city-gold-ad-for-blogger

'ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി': നടന്‍ ജോയ് മാത്യുവിന്റെ അനുഭവക്കുറിപ്പുകളായ 'പൂനാരങ്ങ'യില്‍ ജ്വലിച്ച് നിന്ന് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍

ഷാര്‍ജ: (www.kasargodvartha.com 17.11.2016) മലയാള ചലച്ചിത്ര നടനും സംവിധായകനും മുന്‍ പ്രവാസി മാധ്യമപ്രവര്‍ത്തകനുമായ ജോയ് മാത്യുവിന്റെ ഓര്‍മക്കുറിപ്പുകളായ 'പൂനാരങ്ങ'യെ വ്യത്യസ്തമാക്കുന്നത് എരിയാല്‍ സ്വദേശി ഇബ്രാഹിമിന്റെ കഥയാണ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ പുസ്തകങ്ങളിലൊന്നായ പൂനാരങ്ങയിലെ ഒരു അധ്യായം പ്രവാസിയായ കാസര്‍കോട് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കലിനെക്കുറിച്ചാണ്.

'ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി' എന്നാണ് ജോയ് മാത്യു ഈ ലേഖനത്തിന് നല്‍കിയിരിക്കുന്ന പേര്. ജോയ് മാത്യുവിന് ഇബ്രാഹിമുമായുള്ള ആത്മബന്ധമാണ് ലേഖനത്തിന്റെ ഉള്ളടക്കം. ''എന്റെ ഗുരുനാഥനും പരിസ്ഥിതി പ്രവര്‍ത്തകനും സുഹൃത്തും ഒക്കെയായ ശോഭീന്ദ്രന്‍ മാഷ് ദുബൈയില്‍ വന്ന സമയം. എന്റെ ചങ്ങായിമാരെപ്പറ്റി ചോദിച്ചപ്പോള്‍ എനിക്ക് കാണിക്കാന്‍ തോന്നിയത് ഇബ്രായിയെ. മാഷിനും ഇഷ്ടമായി ഇബ്രായിയെ.. ആര്‍ക്കും ഇഷ്ടമാകും ഇബ്രായിയെ.. അതാണ് ഇബ്രായി എന്ന് ഞാന്‍ വിളിക്കുന്ന ഇബ്രാഹിം..'' ഇങ്ങനെയാണ് ജോയ് മാത്യു ഇബ്രാഹിമിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. എന്റെ ചങ്ങാതി ഇബ്രാഹിം സാഹിത്യകാരനോ ബുദ്ധിജീവിയോ അല്ലെന്നും ജോയ് മാത്യു പറയുന്നു.

ദെയ്‌റ നായിഫില്‍ താമസിക്കുന്ന, ഇലക്ട്രീഷ്യനായ ഇബ്രാഹിമിന്റെ കൊച്ചുമുറിയില്‍ ജോയ് മാത്യു നിത്യസന്ദര്‍ശകനായിരുന്നു. പുരാവസ്തുക്കളും അപൂര്‍വ വസ്തുക്കളും സ്റ്റാമ്പുകളും കറന്‍സികളുമൊക്കെ ശേഖരിക്കുന്ന ഇബ്രാഹിമിന്റെ 'സമ്പത്ത്' കണ്ട് താന്‍ ഞെട്ടിയെന്നും പുസ്തകത്തില്‍ പറയുന്നു. ദുബായില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ സാദിഖ് കാവിലാണ് തനിക്ക് ഇബ്രായിയെ പരിചയപ്പെടുത്തിയത് എന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് ഇബ്രാഹിമുമായുള്ള തന്റെ ബന്ധം വിശദമായി വിവരിക്കുന്നു.

ആര്‍ക്കും സഹായം ചെയ്യാന്‍ മടിക്കാത്ത ഇബ്രാഹിം തന്റെ ജീവിതത്തില്‍ എങ്ങനെ പ്രധാന കഥാപാത്രമായി എന്ന് 'ഷട്ടര്‍' എന്ന ചിത്രത്തിലൂടെ ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയ മികച്ച നാടക രചയിതാവും നടനും കൂടിയായ ജോയ് മാത്യു വിശദീകരിക്കുന്നു. എത്ര പറഞ്ഞാലും തീരില്ല ഇബ്രായിയുടെ ജീവിത കഥ എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇബ്രാഹിമിന്റെ ഒരു ചിത്രവും പുസ്തകത്തിലുണ്ട്.

അന്തരിച്ച സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സമാന്തര ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചുകൊണ്ടാണ് ജോയ് മാത്യു സിനിമാ രംഗത്ത് പ്രവേശിച്ചത്. പിന്നീട്, ഉപജീവനാര്‍ത്ഥം ദുബൈയിലെത്തി ഏറെ കാലം മാധ്യമപ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് ഷട്ടര്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തമിഴ്, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഷട്ടര്‍ റി മേയ്ക്ക് ചെയ്യപ്പെട്ടു. പിന്നെ, മലയാള സിനിമയില്‍ ജോയ് മാത്യുവിന്റെ കാലമായിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. അന്നയും റസൂലും, ആമേന്‍, നീലാകാശാം പച്ചക്കടല്‍ ചുവന്നഭൂമി, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, നടന്‍, 1983, പത്തേമാരി, ചാര്‍ളി തുടങ്ങിയവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജോയ് മാത്യു ചിത്രങ്ങളാണ്.

പൂനാരങ്ങ വാങ്ങിക്കാന്‍ വേണ്ടി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെത്തിയ ഇബ്രാഹിമിനെ പുസ്തകം പ്രസിദ്ധീകരിച്ചവര്‍ തിരിച്ചറിയുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പുസ്തകത്തിന്റെ വില കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ സമ്മാനമായി നല്‍കുകയായിരുന്നു. പലരും ഇബ്രാഹിമനോടൊപ്പം സെല്‍ഫിയെടുക്കാനും സമയം കണ്ടെത്തി.

'ഇതുകൊണ്ടൊന്നും തീരുന്നില്ല ഇബ്രായി': നടന്‍ ജോയ് മാത്യുവിന്റെ അനുഭവക്കുറിപ്പുകളായ 'പൂനാരങ്ങ'യില്‍ ജ്വലിച്ച് നിന്ന് എരിയാല്‍ സ്വദേശി ഇബ്രാഹിം തവക്കല്‍

Keywords: kasaragod, Kerala, Film, Actor, Sharjah, Book, journalists, Joy Mathyu on Ibrahim Thavakkal in his book, Joy Mathyu, Ibrahim Thavakkal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia