഴ് വാര്‍ഡ് എല്‍ ഡി എഫിനാണ്. നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനും ഒരു ആര് എസ് പി അംഗവുമുള്‍പ്പെടെ ആറുപേരാണ് യു ഡി എഫിനുള്ളത്. ബി ജെ പിക്ക് മൂന്നംഗങ്ങളുണ്ട്. നിലവില്‍ കുറ്റിക്കോല്‍ പഞ്ചായത്തിന് അംഗങ്ങളില്ലെന്ന് പ്രസ്താവനയിറക്കിയ മണ്ഡലം പ്രസിഡണ്ട് തന്നെയാണ് ഈ അവിശുദ്ധസഖ്യത്തിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസില്‍ ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ മണ്ഡലം പ്രസിഡന്റ് നേരിട്ടിടപെട്ടാണ് അവരെക്കൊണ്ട് ഒപ്പിടുവിച്ചതെന്ന് എല്‍ ഡി എഫ് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സി പി എം ബേഡകം ഏരിയാസെക്രട്ടറി സി ബാലന്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ലക്ഷ്മി, എ ഗോപാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kuttikol Panchayath Issue, Panchayath, Kasaragod, Kerala, President, LDF, UDF< BJP, DCC, LDF against DCC on Kuttikol Panchayath issue







