city-gold-ad-for-blogger

തൃക്കരിപ്പൂരില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/08/2016) തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ കുന്നച്ചേരിയില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച ശേഷം മൂന്നുലക്ഷത്തോളം രൂപയും എ ടി എം കാര്‍ഡും മറ്റു രേഖകളുമടങ്ങുന്ന ബാഗ് കൊള്ളയടിച്ചു. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ എടാട്ടുമ്മല്‍ - കുണിയന്‍ റോഡില്‍വെച്ചാണ് സംഭവം. പമ്പുടമയും റിട്ട. അധ്യാപകനുമായ കുണിയന്‍ പറമ്പത്തറ കുന്നച്ചേരിയിലെ കെ രാമകൃഷ്ണന്‍ മാസ്റ്ററാണ് അക്രമത്തിനും പിടിച്ചുപറിക്കും ഇരയായത്.

പമ്പ് അടച്ച് സ്‌കൂട്ടിയില്‍ കുണിയനിലെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ടതായിരുന്നു രാമകൃഷ്ണന്‍ മാസ്റ്റര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗസംഘം കെ എല്‍ 60 961 നമ്പര്‍ ആക്ടീവ സ്‌കൂട്ടര്‍ തടയുകയും രാമകൃഷ്ണന്‍ മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന മൂന്നുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പമ്പുടമയെ സംഘം മര്‍ദിച്ചവശനാക്കിയ ശേഷം ഇയാളുടെ സ്‌കൂട്ടറുംകൊണ്ട് രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ പരിസരവാസികളാണ് രാമകൃഷ്ണന്‍ മാസ്റ്ററെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.

വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് രാമകൃഷ്ണന്‍ മാസ്റ്ററുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തു. പണം തട്ടിയ സംഘത്തിലെ ഒരാളെ കണ്ടാലറിയാമെന്നാണ് രാമകൃഷ്ണന്‍ മാസ്റ്റര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പ്രതികള്‍ ബൈക്കിലാണ് എത്തിയത്. പ്രതികളെ പിടികൂടുന്നതിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ കവര്‍ച്ചചെയ്ത സ്‌കൂട്ടര്‍ ചെറുവത്തൂര്‍ കണ്ണാടിപാറയ്ക്കുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ പോളീടെക്‌നിക്കിന് സമീപം മാവേലി സ്റ്റോറിലേക്ക് പോവുകയായിരുന്ന ഭര്‍തൃമതിയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ രണ്ടംഗസംഘം സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാര്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയും മാലസഹിതം പോലീസിലേല്‍പിക്കുകയും ചെയ്തിരുന്നു. രാമകൃഷ്ണന്‍ മാസ്റ്ററുടെ പണം തട്ടിയ കേസിന്റെ അന്വേഷണം നീലേശ്വരം സി ഐ ഏറ്റെടുത്തു.
തൃക്കരിപ്പൂരില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു

Keywords:  Kasaragod, Kerala, Cash, Robbery, Trikaripur, Petrol Pump Owner, Scooter, ATM Card, Rs. 3 lakhs looted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia