സുന്ദരയുടെ മരണം: പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു
Jun 27, 2016, 14:06 IST
ബദിയടുക്ക: (www.kasargodvartha.com 27/06/2016) പെര്‍ള ബജ കൂഡ്‌ലുവിലെ സുന്ദര (44)യുടെ മരണം അസ്വാഭാവികമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയാണ് തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സുന്ദരയുടെ മൃതദേഹം വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സുന്ദര വീട്ടില്‍ നിന്നിറങ്ങിയത്. ഇയാള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണതായിരിക്കുമെന്ന സംശയമാണ് ആദ്യം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ വൈദ്യുതാഘാതമേറ്റാണ് സുന്ദര മരിച്ചതെന്നും വെള്ളത്തില്‍ മുങ്ങിയില്ലെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസിയായ വാമനനായക് പന്നികളുടെയും മറ്റും ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച വൈദ്യുതകമ്പിയില്‍ തട്ടി സുന്ദര ഷോക്കേറ്റ് മരിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സുന്ദര മരിച്ചുകിടക്കുന്നതുകണ്ട വാമനനായക് മൃതദേഹം കിണറ്റിലെറിയുകയായിരുന്നു. വാമനനായകിനെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Badiyadukka, Death, Case, Police, Kasaragod, Kerala, Sundara's death: Police surgeon visits spot







